06-04-2025🌿
പച്ചതുരുത്തിലെ ഒരു റീഡേഴ്‌സ് ഫോറം ദിനം ☘️☘️☘️☘️
ജീവിതത്തിലെ വളരെ വളരെ മനോഹരമായ ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ. വെളുപ്പിന് നാലുമണിക്ക് അലാറം വെച്ചാണ് കിടന്നതെങ്കിലും 3:30 നു മുമ്പേ ഉണർന്നു അലാറത്തിനു കാതോർത്തു കിടന്നു. അലാറം അടിച്ചതും പതിവ് ആലസ്യമോ അലസതയോ ഇല്ലാതെ എഴുന്നേറ്റു പോയി അടുക്കള കതക് തുറന്നു. പെട്ടെന്ന് സഹതാമസക്കാരിയായ ലാറകുട്ടിയുടെ കുസൃതി കുടുക്കകളായ നങ്ങേലിയും ഷേരുവും സംഗീതാത്‍മകമായ കരച്ചിലോടെ എന്റെ കാലിലോട്ട് ചാടി വീണു. വളരെ സ്നേഹത്തോടെ മുട്ടി ഉരുമ്മി കൊഞ്ചി കൊഞ്ചി അമ്മേ... വേഗം വല്ലതും തായോ എന്ന് പറയാൻ തുടങ്ങി. ഞാൻ അവരുടെ തീറ്റ എടുത്തു വരുമ്പോഴേക്കും സ്നേഹവും സംഗീതാത്‍മകവും മെല്ലെ മെല്ലെ പരിഭവമായി... രോഷമായി... അതിന്റെ പീക്കിൽ പ്രതിഷേധ സൂചകമായി ഷേരു കാലിൽ ചെറുതായിട്ട് കടിക്കാൻ തുടങ്ങി. പിന്നെ ഒട്ടും അമാന്തിക്കാതെ അവർക്കു കഴിക്കാൻ കൊടുക്കാൻ ഗ്രിൽ തുറന്നതും അപ്പുവും ഓടി വന്നു. ലാറയെ കണ്ടില്ല. ഒരാളും കൂടി ഉണ്ടായിരുന്നു. ലാറയുടെ മൂത്ത കുട്ടി ഡയാന. മഞ്ഞു പോലെ ഒരു പെൺ കുട്ടി🥰 രണ്ടു ദിവസമായിട്ട് അവളെ കാണുന്നില്ല. അതിന്റെ വിഷമത്തിലാണ് കണ്ണൻ...😢എന്ത് ചെയ്യും😟
രണ്ടു മൂന്നു പിള്ളേരുടെ തള്ള ആണെങ്കിലും ലാറ ഭാഗ്യവതി ആണ്...😏ആകാശത്തിലെ പറവകളെ പ്പോലെ അവൾ വിതയ്ക്കുന്നില്ല.. കൊയ്യുന്നില്ല... എങ്കിലും സമയാസമയത്തിന് ഭക്ഷണം തഞ്ചവും തരവും നോക്കി ക്യൂട്ട് നെസ്സ് വാരി വിതറി സെറ്റിയിലും കട്ടിലിലും പല പല സ്റ്റൈലിൽ അധികാരഭാവത്തോടെ ഉറങ്ങാം....😍 പാവം കുട്ടി ആയതു കൊണ്ട് എഴുന്നേൽപ്പിച്ചു വിടാനും തോന്നാറില്ല....
പച്ചത്തുരുത്തും🐈യുമായി എന്ത് ബന്ധം എന്ന് ആരെങ്കിലും ഓർത്തെങ്കിൽ കുറ്റം പറയാൻ ഇല്ല. എന്റെ സഹകുടുംബത്തെ കുറിച്ച് ഒന്ന് സൂചിപ്പിച്ചെന്നെ ഉള്ളു...😃 അങ്ങനെ അവരെ സെറ്റാക്കിയിട്ട് ഞങ്ങൾക്കുള്ള പ്രാതലും ഉച്ചയൂണും തയ്യാറാക്കി... മോനെ ക്ലാസ്സിനു വിട്ടു... ഏഴുമണി ആയപ്പോൾ സഹദേവൻ മാഷെ വിളിച്ച് പച്ചതുരുത്തിലേക്ക് പോകുന്ന സമയം ഉറപ്പു വരുത്തി. അതിനു മുൻപ് പരമാവധി ജോലികളൊക്കെ സമയബന്ധിതമായി തീർത്തു... വീട്ടുകാരോടൊക്കെ എന്നുമില്ലാത്ത സ്നേഹം തോന്നി 😂... ഉമ്മറത്തിരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന "സ്നേഹ നിധി" യായ ഭർത്താവിന് ക്യൂട്ട്നെസ്സ് വാരി വിതറി ഹൃദയത്തിൽ നിന്ന് ഒരു പുഞ്ചിരി സമ്മാനിച്ച് റ്റാറ്റാ.. ബൈ ബൈ... പറഞ്ഞു 8:55 നു വീട്ടിൽ നിന്ന് ഇറങ്ങി. സാധാരണ വഴിയിൽ കാണുന്ന എല്ലാവരോടും കലപില സംസാരിച്ചുപോകുന്ന ഞാൻ (അയൽക്കാരെ ആരെയും പുറത്ത് കണ്ടില്ലെങ്കിൽ അവരുടെ ചെടികളോടും, പട്ടിക്കുട്ടി യോടും എന്തിന് ഏറെ പറയണം ഇലക്ട്രിക് പോസ്റ്റിനെ പ്പോലും ഒഴിവാക്കാത്ത ഞാൻ അപ്പറും ഇപ്പറും നോക്കാതെ പഞ്ചായത്ത് കവലയിലേക്ക് ശടേന്ന് വച്ചു പിടിച്ചു. അപ്പോൾ ദാ വരുന്നു, സഹദേവൻ മാഷിന്റെ കാൾ. ഷീബ ഇറങ്ങുന്നതിനു മുൻപ് വിളിക്കാമെന്ന് വച്ചിട്ടാ യിരുന്നു... കുറച്ചു കഴിഞ്ഞു വന്നാൽ മതി എന്നു പറഞ്ഞു. അപ്പോൾ മാഷേ ഞാൻ KSEB യുടെ അടുത്ത് എത്തി, കൊഴപ്പമില്ല തിരിച്ചു പോയി കുറച്ചു കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു... 👍എന്നു ഞാനും. പിന്നെ തോന്നി തിരിച്ചു പോകണ്ട... അയൽക്കാരി ചേച്ചി വഴിയിൽ ഉണ്ട്. സമാധാനം പറയേണ്ടി വരും. രാവിലെ രണ്ടു കവിൾ പരദൂഷണം പറയുന്ന ഒരു മനസുഖം ഓർക്കാതിരുന്നില്ല.
പക്ഷെ പ്രലോഭനങ്ങൾക്കു പൊതുവെ വഴിപ്പെടാറില്ല😎 മാത്രമല്ല എന്നിലെ തള്ള വൈബ് 4th സ്റ്റേജ് സന്ദർഭോചിതമായി ഇടപെട്ടു. ഒരു നല്ല കാര്യത്തിന് ഇറങ്ങിയിട്ട് ശകുനപിഴ അല്ലേ🤔😃 അപ്പോൾ നേരെ മുന്നിൽ പാർട്ടി ഓഫീസിൽ ഇരുന്നു ഒരാൾ പത്രം വായിക്കുന്നു. അങ്ങോട്ട് കയറി ചെന്നു. പത്രത്തിൽ നിന്നും തല ഉയർത്തി അച്ഛന്റെ പ്രായം ഉള്ള അദ്ദേഹം എന്നോട് സംസാരിക്കാൻ തുടങ്ങി. ഇവിടെ വല്ല പരിപാടിയും ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല ഞാൻ കാര്യം പറഞ്ഞത് വളരെ അഭിമാനത്തോടെ ആയിരുന്നു💪 അങ്ങനെ ADMA മുതൽ തലേ ദിവസത്തെ കാറ്റും മഴയും വരെ ഞങ്ങളുടെ സംസാര വിഷയമായി🥰 സമയം 9:30 പ്രിയ ചേച്ചിയെ വിളിച്ചപ്പോൾ ആലക്കോട് ഫോഴ്സ് പുറപ്പെടാൻ റെഡിയായി എന്നറിഞ്ഞു വീണ്ടും മാഷിനെ വിളിച്ചു. ഇറങ്ങാൻ പറഞ്ഞതുകേട്ട് വേഗം നടന്നു വണ്ടിയിൽ കയറി. ജയശ്രീ ടീച്ചറും ശശി ചേട്ടനും ഉണ്ടായിരുന്നു. അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു വളരെ റിലാക്സിഡ് ആയി ഞങ്ങൾ കാർത്തികപുരത്തെത്തി.
സ്വർഗത്തെക്കാൾ സുന്ദരമായ സ്വപ്നം വിടരുന്ന പച്ചതുരുത്തിലേക്ക് ഞങ്ങൾ സന്തോഷത്തോടെ നടന്നു ചെന്നു . ഞങ്ങൾക്ക് മുൻപേ ആലക്കോട് ഫോഴ്സ് അവിടെ ലാൻഡ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരും ഉല്ലാസഭരിതരായിരുന്നു . പൊട്ടിച്ചിരിച്ചും കഥകൾ പറഞ്ഞു ഫോട്ടോ എടുത്തും മുളം കാടിന്റെ ഈണത്തിന് കാതോർത്തും നീർച്ചാലിലെ കല്ലേമുട്ടിയോട് കിന്നാരം പറഞ്ഞും ഞങ്ങൾ അവിടത്തെ പ്രശാന്തതയെ ആഘോഷിക്കാൻ തുടങ്ങി❤️
ഞങ്ങൾ എത്തുമ്പോഴേക്കും രജിസ്ട്രേഷനും അംഗത്വ ഫോറം പൂരിപ്പിക്കലും ആരംഭിച്ചിരുന്നു. അതിനിടയിൽ ഓരോരുത്തർ വന്നു കൊണ്ടിരിക്കുന്നു. വരുന്നവർ വരുന്നവർ കുശലങ്ങൾ പറഞ്ഞു തുരുത്തു നടന്നു കാണുന്നു. ഉദ്ഘാടനത്തിന് സമയമായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു. അപ്പോൾ സഹദേവൻ മാഷ് എല്ലാവർക്കും എഴുത്തുകാരുടെ പേര്/ കൃതി എഴുതിയ പച്ച മാവില വിതരണം ചെയ്തു.
ഉദ്‌ഘാടകൻ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രശേഖരൻ സാർ ഓരോരുത്തരും അവനവനിലേക്ക് മാത്രമായി ഒതുങ്ങിക്കൂടുന്ന ഇന്നത്തെ കാലത്തു (സാധാരണക്കാരുടെ ഭാഷ യിൽ പറഞ്ഞാൽ ഞാനും എന്റെ തട്ടാനും എന്റെ ഫോണും) നമ്മുടെ വേറിട്ട പ്രവർത്തനം എടുത്തു പറയേണ്ടതും മാതൃക ആക്കേണ്ടതും ആണെന്ന് അഭിപ്രായപ്പെട്ടു🙏 ഉദ്ഘാടനചടങ്ങ് കഴിഞ്ഞതോടെ അധ്യക്ഷൻ ഇന്നത്തെ പ്രധാന പരിപാടിയായ അംഗങ്ങളുടെ പരിചയപ്പെടുത്തൽ ചടങ്ങിനു നേതൃത്വം നൽകുന്നതിന് ശ്രീ കുളമാങ്കുഴി സാർ, യശോദ ടീച്ചർ, സന്തോഷ് സാർ തുടങ്ങിയവരെ ചുമതല പ്പെടുത്തി. മൂന്നു പേരും അവരവരുടെ രീതിയിൽ നന്നായിട്ട് ചെയ്തു. സന്തോഷ് സാറും ടീച്ചറും മറ്റ് എമർജൻസി ഉള്ളത് കൊണ്ട് പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയാത്തതിന്റ വിഷമം പങ്കു വച്ചു😭എങ്കിലും സന്തോഷ് സാർ ബി ഹരിനാരായണന്റെ കവിത വളരെ നന്നായി വായിച്ചവതരിപ്പിച്ചു. ഉച്ചാരണം, ശബ്ദഗാംഭീര്യം എന്നിവ കൊണ്ട് ഒരു പുനർവായന ആവശ്യമില്ലാത്ത വിധത്തിൽ ആശയം ഗ്രഹിക്കാൻ സാധിച്ചു. കലക്കി മാഷേ...👍👏💐
ചായകുടിക്കാൻ അറിയിപ്പ് വന്നു. അതോടൊപ്പം മാവില ഗുട്ടൻസ് സഹദേവൻ മാഷ് പുറത്തു വിട്ടു. എല്ലാവരും അവരവരുടെ pair നെ കണ്ടെത്തണം. അതിനായി എഴുത്തുകാരുടെ പേരും കൃതിയും ചേരുംപടി ചേർത്തു pair ആയി വന്നു പരിചയ പ്പെടുത്തണം. 😊what an idea!😇ചായകുടിയോടൊപ്പം അപ്നാ അപ്നാ Pair നെ കൂടി കണ്ടുവയ്ക്കാൻ പറഞ്ഞു. ചായയും ഇലയട യും കണ്ടപ്പോൾ ഉള്ളിൽ ഉല്ലാസപൂത്തിരി കത്തിയെങ്കിലും ക്ഷമയോടെ ഒരു കൈയിൽ അടയും മറുകൈയിൽ ചൂട് ചായയുമായി ഞാൻ ഓരോരുത്തരുമായി വീണ്ടും തള്ള് തുടങ്ങി😀(രാവിലെ തിരക്കിൽ പതിവു പോളിംഗ് നടത്താൻ കഴിയാത്തതിൽ വിഷണ്ണയായി വിമൂകയായി ഇരുന്നെങ്കിലുംഅതൊന്നും പുറത്തു കാണിച്ചില്ല)😂 ഇനി അല്പം ഫിലോസഫിആയാലോ?...😁ജീവിതത്തിന്റെ നൈരന്തര്യം സൃഷ്ടിക്കുന്ന മനം മടുപ്പിക്കുന്ന വിരസത യിൽ നിന്നും ഇതു പോലെ ചെറുതെങ്കിലും വ്യത്യസ്തവും മനോഹരവും ആയ ഇടവേള ആരാണ് ആഗ്രഹിക്കാത്തത് ?🤔
ഇതിനുമുൻപ് പലരെയും പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അപരിചിതത്വ ത്തിന്റെ മഞ്ഞുമലയും നേരിയ അപകർഷതാ ബോധത്തിന്റെ മൂടുപടവും എല്ലാവരോടും തുറന്നിടപെടുന്നതിനു തടസ്സം നിന്നിരുന്നു. വൈയിലുറയ്ക്കു ന്നതിന് മുന്പേ തന്നെ മഞ്ഞുമല അലിഞ്ഞലിഞ്ഞു നീർച്ചാലിൽ ലയിച്ചു ചേർന്നതും സുഖകരമായ ഇളങ്കാറ്റിൽ മൂടുപടം തെന്നിമാറിയതും ആരും അറിഞ്ഞതേ ഇല്ല 🥰
അങ്ങനെ നമ്മുടെ "മാവില pair" പരിചയപ്പെടൽ ആരംഭിച്ചു. ഇനിയാണ് രസം. ഞാൻ ഉൾപ്പെടെ ഒട്ടു മിക്ക അംഗങ്ങളും കരുതിയത് തങ്ങൾക്കു കിട്ടിയ മാവിലയിലെ എഴുത്തുകാരെ കുറിച്ചും കൃതികളെ കുറിച്ചും അവനവന്റെ പാ ണ്ഡിത്യം പ്രകടിപ്പിക്കേണ്ടി വരും എന്നാണ്😂 അതിനു വേണ്ടി ഗൂഗിളിൽ സെർച്ച് ചെയ്തു prepared ആയി ഇരുന്ന ചില ടീച്ചർ മാർ, പഠിപ്പി കുട്ടികൾ പരീക്ഷ ഹാളിൽ കേറുന്നതിനു തൊട്ടു മുമ്പുള്ള പുസ്തകം ഓടിച്ചു നോക്കുന്ന രംഗം ഓർമ്മിപ്പിച്ചു😀 ഉഴപ്പൻകുട്ടികൾ അറിഞ്ഞാൽ. ടീച്ചർക്ക് കിട്ടിയ പണിയോർത്തു അങ്ങനെ വേണമെന്ന് ആശ്വസിക്കും😂 പരിചയപ്പെടൽ വ്യത്യസ്തതയോടെ മുന്നേറി. ഒരു കൂട്ടർ മുമ്പ് പറഞ്ഞു ഉറപ്പിച്ച deal പ്രകാരം പരസ്പരം വാനോളം പുകഴ്ത്തി. ചിലർ ന്യൂട്രലിൽ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി. മറ്റു ചിലർ വളച്ചു കെട്ടില്ലാതെ കാര്യം മാത്രം പറഞ്ഞു. സഭാകമ്പക്കാർ അടുത്ത ആളിന് മുഴുവൻ പണിയും കൊടുത്ത് തടിതപ്പി😁 അതുമല്ല ചിലർ അയൽക്കാരനായ ഹോട്ടൽ ഉടമയുടെ പോപ്പുലർ ഐറ്റത്തിനു പബ്ലിസിറ്റി കൊടുത്ത് മാർക്കറ്റിംഗ് കൂട്ടുവാനും advertisement ചാർജ് കുറക്കാനുമുള്ള ടൂൾ ആയുംകിട്ടിയ അവസരത്തെ മുതലാക്കി. (പ്രതിഫലം എന്താണോ ആവോ? ഫ്രീ ഫുഡ് ആണോ... 😂🤔) എന്തേലും ആവട്ടെ😀. അതാ, അവിവാഹിതരായ യുവജനങ്ങൾ വളരെ നൈസായിട്ട് മാട്രിമോണിയൽ പരസ്യത്തിനുള്ള അവസരമായും ഉപയോഗിച്ചു പരിപാടി ഗംഭീരമാക്കി. ഇതൊന്നുമല്ലാതെ ഭാവസാന്ദ്രമായ കവിതാആലാപനത്താൽ ജോയ് സാറും രമേശൻ മാഷും എല്ലാവരെയും ആർദ്ര മാക്കി. പരീചയപ്പെടൽ അങ്ങനെ പൂർണ്ണ മായി❤️
ഒരുപാടാളുകളെ അറിയാം. പക്ഷേ ബന്ധങ്ങൾ പലതും അനാവരണം ചെയ്തത് ഇന്നീ പച്ചത്തുരുത്തിൽ...
കേട്ടറിവുള്ള ചിലരെയൊക്കെ നേരിൽ കാണാൻ കഴിഞ്ഞതും ഈ പച്ചത്തുരുത്തിൽ വച്ചു തന്നെ...
എല്ലാം കൊണ്ടും മനോഹരമായ ഒരു കൂടിച്ചേരൽ...
സഹുമാഷിൻ്റെ "മാവില" പെയർ കണ്ടെത്തൽ ഒരു സാഹിത്യ കൂട്ടായ്മക്ക് ഉചിതവും രസകരവും ആയി. പച്ചത്തുരുത്തിലെ പച്ച മേലാപ്പിനെ തുരന്ന് താഴേക്കു വന്ന സൂര്യരശ്മികൾ കഠിനതരമായിരുന്നെങ്കിലും മുളങ്കാടിൻ്റെ ലോലമായ പച്ചിലകൾ നമ്മെ സംരക്ഷിച്ചു. പ്രശ്‌നോത്തരിയും പാട്ടിൻ്റെ വഴിയും ഓർമശക്തിയും സംഗീതാസ്വാദന ശേഷിയുള്ളവരെയും കണ്ടെത്തിയപ്പോൾ കുളമാങ്കുഴിയേടത്തിൻ്റെ കൂർമബുദ്ധി (നിമിഷ ബുദ്ധി)പരിശോധന രസകരവും നർമപ്രധാനവുമായി. ചൂടുള്ള അടയും ചായയും ക്ഷീണിതരെ ഉന്മേഷമുള്ളവരാക്കി. അല്പസ്വല്പം വിശപ്പ് സഹിക്കേണ്ടി വന്നാലും പൊരിച്ച മുഴു അയിലയോടൊപ്പമുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഗംഭീരമായി. അരങ്ങൊഴിയും വരെ പൂർണമായും നിൽക്കാൻ പറ്റാത്തതിൽ അല്പം വിഷമത്തോടെ പച്ചത്തുരുത്തിനോടും സൗഹൃദങ്ങളോടും വിട പറഞ്ഞു. ഓർമയിൽ തങ്ങാൻ ഒരു ദിവസം സമ്മാനിച്ച റീഡേഴ്സ് ഫോറത്തിന് സ്നേഹത്തിൽ നിന്നൊരായിരം നന്ദി...
തീർച്ചയായും നല്ലൊരു അനുഭവം ആയിരുന്നു റീഡേഴ്സ് ഫോറം അംഗങ്ങളുടെ പച്ചത്തുരുത്തിലെ ഒത്തുചേരൽ എന്നതിൽ യാതൊരു സംശയവും ഇല്ല. സംഘാടകർ പങ്കാളികൾ എന്നൊന്നും വ്യത്യാസം ഇല്ലാതെ നാമ്മെല്ലാം ഒരുമ്മിച്ചു ചേർന്ന് ഏറെ സന്തോഷത്തോടെ ഒരു സംഗമം വിജയിപ്പിച്ചു എന്നത് അഭിമാനാർഹം ആണ്. നമ്മുക്ക് പരസ്പരം അഭിനന്ദിക്കാം.
നമ്മുടെ ഈ സംഗമത്തിനായി പച്ചത്തുരുത്ത് സജസ്റ്റ് ചെയ്തവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
അവിടുത്തെ മുളങ്കാടുകൾ പകർന്ന ഊർജം ചെറുതല്ല.
വളരെ ചെറിയ സമയം കൊണ്ട് നടത്തിയ ഉദ്ഘാടനവും മനോഹരമായി. രാഷ്ട്രീയ ശൈലിയുടെ മടുപ്പിക്കൽ ഇല്ലാതെ മനോഹരമായി സംസാരിക്കുന്ന ജനപ്രതിനിധികൾ എന്ത് കൊണ്ടും ഉദയഗിരി പഞ്ചായത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.
ഉദ്ഘാടന ശേഷം ഏറെ ജൈവികമായി നാം നമ്മുടെ പരിചയപ്പെടലുകൾ നടത്തി.
മാവില പെയറിങ്ങ് നന്നായി, അത് മാത്രമല്ല മൊത്തത്തിൽ സഹദേവൻ്റെ മാഷിൻ്റെ കോഡിനേഷൻ എടുത്ത് പറയേണ്ടതാണ്.
പരിചയപെടലിനിടയിലെ ചായയും ഇലയടയും കബിളി നാരങ്ങയും ഒക്കെ ആസ്വാദ്യമായി തീർന്നു.
ചെറു തമാശകളൊക്കെയായി ഓരോ പെയറും എത്ര മനോഹരമായി ആണ് പരിചയപെടൽ പൂർത്തിയാക്കിയത്.
പിന്നെ നടന്ന ഗാനാലാപനങ്ങളും സക്കറിയാസ് ചേട്ടൻ, പ്രസാദ് മാഷ്, സഹദേവൻ മാഷ് എന്നിവർ നടത്തിയ മത്സര പരിപാടികളും ഒക്കെ സംഗമത്തിന് ഉണർവ് പകർന്നു.
നല്ല സ്റ്റെലൻ അയല പൊരിച്ചതും കൂട്ടി ഉഗ്രൻ ഊണും കഴിച്ചപ്പോ വയറും മനസ്സും നിറഞ്ഞു.
ഈ പരിപാടിയെ ഇത്ര വിജയമാക്കിയതിന് പിന്നിൽ പലരുടെയും കഠിനാധ്വാനം ഉണ്ട്.
ഏവർക്കും ഏവർക്കും സ്നേഹം നേരുന്നു.
നമ്മൾ പച്ച തുരുത്തിൽ തീർത്ത സ്നേഹ തുരുത്ത് എന്നും നില നിൽക്കട്ടെ...🥰🥰🥰🥰
ആദ്യമായാണ് പച്ചതുരുത്തിലെത്തിയത്. പ്രതീക്ഷിച്ചതിനേക്കാൾ ശാന്തവും സ്വസ്ഥവുമായ ഒരിടം. അവിടെ ഇന്നത്തെ കൂട്ടായ്മ സംഘടിപ്പിച്ചത് എന്തുകൊണ്ടും നല്ല അനുഭവമായി. ഗ്രൂപ്പിൽ പേരുകൾ കണ്ടിരുന്നുവെങ്കിലും പലരെയും പരിചയപ്പെടാൻ സാധിച്ചതാണ് ഏറ്റവും വലിയ കാര്യം. (പൊതുവേ ഞാൻ പേര് പഠിക്കാൻ പിറകിലോട്ടാണ്. ഇനി എപ്പോഴെങ്കിലും കണ്ടാലും പേരു മറന്നുപോയെങ്കിൽ ക്ഷമിക്കുമല്ലോ 🙏🏻). ഇത്തരം കൂട്ടായ കൂടിച്ചേരലുകൾ അംഗങ്ങൾക്കിടയിൽ ഒരു ഇഴയടുപ്പം ഉണ്ടാക്കും എന്നതിൽ സംശയമില്ല. പുസ്തകങ്ങളും എഴുത്തുകാരും ഇലയിൽ എഴുതി ചേർത്തുവെച്ച് ഒന്നായി വന്നു പരിചയപ്പെടുത്തിയ ജോഡികൾ (നേതൃത്വം നൽകിയ സഹദേവൻ മാഷേ പ്രത്യേകം അഭിനന്ദിക്കുന്നു😎). നന്നായി പരസ്പരം പരിചയപ്പെടുത്തി. ഇത്തരം പരിപാടികൾ തുടർന്നും മുന്നോട്ടുപോകേണ്ടതാണ്. വീട്ടുമുറ്റ ചർച്ചയിൽ സാഹിത്യകാരന്മാർ നമ്മുടെ വീട്ടുമുറ്റത്തേക്ക് വന്നതുപോലെ. റീഡേഴ്സ് ഫോറം... ഒരു ദിവസത്തെ യാത്രയിലൂടെ ഒരു സാഹിത്യകാരന്റെ നാട്ടിലേക്ക്, വീട്ടിലേക്ക് എത്തിച്ചേർന്ന് ചർച്ച സംഘടിപ്പിക്കുന്ന രീതിയിൽ ഒരു ദിവസത്തെ ഒരു ടൂർ ഒന്നാലോചിക്കാവുന്നതാണ് എന്ന് തോന്നുന്നു. രുചികരമായ അടയും ആറ്റി കുടിക്കാവുന്ന ചൂട് ചായയും. നാടൻ ഊണ് കൂടിച്ചേർന്നപ്പോൾ പരിപാടികൾ ഗംഭീരമായി. സംഘാടകർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
റീഡേഴ്സ് ഫോറത്തിന്റെ ഇന്നത്തെ ഒത്തുചേരൽ യഥാർത്ഥത്തിൽ പ്രതിഭാ സംഗമം തന്നെയായിരുന്നു. പരിചയപ്പെടലും പാട്ടും പറച്ചിലുമായി സമയം മറന്ന് ഒരു ദിവസം. ഗ്രൂപ്പിലെ സർഗ്ഗ സൃഷ്ടികളുടെ സൃഷ്ടാക്കളെയൊക്കെ നേരിൽ കാണാൻ കഴിഞ്ഞതിലും എല്ലാവരോടുംസൗഹൃദം പങ്കുവെക്കാനും പുതുമുഖങ്ങളെ പരിചയപ്പെടാൻ ആയതിലും നിറഞ്ഞ സന്തോഷം. പിന്നണി പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും പങ്കെടുത്ത എല്ലാവർക്കും ഒപ്പം മികവോടെ സംഘാടനം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
നമ്മുടെ എല്ലാ പരിപാടികൾക്കും സംഘാടനം ചെയ്യുന്ന ആൾക്കാരുടെ ബുദ്ധിമുട്ട് ചില്ലറ ഒന്നുമല്ല, ഒരു കുറവും ഇല്ലാതെ എല്ലാവരെയും പൂർണ്ണ തൃപ്തിയോടെ പരിഗണിക്കുകയും, വേദിയും, സദസ്സും വ്യത്യാസം ഇല്ലാതെ എല്ലാവരെയും തുല്യ പ്രാധാന്യത്തോടെ ഉൾക്കൊള്ളുകയും, പ്രകൃതി സൗന്ദര്യം പച്ച തുരുത്തിൽ നിന്നും ആവോളം ആസ്വദിക്കാൻ കഴിഞ്ഞതും, ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ കഴിയുന്നതും, ഈ സംഘാടകരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലമാണ്, ഇത്തരം കൂടിച്ചേരലുകൾ നമ്മുടെ റീഡേഴ്സ് ഫോറം പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകുക തന്നെ ചെയ്യും.
ഇന്നലെത്തെ നമ്മുടെ ഒത്തുചേരൽ വളരെയധികം സന്തോഷം തോന്നിയതായിരുന്നു. പ്രകൃതിയോട് ഒത്തുചേർന്ന് പുഴയോരത്തു പച്ചത്തുരുത്തിലുള്ള... ഇല്ലിമുളംകാട്ടിൽ എല്ലാവരും കൂടി..ലല്ല..ല.ലം.. പാടിയും സ്വാദിഷ്ടമായ ഇലയടയും, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും (വലിയ അയല പൊരിച്ചതും) കഴിച്ച് മുളങ്കാട്ടിനുള്ളിനുള്ളിലൂ നോക്കുന്ന സൂര്യകിരങ്ങൾ (ഫോട്ടോയി ൽ) മനോഹാരിത വർദ്ധിപ്പിക്കുന്നു. മറെറാന്ന് ഈ പച്ചത്തുരുത്തിന് നേതൃത്വം നല്കിയത് പ്രദീപ് സാറാണ് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു!... മാഷേ...അഭിനന്ദനങ്ങൾ. പ്രദീപ് മാഷ് സൂചിപ്പിച്ചതു പോലെ പരിപാടികൾ കഴിഞ്ഞു നമ്മൾ കസേരയും മറ്റ് സാധനങ്ങളും കൂടി മുകളിലേക്ക് എത്തിക്കേണ്ടതായിരുന്നു... കുറച്ചു ചേർ മാത്രം കഷ്പ്പെട്ടു പോയി... ഇനി ഇങ്ങനെ... വരാതെ നമുക്ക് നോക്കാം അല്ലേ.
പച്ചത്തുരുത്തിലേക്ക് വരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. എനിക്ക് അത്ര ഇഷ്ടമായി ആ സ്ഥലം.
പണ്ട് കോളേജിൽ പഠിക്കുമ്പം മണക്കടവിൽ നിന്ന് വരുന്ന ഒരു കൂട്ടുകാരി നല്ല കവിതകൾ എഴുതുമായിരുന്നു. മട്ടന്നൂർ ഭാഗത്ത് നിന്നുവരുന്ന മാഷ് ഒരിക്കൽ ഈ കവിത വായിച്ച് മണക്കടവിൻ്റെ 'സിനിക്, ബ്യൂട്ടിയിൽ പിറന്ന നിനക്കിങ്ങനെ എഴുതാതിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. പിന്നീട് അവളുടെ കൂടെ ഞാൻ മണക്കടവ് കാണാൻ പോയി പുഴകടന്ന് അക്കരെ ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ ചുറ്റിനും മലകൾ, നടുക്കു കുറച്ചു ഭാഗം ഒഴിച്ചിട്ടിരിക്കുന്നു. അവിടെ ഞാൻ... വല്ലാത്ത ഒരു കാഴ്ചയായിരുന്നു.
അതേ സന്തോഷവും അത്ഭുതവുമാണിന്നലെയും തോന്നിയത്.
സംഘാടകർക്കൊക്കെ പെരുത്തു നന്ദി.🙏
പച്ചത്തുരുത്താക്കാൻ പ്രവർത്തിച്ച വീര പുരുഷാ അഭിനന്ദനം.
പച്ചത്തുരുത്തിലേക്കുള്ള യാത്രകൾ ഇനിയുമുണ്ടാവണമെന്നൊരാഗ്രഹവും കൂടി അറിയിക്കുന്നു.😊😊
പച്ചത്തുരുത്തിലെ സംഗമം
അതിസുന്ദരം അതിസുന്ദരം
പെയറുള്ളവരും ഇല്ലാത്തവരും
പെയറിട്ടേച്ചു പോയവരും
പെയറില്ലാത്തൊരു ഡ്രാക്കുളയും
ഒത്തുചേർന്നൊരു സംഗമം
റീഡേഴ്സ് ഫോറത്തിൻ സംഗമം
മുളങ്കാടിൻ്റെ ശില്പിയും
മുളകൾ നട്ടു നനച്ചവരും
ലാൻഡ് ലോഡ് അങ്കിളും
ദോസ്തുക്കളും
ഒന്നിച്ചു ചേർന്നൊരു സംഗമം
സമ്മാനങ്ങൾ കിട്ടിയവരും
ഷേക് ഹാൻഡ് മാത്രം കിട്ടിയവരും
ഇവയൊന്നും തന്നെ കിട്ടാത്തവരും
ഒത്തുചേർന്നൊരു സംഗമം
റീഡേഴ്സ് ഫോറത്തിൻ സംഗമം
പച്ചത്തുരുത്തിലെ സംഗമം
അതിസുന്ദരം അതിസുന്ദരം
പച്ചത്തുരുത്തിലെ സംഗമം വളരെ മനോഹരമായിരുന്നു.
സകുടുംബം വരാനിരുന്നതല്ല.
പുകസയുടെ മീറ്റിംഗിനിടെ തുരുത്തിൻ്റെ ഫോട്ടോയും വീഡിയോയും കണ്ട ശേഷം ഭാര്യ ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ച് പ്രദീപിൻ്റെ അനുവാദത്തോടെ കൂട്ടിയതാണ്.
ആ വീഡിയോ പല ഗ്രൂപ്പുകളിലും ഇട്ടിരുന്നു.
ഇനിയും പലരും വരാൻ താൽപ്പര്യപ്പെടുന്നുണ്ട്.
ഏതായാലും നമ്മുടെ സംഗമം അവിടെ ചേർന്നത് വളരെ സന്തോഷദായകമായി.
ഇതുപോലെ മഞ്ഞുമലയിലും സംഗമം നടത്തിയാൽ നന്നായിരിക്കും.
അംഗങ്ങൾക്ക് പുതിയൊരു അനുഭവവുമാകും
06-04-2025 ന് പച്ചതുരുത്തിൽ വച്ചു നടത്തിയ അംഗങ്ങളുടെ ഒത്തുചേരൽ നല്ലൊരു അനുഭവം ആയിരുന്നു. പ്രകൃതിയോട് ചേർന്നുള്ള എല്ലാ കാര്യങ്ങളും മനസ്സിന് ഉണർവ് നൽകുന്നതാണ്. അത് പുഴയായാലും മല ആയാലും ഇത്തരത്തിൽ ഉള്ള പച്ച തുരുത്തുകൾ ആയാലും ഏറെ ആനന്ദം നൽകുന്നതാണ്. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വെറുതെ പോയിരുന്നാലും മനസ്സിനും ശരീരത്തിനും ഒത്തിരി ഉന്മേഷം കിട്ടാറുണ്ട്. ഔപചാരികത ഒന്നുമില്ലാതെയുള്ള പരിപാടികളും നമ്മളുടെ പരിപാടിക്ക് മാറ്റ് കൂട്ടി എന്ന് തന്നെ പറയാം.
ചെറുപ്പത്തിൽ അവധിക്ക് കൂട്ടുകാരുമായി ചേർന്ന് വീടിന് അടുത്തുള്ള മലകളും കാടുകളും കയറിയിറങ്ങുമായിരുന്നു. പുഴകളുടെ തുടക്കം കാണാൻ വേണ്ടിയും ഒത്തിരി നടന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് നടത്തിയ യാത്രകളുടെ ചെറിയ ഒരു ഓർമപ്പെടുത്തൽ അന്നത്തെ ഒത്തുചേരലിൽ കാണാൻ കഴിഞ്ഞു.
കാടും പുഴയും മലകളും ഇന്നും വലിയ ദൗർബല്ല്യങ്ങൾ തന്നെ.
പഴയ കാലത്തിന്റെ ഓര്മപ്പെടുത്തലുകൾക്ക് ഒത്തിരി നന്ദി