സർഗവേദി റീഡേർസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എം ആർ പ്രദീപ് സാറിൻ്റെ വീട്ടുമുറ്റത്ത് വെച്ച് നടന്ന “ഷൗക്കത്തിനൊപ്പം ഒരു സായാഹ്നം” എന്ന വീട്ടുമുറ്റ ചർച്ചയിൽ പങ്കെടുത്തു.
ഈ പരിപാടിയിൽ പങ്കെടുത്തില്ലായിരുന്നുവെങ്കിൽ എനിക്കൊരു നഷ്ടബോധവും തോന്നില്ലായിരുന്നു. കാരണം ഇതിൽ പങ്കെടുത്തവർക്ക് മാത്രമേ ഇതിന്റെ മൂല്യം മനസിലാവുകയുള്ളു.
ഷൗക്കത്തിന്റെ ഓരോ വാക്കും ഓരോ പണത്തൂക്കം ഉള്ളതായിരുന്നു. കേട്ടറിഞ്ഞവർക്ക് ഇത് ഒരു പ്രഭാഷണം മാത്രമായിരിക്കും. എന്നാൽ പങ്കെടുത്തവർക്ക് ഇത് ഒരു അനുഭവമായിരുന്നു.
ജീവിതത്തിൽ പകർത്താൻ പറ്റുന്ന നിരവധി ചിന്തകൾ അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ടായിരുന്നു.
മറ്റുള്ളവരെ ക്ഷമാപൂർവം കേൾക്കേണ്ടതിന്റെ പ്രാധാന്യം, വീടുകളിലെ ജനാധിപത്യം, കുട്ടികളെ കേൾക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത, ദേഷ്യത്തെ നിയന്ത്രിക്കുന്നതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഹൃദയസ്പർശിയായ ഭാഷണം.
ശ്രീ നാരായണ ഗുരു മുതൽ നിത്യ ചൈതന്യ യതി വരെ അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഒരു വടവൃക്ഷത്തിന്റെ തണലിൽ ഇരുന്ന അനുഭവം പോലെ.
ഷൗക്കത്ത് ഗുരുവേ നന്ദി, നമസ്കാരം.
പത്തു മുപ്പത്തഞ്ചുവർഷം മുമ്പ് സഹപ്രവർത്തകനിൽ നിന്നും വാങ്ങി വായിച്ചിരുന്ന കലാകൗമുതിയിലൂടെയാണ് ഗുരു നിത്യചൈതന്യ യതിയെ അറിയാൻ തുടങ്ങിയത്. പിന്നീട് കുറെ കാലം അതൊരു ശീലവും അത്ഭുതവുമായി തുടർന്നു.
കുടുംബത്തിലും ചുറ്റുപാടുകളിലും ഇത്തരം സ്ത്രീ വായനകൾ കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന തിരിച്ചറിവ് ശീലം കുറച്ചു. മാതൃഭൂമി പത്രത്തിലെ വായന തുടർന്നു. പക്ഷെ തൊഴിലിടത്തിൽ കുട്ടികളുടെയടുത്ത് ആ വായന ഏറെ ഗുണം ചെയ്തിരുന്നു.
വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും – പ്രൈമറി ടീച്ചറായിരുന്നിട്ടും കൂടി – ഇന്നും ശിഷ്യഗണങ്ങളുടെയടുത്തു നിന്നും അത് അനുഭവിക്കുമ്പോൾ അന്നത്തെ വായനയെ സ്മരിക്കാറുണ്ട്.
കൊറോണക്കാലം മുതലിങ്ങോട്ട് ചില സഹപാഠികൾ അയച്ചു തരുന്ന നവമാധ്യമ സന്ദേശങ്ങൾ വഴിയാണ് ഷൗക്കത്തിനെ അറിയാൻ തുടങ്ങിയത്. യതിയെക്കുറിച്ചുള്ള മുൻ വായന അതിനു ശക്തി പകർന്നു.
ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറത്തിലെ വീട്ടുമുറ്റസദസ്സിൽ അദ്ദേഹം അതിഥിയായെത്തുന്നുവെന്നറിഞ്ഞപ്പോൾ സന്തോഷത്തിലുപരി ആകാംക്ഷയായിരുന്നു. ഒന്നുരണ്ടു മണിക്കൂറുകൾ കഴിഞ്ഞുപോയതറിഞ്ഞില്ല.
പറഞ്ഞത് കൂടുതലും കുട്ടികളെ കുറിച്ചായിരുന്നു. തൈച്ചെടികൾ പുഴുക്കുത്തേൽക്കാതെ വളർന്നാലെ പ്രകൃതിയുടെ ഹരിത മേഖല പുഷ്ടിപ്പെടൂ – പ്രപഞ്ചം ശക്തിപ്പെടൂ – എന്ന തിരിച്ചറിവായിരുന്നു പറഞ്ഞു വെച്ചത്.
വൈവിധ്യങ്ങളുടെ സർഗസംഗമത്തിന് കളമൊരുക്കിയ ആലക്കോട് സർഗവേദിയുടെ ഒരിലയായ് തളിർക്കാൻ കഴിഞ്ഞതിലുള്ള ധന്യത നിസ്സീമമാണ്.
❤️🙏🏻