📖 ഹോർഹെ ലൂയിസ് ബോർഹസ് (Jorge Luis Borges)

Written By: രാജു ജോസഫ്

ഹോർഹെ ലൂയിസ് ബോർഹസ് (Jorge Luis Borges)

Written By: രാജു ജോസഫ്

Jorge Luis Borges

ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെ പുറം ലോകത്തിനു പരിചയപ്പെടുത്തിയ ആൾ എന്ന ബഹുമതി ബോർഹസിനു മാത്രം അവകാശപ്പെട്ടതാണ്. 1961 ൽ സാമുവൽ ബെക്കറ്റിനൊപ്പം ബോർഹസ് ഫോർമെൻറർ പുരസ്കാരം (പ്രസിദ്ധീകരിക്കപ്പെടാത്ത കൃതികൾക്ക് അന്തരാഷ്ട്ര പ്രസാധകരുടെ സംഘടന നൽകിയിരുന്ന പുരസ്കാരം) പങ്കുവെക്കുന്നതു വരെ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിനു വിശ്വസാഹിത്യത്തിൻറെ വൈജ്ഞാനിക മേഖലകളിൽ മാത്രമേ സാന്നിദ്ധ്യമുണ്ടായിരുന്നുള്ളു. ഫോർമെൻറർ പുരസ്കാരം ബോർഹസിനേയും ലാറ്റിൻ അമേരിക്കൻ സാഹിത്യത്തേയും ലോകമെമ്പടുമുള്ള വായനക്കാർക്കു പരിചയപ്പെടുത്തിക്കൊടുത്തു. ഒരു പക്ഷെ പിൽക്കാലത്ത് ലോകമെമ്പാടും ഓളങ്ങളുണ്ടാക്കിയ 'ലാറ്റിൻ അമേരിക്കൻ ബൂം' എന്ന സാഹിത്യ പ്രതിഭാസത്തിനു തുടക്കം കുറിച്ചത് ബോർഹസ് ആയിരുന്നു.

1899 ൽ അർജൻറീനയിലെ ബ്യൂണൊസ് ഐറിസിലാണ് ബോർഹസ് ജനിച്ചത്. 1986 ൽ ജനീവയിൽ അന്തരിച്ചു. 1955 ൽ തന്നെ അന്ധത അദ്ദേഹത്തെ പൂർണ്ണമായി ബാധിച്ചിരുന്നു. കവിത, കഥ, ഉപന്യാസം എന്നീ സാഹിത്യശാഖകളിൽ ബോർഹസ് നടത്തിയ സൃഷ്ടികൾ പിൽക്കാലത്ത് ഇരുപതാം നൂറ്റാണ്ടിലെ ക്ലാസ്സിക്കുകൾ ആയി പരിഗണിക്കപ്പെട്ടു. 1961 വരെ അർജൻറീനയിൽ പോലും അധികം അറിയപ്പെടാത്ത സാഹിത്യകാരനയിരുന്നു ബോർഹസ്. 1986 ൽ മരിക്കുന്ന സമയമായപ്പോഴേക്കും ലോകമെമ്പാടുമുള്ള വായനക്കാർ അദ്ദേഹത്തെ കാഫ്കക്കു തുല്യനായി കരുതാൻ തുടങ്ങിയിരുന്നു.

അർജൻറീനയിലെ തലമുറകളുടെ പരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ബോർഹസ് ജനിച്ചത്. അച്ഛൻറെ അമ്മ ബ്രിട്ടീഷ് ആയിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അവർ കൊച്ചു ബോർഹസിനെ മാതൃഭാഷയായ സ്പാനിഷിനു പഠിക്കുന്നതിനു മുൻപു തന്നെ ഇംഗ്ലിഷ് എഴുതാൻ പഠിപ്പിച്ചു. അദ്ദേഹത്തിൻറെ അച്ഛനു ബൃഹത്തായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. ശാരീരികമായി ദുർബലനായിരുന്ന ബോർഹസ് തൻറെ കുട്ടിക്കാലത്ത് അധിക സമയവും ചെലവഴിച്ചത് ഈ ലൈബ്രറിയിൽ ആയിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മാർക്ക് ട്വൈൻ, എഡ്ഗാർ അലൻ പോ, സെർവാൻറസ്, സ്റ്റീവൻസൺ തുടങ്ങിയവരുടെ കൃതികൾ ഇംഗ്ലിഷിൽ വയിച്ചിരുന്നു അദ്ദേഹം. വായനയോടൊപ്പം എഴുതാനും അച്ഛൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. പത്തു വയസ്സുള്ളപ്പോൾ ബോർഹസ് ഓസ്കാർ വൈൽഡിൻറെ 'ഹാപ്പി പ്രിൻസ്' സ്പാനിഷിലേക്കു പരിഭാഷപ്പെടുത്തി ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ചു. അച്ഛൻറെ ലൈബ്രറിയാണു തൻറെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവം എന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

1914 ൽ യുദ്ധത്തിനു തൊട്ടു മുൻപ് ബോർഹസ് കുടുംബം ജനീവയിലേക്കു പോയിരുന്നു. യുദ്ധം കഴിയുന്നതു വരെ അവർക്കവിടെ താമസിക്കേണ്ടിവന്നു. അവിടെ വെച്ച് ബോർഹസ് ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യം നേടി. പിൽക്കാലത്ത് സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ നാലു ഭാഷകളിൽ സൃഷ്ടികൾ നടത്തിയിരുന്നു അദ്ദേഹം.

1919 ൽ ജനീവയിൽ നിന്നും സ്പെയിനിലേക്കു പൊയ ബോർഹസ് അവിടെ 'അൾട്രായിസ്റ്റ്' പ്രസ്ഥാനത്തിലെ യുവ എഴുത്തുകാർക്കൊപ്പം ചേർന്നു. 1919 ൽ ആരംഭിച്ച് 1923 ആയപ്പൊഴേക്കും അവസാനിച്ച സ്പാനിഷ് കവിതാരചന രീതിയായിരുന്നു അൾട്രായിസം. ഈ പ്രസ്ഥാനത്തെ വേറിട്ടു നിർത്തിയത് അതിൻറെ ഫ്രീ വേഴ്സിനോടുള്ള (Free Verse) ആഭിമുഖ്യവും, സങ്കീർണ്ണമായ രചനാ പരീക്ഷണങ്ങളും, പ്രകോപനപരമായ ബിംബങ്ങളുടെ ഉപയോഗവും, പ്രതീകാത്മകതയും ആയിരുന്നു. കവിതകളെ ധിഷണാപരീക്ഷണങ്ങളാക്കി മാറ്റുന്ന നിർമ്മാണശൈലി ആയിരുന്നു അൾട്രായിസ്റ്റുകളുടേത്. എസ്രാ പൗണ്ടും ട്.എസ്. എലിയട്ടും മറ്റും ഈ രീതിയിൽ കവിതകൾ രചിച്ചെങ്കിലും 1923 ആയപ്പോഴെക്കും യൂറോപ്പിൽ ഈ പ്രസ്ഥാനത്തിൻറെ പ്രസക്തി ഇല്ലതെയായി.

ബോർഹസ് 1921 ൽ ലാറ്റിൻ അമേരിക്കയിൽ അൾട്രായിസം അവതരിപ്പിച്ചു. നെരൂദയെപ്പോലെ വിഖ്യാതരായ എഴുത്തുകാർ ഇത് ഏറ്റെടുക്കുകയും ചെയ്തു. യൂറോപ്പിൽ അൾട്രായിസം അവസാനിച്ചതിനു ശേഷം ഒരു പതിറ്റാണ്ടുകൂടി ലാറ്റിൻ അമേരിക്കയിൽ ഈ പ്രസ്ഥാനം നിലനിന്നു. പിന്നിട് മാർക്സിസ്റ്റ് രചനാരീതിക്ക് ഇതു വഴിമാറിക്കൊടുത്തു.

ബോർഹസിൻറെ എഴുത്തിൽ കവിത കഥയായും കഥ ഉപന്യാസമായും പരിണമിക്കുന്നു. 'ഷോൺറ ബെൻഡിംഗ്' (Genre Bending) ആണ് അദ്ദേഹത്തിൻറെ ശൈലി. മെറ്റാഫിക്ഷൻറെ (Metafiction) പ്രയോഗമായിരുന്നു ബോർഹസ് കൃതികളുടെ മറ്റൊരു സവിശേഷത. ലളിതമായി പറഞ്ഞാൽ കഥക്കുള്ളിൽ കഥ സൃഷ്ടിക്കുകയാണ് മെറ്റാഫിക്ഷൻ ചെയ്യുന്നത്. പ്രതിപാദിക്കുന്ന കാര്യത്തിനു യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ല എന്നു എഴുത്തുകാരൻ കൂടെക്കൂടെ വായനക്കാരനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. പോസ്റ്റ് മോഡേർണിസ്റ്റ് രചനാരീതിക്കു തുടക്കം കുറിച്ചവരിൽ ഒരാളും ബോർഹസ് ആയിരുന്നു.

ബോർഹസിൻറെ കഥാസമാഹാരമായ ഫിക്ഷൻസിൻറെ (Ficciones) ഇംഗ്ലീഷ് പരിഭഷയുടെ അവതാരികയിൽ ആന്തണി കെറിഗാൻ അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: "ഹോർഹെ ലൂയിസ് ബോർഹസിൻറെ എഴുത്ത് അന്തരാഷ്ട്ര സാഹിത്യഭാവാർത്ഥങ്ങളുടെ ഒരു ജനുസ്സാണ്. അദ്ദേഹം ബോധപൂർവ്വം സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ നിന്നും പൈതൃകമായി ലഭിച്ച അർത്ഥങ്ങൾ സമാനതകളായും, ഏറ്റുമുട്ടലുകളായും, സങ്കലനങ്ങളായും ഉരുക്കിച്ചേർത്ത് മറ്റു രാജ്യങ്ങളുടെ സാഹിത്യങ്ങളിൽ സന്നിവേശിപ്പിച്ചു. അദ്ദേഹത്തിൻറെ അർജൻറീനക്കാർ പരീസിയൻ നാടകങ്ങൾ അഭിനയിക്കുന്നു; അദ്ദേഹത്തിൻറെ മധ്യയൂറോപ്യൻ ജൂതന്മാർക്ക് ആമസോണിലെ ഗോത്രരീതികൾ വശമാണ്; അദ്ദേഹത്തിൻറെ ബാബിലോൺകാർക്ക് ബാബേലിൻറെ ശൈലികൾ പരിചിതമാണ്."

ബോർഹ്സിൻറെ ഏറ്റവും പ്രസിദ്ധമായ കൃതി ഫിക്ഷൻസ് (Ficciones) ആണ്. 1941 മുതൽ 1956 വരെ എഴുതിയ കഥകളുടെ സമാഹാരമാണു ഫിക്ഷൻസ്. 1962 ൽ ഇത് ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചു. 'ബോർഹസിൻറെ കഥകൾ' എന്ന പേരിൽ ഡി സി ബുക്ക്സ് ഇതു മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോർഹസിൻറെ 'ബാബിലോണിലെ ലോട്ടറി' (The Lottery in Babylon) ഇവിടെ പരിചയപ്പെടുത്താം എന്നു കരുതുന്നു.


ബാബിലോണിലെ ലോട്ടറി

The Lottery in Babylon

1941 ൽ പ്രസിദ്ധീകരിച്ച ഈ കഥ കാഫ്കയുടെ സ്വാധീനം ഏറെ പ്രകടമാകുന്ന ഒരു കഥയാണ്. കഥ പറയുന്നയാൾ ബാബിലോൺ എന്ന രാജ്യത്തുണ്ടായിരുന്ന ഒരു ലോട്ടറിയെക്കുറിച്ചാണ് പറയുന്നത്. ഇതു പുരാതന മെസൊപൊട്ടാമിയയിലെ ബാബിലോൺ അല്ല, ഒരു സാങ്കല്പിക രാജ്യമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ചതാണ് ഈ ലോട്ടറി. തുടക്കത്തിൽ ഇത് ഒരു സാധാരണ ലോട്ടറി മാത്രമായിരുന്നു. പങ്കെടുക്കുന്നവർക്ക് ലോട്ടറി അടിച്ചാൽ ചെമ്പു നാണയങ്ങൾക്കു പകരം വെള്ളിനാണയങ്ങൾ കിട്ടും. സാധാരണ പോലെ ഇതു കുറച്ചുപേരെ മാത്രമേ ആകർഷിച്ചുള്ളു. അതുകൊണ്ട് ലോട്ടറി നടത്തുന്ന കമ്പനി ഫലങ്ങളിൽ പിഴകൾ കൂടി ഉൾപ്പെടുത്തി. ഇപ്പോൾ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ടിക്കറ്റെടുക്കാതിരുന്നാൽ മറ്റുള്ളവർ തങ്ങളെ ഭീരുക്കൾ എന്നു കരുതുമോ എന്ന ആളുകളുടെ ഭയം ആയിരുന്നു കാരണം. ക്രമേണ പിഴയുടെ സ്ഥാനത്തു തടവും കൂടുതൽ കഠിനമായ ശിക്ഷകളും വന്നു. ലോട്ടറിയുടെ ഫലം തികച്ചും ആകസ്മികമാണ് എന്നു ബാബിലോണിയക്കാർ വിശ്വസിച്ചുപോന്നു.

ഒരു ഘട്ടത്തിൽ ടിക്കറ്റെടുക്കാൻ കഴിവില്ലാത്ത സാധാരണക്കാർ തങ്ങളേയും ലോട്ടറിയിൽ ചേർക്കണം എന്ന ആവശ്യം ഉന്നയിച്ചു. അപ്പോൾ ഒരു സംഭവമുണ്ടായി. ഒരു അടിമ ഒരു ടിക്കറ്റ് മോഷ്ടിച്ചെടുത്തു. ആ ടിക്കറ്റിൻറെ ഫലം നാക്കു കരിച്ചു കളയുക എന്നതായിരുന്നു. ബാബിലോണിൽ ഒരു ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയും നാക്കു കരിക്കൽ തന്നെയായിരുന്നു. ഇത് ജനങ്ങളെ ലോട്ടറി ഫലങ്ങൾ തങ്ങൾ കരുതിയതു പോലെ പൂർണ്ണമായും ആകസ്മികമല്ല എന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചു. അപ്പോൾ കമ്പനി എല്ലാവരേയും ലോട്ടറിയിൽ ചേർത്തു. ഇതിനെ തുടർന്ന് കമ്പനി തങ്ങളാണ് ബാബിലോണിലെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്ന പ്രചാരണവും തുടങ്ങി. ജനങ്ങൾ അതു വിശ്വസിച്ചു എന്നും അവരുടെ ദൈനംദിന ജീവിതം നിയന്ത്രിക്കാനുള്ള അധികാരം സ്വമേധയാ തങ്ങൾക്കു തന്നു എന്നും കമ്പനിക്കു ബോധ്യമായി. ഇതേത്തുടർന്ന് നറുക്കെടുപ്പിൻറെ എണ്ണം അനന്തമായി (Infinite) ആയി ഉയർത്തുകയും ഓരോ ബാബിലോണിയക്കാരൻറെയും ജീവിതത്തിൽ കമ്പനി നേരിട്ടിടപെടാൻ തുടങ്ങുകയും ചെയ്തു.

പിന്നീടു നടന്നത് ലോട്ടറി ജീവിതം തന്നെയായി മാറി എന്നതാണ്. കമ്പനി നുണകൾ പ്രചരിപ്പിക്കാനും അങ്ങനെ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും തുടങ്ങി. ഉദാഹരണത്തിന് ഒരേ പുസ്തകത്തിന്റെ വ്യത്യസ്ത കോപ്പികളിൽ വ്യത്യസ്തവിവരങ്ങൾ നൽകുന്നതു പോലും സാധാരണമായി. ജീവിതവും മരണവും എന്തിന് കടൽത്തീരത്ത് എത്ര മണൽത്തരികൾ വേണം എന്നതു പോലും കമ്പനി തീരുമാനിച്ചു. ഇത്രയുമായപ്പോഴേക്കും കമ്പനി മുൻപു തന്നെ ഇല്ലാതായിക്കഴിഞ്ഞു എന്നും ഇപ്പോൾ നടക്കുന്നതെല്ലാം യാദൃശ്ചികമായി (Randomly) സംഭവിക്കുന്നതാണ് എന്നും അങ്ങനെയല്ല കമ്പനി കൂടുതൽ ശക്തമായി എന്നും രണ്ട് അഭിപ്രായങ്ങൾ ജനങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞു വന്നു.

ഈ കഥ സർവ്വാധിപത്യത്തിൻറെ ഒരു ദൃഷ്ടാന്തമായിട്ടാണു ബോർഹസ് രചിച്ചത് എന്ന് പല നിരൂപകരും കരുതുന്നു. 1941 ൽ ആണ് ഈ കഥ രചിക്കപ്പെട്ടത്. ഹിറ്റ്ലറും മുസ്സോളിനിയും സ്റ്റാലിനും ജനജീവിതത്തെ സമഗ്രമായി നിയന്ത്രിച്ച കാലമായിരുന്നു ഇത്. സമഗ്രാധിപത്യം ഉണ്ടാകുന്നത് ജനങ്ങൾ അത് അംഗീകരിക്കുന്നതു കൊണ്ടാണ് എന്ന സൂചനയും ഈ കഥ നൽകുന്നുണ്ട്.

എന്നാൽ ഇതു മാത്രമല്ല ബോർഹസ് പറയാൻ ശ്രമിക്കുന്നത്. സമഗ്രാധിപത്യത്തെ മാറ്റിനിർത്തിയാൽ പോലും എത്രമാത്രം നിയന്ത്രണം ഓരൊരുത്തർക്കും തങ്ങളുടെ ജീവിതത്തിനു മേൽ ഉണ്ട് എന്ന പ്രസക്തമായ മറ്റൊരു ചോദ്യവും ഈ കഥ ഉയർത്തുന്നുണ്ട്. എല്ലാം നിയന്ത്രണത്തിൽ വെച്ചിരിക്കുന്ന ഒരു ശക്തി (കഥയിൽ ഇതു കമ്പനിയാണ്) ജനനവും, മരണവും, എന്തിന് കടൽത്തീരത്തെ മണൽത്തരികളുടെ എണ്ണം പോലും തീരുമാനിക്കുന്നു എന്ന വിശ്വാസം ഓരോ ബാബിലോണിയക്കാരൻറെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഇതാകട്ടെ അസംഖ്യം നുണകളുടെ പ്രചാരണത്തിലൂടെ കമ്പനി സൃഷ്ടിച്ചെടുത്തതുമാണ്. ബാബിലോൺ നമ്മൾ ജീവിക്കുന്ന ലോകമാണെന്നു സങ്കല്പിച്ചാൽ മതങ്ങൾ മനുഷ്യർക്കു നല്കുന്നതും ഇതേ വിശ്വാസങ്ങൾ തന്നെയാണെന്നു കാണാം. അല്ലെങ്കിൽ ബോർഹസ് തൻറെ കഥ രാഷ്ട്രീയ സമസ്യകളിൽ മാത്രമായി ഒതുക്കി നിർത്തുന്നില്ല. ഒരാളുടെ ലോട്ടറിയുടെ ഫലം അയാളുടെ കർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പോലും ഒരു ഘട്ടത്തിൽ ബാബിലോണിയക്കാർ വിശ്വസിച്ചു തുടങ്ങുന്നുണ്ട്.

ബാബിലോണിലെ ലോട്ടറി ഒരു സമഗ്രാധിപത്യത്തിനു കീഴിലോ അല്ലെങ്കിൽ മതാധിപത്യത്തിനു കീഴിലോ സംഭവിച്ചേക്കാനിടയുള്ള കാര്യങ്ങളുടെ ഒരു നേർക്കാഴ്ചയായിട്ടാണ് ബോർഹസ് ആവിഷ്ക്കരിച്ചിരിക്കുന്നത്. അതോടൊപ്പം ആരു നേടുന്നു ആർക്കു ശിക്ഷ കിട്ടുന്നു എന്നത് തികച്ചും ആകസ്മികമായി (Randomly) മാത്രം സംഭവിക്കുന്നതാണ് എന്ന സൂചനയും കഥ നൽകുന്നുണ്ട്. ഇത് ഒരു ലോട്ടറി ആയതു കൊണ്ട് ഈ ആക്സ്മികത അനിവാര്യവും ആണ്. ചുരുക്കത്തിൽ കഥയുടെ പ്രമേയം തന്നെ ഒരു വിരോധാഭാസമാണ് (Paradox).

കാഫ്കയുടെ കഥകളോടാണ് ബോർഹസിൻറെ കഥകൾക്കു സാമ്യം ഉള്ളത്. അവയുടെ വായന ലളിതമായ ഒന്നല്ല. വായനക്കാരൻറെ ബുദ്ധിശക്തിയേയും ചിന്താശക്തിയേയും പരീക്ഷിക്കുന്നവയാണ് ഈ കഥകൾ.