Author: വി. മുസഫർ അഹമ്മദ്
Review by: ആൽബിൻ ജോർജ്
വി. മുസഫർ അഹമ്മദിൻ്റെ 'ബാൾക്കൻ മുറിവുകൾ' എന്ന യാത്രാ വിവരണം വായന പൂർത്തിയാക്കി. സംസ്‌കാരത്തിൻ്റെ കളിത്തൊട്ടിൽ എന്ന് അറിയപ്പെടുന്ന ഗ്രീസിലേക്കും അതിനടുത്ത സ്ഥലമായ ക്രൊയേഷ്യയിലേക്കും ഉള്ള മുസഫർ അഹമ്മദിൻ്റെ യാത്ര വിവരണം കാഴ്ചകളുടെ സമകാലികതയെയും കാണുന്ന ഓരോ കാഴ്ചകൾക്ക് പിറകിലും ഉള്ള ചരിത്ര യാഥാർത്ഥ്യങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. ഗ്രീക്ക് എന്നത് ചരിത്രത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ഭൂമിക എന്നതിനൊപ്പം മലയാളികൾക്ക് പ്രിയപ്പെട്ട കസാൻദ്സാക്കീസിൻ്റെ നാട് കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ഭാഗമായ സ്ഥലങ്ങളും അദ്ദേഹത്തിൻ്റെ സിമിത്തേരിയും എല്ലാം ഈ യാത്രാ വിവരണത്തിൻ്റെ ഭാഗം ആവുന്നു.
ചരിത്രം, സംസ്‌കാരം, സാഹിത്യം, തത്ത്വചിന്ത എന്നിങ്ങനെ താൻ യാത്ര ചെയ്ത ദേശത്തിൻ്റെ എല്ലാ മേഖലകളെയും ഒപ്പം മനുഷ്യ ജീവിതത്തിൻ്റെ വൈവിധ്യങ്ങളെയും വി. മുസഫർ അഹമ്മദ് സവിശേഷമായ ഭാഷയിൽ ഈ കൃതിയിൽ അടയാളപ്പെടുത്തുന്നു.
അതുപോലെ സാമ്രാജ്യത്വവും യുദ്ധവും അധിനിവേശവും ഒക്കെ മായാത്ത മുറിവുകൾ ആയി ഒരു ജനതയിൽ/ദേശത്തിൽ നിലനിൽക്കും എന്ന് കൂടി ഈ കൃതി വായനക്കാരോട് സംസാരിക്കുന്നു.
എന്തുകൊണ്ടും വായനാക്ഷമമായ മികച്ച കൃതി എന്ന് നിസംശയം ബാൾക്കൻ മുറിവുകൾ എന്ന യാത്രാ വിവരണത്തെ പറയാം.
തികച്ചും അപ്രതീക്ഷിതമായി ഷുക്കൂർ പെടയങ്ങോടിനോട് വാങ്ങിയതാണ് ഈ പുസ്‌തകം.
ഷുക്കൂർക്കയ്ക്കും വാങ്ങിയ പുസ്‌തകം വായിച്ച് പൂർത്തിയാക്കാൻ പ്രേരണ ആയ റീഡേഴ്സ് ഫോറം വായന ചലഞ്ചിനും നന്ദി.