Written By: രാജു ജോസഫ്
ഫ്രഞ്ചു സാഹിത്യത്തിലെ ഏറ്റവും മികച്ച 'കഥാകാരൻ' എന്ന വിശേഷണം മോപ്പസാങ്ങിന് അവകാശപ്പെട്ടതാണ്. വിശ്വസാഹിത്യത്തിൽ ചെക്കോവിനൊപ്പം നിൽക്കുന്ന പ്രതിഭ.
1850 ൽ ഫ്രാൻസിൽ ജനിച്ചു. 1893 ൽ മരിച്ചു. മുന്നൂറിലധികം കഥകൾ, ആറു നോവലുകൾ, മൂന്ന് യാത്രാവിവരണങ്ങൾ, ഒരു കവിതാ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മോപ്പസാങ്ങിന്റെ പിതാവ് ഒരു ചെറുകിട പ്രഭു കുടുംബത്തിൽ നിന്നായിരുന്നു. അതുകൊണ്ട് ദാരിദ്ര്യം ഒരിക്കലും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. എന്നാൽ മാതാപിതാക്കൾ വേർപിരിഞ്ഞതു കൊണ്ട് 11 വയസ്സുമുതൽ അമ്മയോടൊപ്പമായിരുന്നു വളർന്നത്. ഇതായിരിക്കാം ഒരു പക്ഷെ വിവാഹം കുടുംബം തുടങ്ങിയ സാമൂഹ്യസ്ഥാപനങ്ങളിലുള്ള വിശ്വാസം അദ്ദേഹത്തിൽ ഇല്ലാതാക്കിയത്. ഒരിക്കലും വിവാഹം കഴിച്ചില്ല. വിഷയലമ്പടൻ എന്നു വിശേഷിപ്പിക്കാവുന്ന ജീവിതം ആണ് നയിച്ചത്. അദ്ദേഹത്തിന്റെ ഇരുപതുകൾ മുതൽക്കു തന്നെ സിഫിലസ് (അക്കാലത്തെ മഹാരോഗം) കൂടെയുണ്ടായിരുന്നു. അതിനുള്ള ചികിത്സ ഒരിക്കലും തേടിയില്ല. 1892 ൽ കഴുത്തു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. തുടർന്നു മനോരോഗ ആശുപത്രിയിൽ എത്തി. അവിടെ വെച്ച് മരിച്ചു.
വിശ്വപ്രസിദ്ധ നോവലിസ്റ്റ് ഗുസ്താഫ് ഫ്ലാബേർ ആയിരുന്നു മോപ്പസാങ്ങിന്റെ ഗുരു. "അവൻ എന്റെ ശിഷ്യനാണ്. മകനെപ്പോലെ ഞാൻ അവനെ സ്നേഹിക്കുന്നു" എന്നാണ് ഫ്ലാബേർ മോപ്പസാങ്ങിനെ കുറിച്ച് പറഞ്ഞത്. ഫ്ലാബേർ അദ്ദേഹത്തെ അന്നത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന എമീൽ സോള, ഇവാൻ തുർഗേനീവ്, ഹെൻറി ജെയിംസ് തുടങ്ങിയവരുമായി പരിചയപ്പെടുത്തി. 1880 ലെ ഫ്ലാബേറിന്റെ മരണം മോപ്പസാങ്ങിനെ വളരെയധികം ബാധിച്ചു.
1880 മുതലുള്ള ഒരു ദശാബ്‌ദമാണ് മോപ്പസാങ്ങ് എന്ന സാഹിത്യകാരന്റെ സുവർണ്ണകാലം. നാച്ചുറലിസം എന്ന രചനാരീതിയാണ് അദ്ദേഹം പിന്തുടർന്നത്. എമീൽ സോള ആയിരുന്നു ഫ്രഞ്ച് നാച്ചുറലിസത്തിന്റെ നായകൻ. (സ്റ്റീഫൻ ക്രെയിനും, എഡിത് വാർട്ടനും, കേറ്റ് ചോപ്പിനും, ജാക്ക് ലണ്ടനും ഒക്കെ പിന്തുടർന്ന അമേരിക്കൻ നാച്ചുറലിസം ഇതിൽ നിന്നു വിഭിന്നമായിരുന്നു). ഒരു തരത്തിൽ നോക്കിയാൽ റിയലിസത്തിന്റെ ഒരു ഉപവിഭാഗമാണ് നാച്ചുറലിസം, എന്നാൽ അതിൽ നിന്നും വ്യത്യസ്തവും ആയിരുന്നു. റിയലിസത്തിനും റൊമാന്റിസിസത്തിനും ഇടയിലെവിടെയോ ആണ് അതിന്റെ സ്ഥാനം. ഫ്രഞ്ച് നാച്ചുറലിസം റിയലിസത്തോടു കൂടുതൽ അടുത്താണ് നിന്നത്.
സ്വാഭാവിക ലോകത്തിന് അപ്പുറത്തേക്ക് നിലനിൽക്കുന്നതൊന്നുമില്ല എന്ന് നാച്ചുറലിസ്റ്റുകൾ വിശ്വസിച്ചു. ഡിറ്റർമിനിസം, ഒബ്ജെക്ടിവിറ്റി, പെസിമിസം എന്നിവയൊക്കെ ഈ രചനകളെ അടയാളപ്പെടുത്തി. ഭോഗാസക്തിയും, അത്യാഗ്രഹവും, അധികാരപ്രമത്തതയും എല്ലാമുള്ള ഒരു മൃഗം എല്ലാ മനുഷ്യരുടെയും ഉള്ളിലുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഇവർ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്.
1880 ൽ പ്രസിദ്ധപ്പെടുത്തിയ 'Boule de Suif' ('Ball of Fat' എന്ന് ഇംഗ്ലീഷ്, 'കൊഴുപ്പുണ്ട' എന്ന് മലയാളത്തിൽ പരിഭാഷപ്പെടുത്താം) എന്ന കഥയോടു കൂടിയാണ് മോപ്പസാങ്ങ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഫ്ലാബേർ അക്കാലത്തു തന്നെ ഇതിനെ മോപ്പസാങ്ങിന്റെ 'മാസ്റ്റർപീസ്' എന്ന് വിശേഷിപ്പിച്ചു. പിൽക്കാലത്തു ലോകമെങ്ങും ഇത് അംഗീകരിക്കപ്പെട്ടു.
മോപ്പസാങ്ങിന്റെ കഥാപാത്രങ്ങൾ ഭൗതിക സുഖങ്ങളുടെയും തൃഷ്ണകളുടെയും ലോകത്തു മാത്രം ജീവിച്ചു. ഉന്നത മാനുഷിക മൂല്യങ്ങൾ ഒന്നും അവർക്കുണ്ടായിരുന്നില്ല. അവർ ആരായാലും ദരിദ്രരായാലും, സമ്പന്നരായാലും, കുലീനരായാലും, രാഷ്ട്രീയക്കാർ ആയാലും, അവരെ അനിവാര്യതയുടെ ഇരകളായും പൊരുതി നിൽക്കാൻ ശ്രമിക്കുമ്പോഴും ബാഹ്യശക്തികളുടെ ഇടപെടൽ മൂലം കീഴടങ്ങേണ്ടി വരുന്ന നിസ്സഹായരായും അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പിൽക്കാല കഥകളിൽ ഭ്രാന്ത് ഒരു പ്രധാന സാന്നിധ്യമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
ഫ്രാങ്കോ-പ്രഷ്യൻ യുദ്ധകാലത്താണ് ഈ കഥ നടക്കുന്നത്. (മോപ്പസാങ് ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു). യുദ്ധത്തിൽ പരാജയപ്പെട്ടു പിൻവാങ്ങുന്ന ഫ്രഞ്ച് കാലാൾ പട്ടാളക്കാരുടെ വിശാലദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. പ്രഷ്യൻ അധിനിവേശം ജീവിതം അസഹ്യമാക്കി മാറ്റിയ പത്തു ഫ്രഞ്ചുകാരുടെ ഒരു സംഘം റൂവൻ എന്ന പട്ടണത്തിൽ നിന്ന് ഹാവേർ എന്ന സ്ഥലത്തേക്ക് ഒരു കുതിരവണ്ടിയിൽ രക്ഷപെടാൻ ശ്രമിക്കുന്നു. പട്ടാളമേധാവിയുടെ അനുമതിപത്രം ഉണ്ടെങ്കിലും ശ്രദ്ധ ആകർഷിക്കാതിരിക്കാൻ പുലർച്ചെ നാലു മണിക്കാണ് അവർ പുറപ്പെടുന്നത്.
ഈ പത്തുപേർ അക്കാലത്തെ ഫ്രഞ്ചു സമൂഹത്തിന്റെ ഒരു പരിച്ഛേദം ആയിരുന്നു. ഒരു വൈൻ വ്യാപാരിയും ഭാര്യയും (പെറ്റിബൂർഷ്വ), ഒരു വ്യവസായിയും ഭാര്യയും (ബൂർഷ്വ), ഒരു കൗണ്ടും ഭാര്യയും (അരിസ്റ്റോക്രസി), റിപ്പബ്ലിക്കിൽ പദവികൾ വഹിക്കുന്ന ഒരു ജനാധിപത്യവാദി, രണ്ടു കന്യാസ്ത്രീകൾ, ആളുകൾ 'കൊഴുപ്പുണ്ട' എന്ന വിളിപ്പേരിൽ അറിയുന്ന ഒരു ലൈംഗികത്തൊഴിലാളി എന്നിവരായിരുന്നു അത്. ഇതിൽ കൊഴുപ്പുണ്ട (എലിസബത്ത് റൗസ്റ്റ്) ആണ് കേന്ദ്രകഥാപാത്രം.
തിരക്കിൽ പുറപ്പെടേണ്ടി വന്നതുകൊണ്ട് കൊഴുപ്പുണ്ട ഒഴികെ മറ്റാരും യാത്രക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല. യാത്ര വളരെ സാവധാനം ആയിരുന്നു. യുദ്ധകാലം ആയതുകൊണ്ട് അവർക്കു വഴിയിലെവിടെയും ഭക്ഷണം കിട്ടിയില്ല. വിശപ്പു കഠിനമായപ്പോൾ കൊഴുപ്പുണ്ടയോട് അവർക്കുണ്ടായിരുന്നു നിന്ദയും പുച്ഛവും ഒക്കെ മറന്ന് സഹയാത്രികർ അവൾ നൽകിയ ഭക്ഷണം വാങ്ങി ആർത്തിയോടെ കഴിച്ചു. അവരുടെയിടയിൽ ഒരു സൗഹൃദം തന്നെ രൂപപ്പെടുന്നു.
രാത്രിയായപ്പോൾ അവർ ഒരു ചെറുപട്ടണത്തിൽ എത്തി. അവിടെ ഉണ്ടായിരുന്ന പ്രഷ്യൻ പട്ടാള ഓഫീസർ അവരുടെ യാത്രാരേഖകൾ പരിശോധിച്ചു ഉറപ്പുവരുത്തി. അവർ അന്ന് രാത്രി ഒരു സത്രത്തിൽ തങ്ങി. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു അവരവരുടെ മുറികളിൽ ഉറങ്ങാൻ പോയി. പിറ്റേദിവസം എട്ടുമണിക്ക് പുറപ്പെടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അവർക്കു പിറ്റേദിവസം യാത്ര തുടരാൻ കഴിയുന്നില്ല. കൊഴുപ്പുണ്ട തന്റെ കൂടെ കഴിഞ്ഞാൽ മാത്രമേ അവരെ പോകാൻ അനുവദിക്കൂ എന്ന് പട്ടാളഓഫീസർ ശഠിച്ചതാണ് കാരണം. എന്നാൽ അവൾ അതിനു തയ്യാറാകുന്നില്ല. തൊഴിൽ ഏതായാലും ഒരു അധിനിവേശക്കാരന്റെ കൂടെ അത് ചെയ്യാൻ തന്റെ രാജ്യസ്നേഹം അനുവദിക്കുന്നില്ല എന്നതായിരുന്നു അവളുടെ നിലപാട്.
ആദ്യമൊക്കെ സഹയാത്രികർ പട്ടാളക്കാരന്റെ അധാർമ്മികമായ ആവശ്യത്തെക്കുറിച്ച് രോഷം കൊള്ളുകയും മറ്റും ചെയ്‌തെങ്കിലും യാത്ര അനിശ്ചിതമായി നീണ്ടുപോയപ്പോൾ തങ്ങളുടെ നിലപാട് മാറ്റാൻ തുടങ്ങി. കൊഴുപ്പുണ്ട പട്ടാളക്കാരന്റെ ആഗ്രഹത്തിനു വഴങ്ങുന്നതിൽ ധാർമ്മികമായി തെറ്റൊന്നും ഇല്ല എന്നും മാത്രവുമല്ല സംഘത്തിന്റെ പൊതുവായ നന്മക്കു വേണ്ടി അത്തരം ഒരു ത്യാഗം ചെയ്യാൻ അവൾക്കു ബാധ്യതയുണ്ടെന്നും അവർ ഒരു തീരുമാനത്തിലെത്തി. കന്യാസ്ത്രീകൾ ഉൾപ്പെടെ സംഘത്തിലുള്ളവർ പലതരത്തിൽ അവളെ പ്രേരിപ്പിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ കൗണ്ട് അതിൽ വിജയിക്കുന്നു. "നിങ്ങൾക്കു വേണ്ടി മാത്രം" അത് ചെയ്യാം എന്ന് അവൾ സമ്മതിക്കുന്നു.
പിറ്റേദിവസം യാത്ര തുടരാൻ അവർക്കു അനുവാദം കിട്ടുന്നു. ഇത്തവണ യാത്രികരെല്ലാം ഭക്ഷണവും മറ്റും കരുതിയിരുന്നു. എന്നാൽ കടുത്ത അപമാനവും ആത്മസംഘർഷവും കാരണം കൊഴുപ്പുണ്ട മാത്രം ഭക്ഷണമൊന്നും കരുതിയിരുന്നില്ല. യാത്ര തുടങ്ങിയപ്പോൾ തന്നെ സഹയാത്രികർ അവളുടെ ത്യാഗമാണ് തങ്ങളുടെ യാത്ര സാധ്യമാക്കിയത് എന്ന സത്യം സൗകര്യപൂർവം മറന്ന് ഏറ്റവും നിന്ദ്യമായ ഒരു പ്രവർത്തി ചെയ്തവളാണ് കൊഴുപ്പുണ്ട എന്നപോലെ അവളെ അവഗണിക്കാൻ തുടങ്ങി. ഭക്ഷണത്തിന്റെ സമയത്ത് അവർ പങ്കുവെയ്ക്കാതെ തനിയെ കഴിക്കാൻ തുടങ്ങി. ആരും കൊഴുപ്പുണ്ടക്ക് ഭക്ഷണം കൊടുക്കാൻ തയ്യാറായില്ല. അവരുടെ അവഗണയിൽ കടുത്ത അമർഷവും അതിലേറെ സങ്കടവും വന്നു അവൾ കരയാൻ തുടങ്ങി.
കൂട്ടത്തിൽ ഏറ്റവും ക്രൂരമായി പെരുമാറിയത് ആ ജനാധിപത്യവാദി ആയിരുന്നു. തന്റെ കയ്യിലുള്ള മുട്ടകൾ തനിയെ തിന്നു തീർത്തു അവളുടെ അവസ്ഥയെ പരിഹസിക്കാനെന്നവണ്ണം 'ലാ മാഴ്സയീസ്' (ഫ്രഞ്ച് ദേശീയഗാനം) ചൂളമടിക്കാൻ തുടങ്ങി അയാൾ. തന്റെ സഹയാത്രികർക്ക് അതിഷ്ടപ്പെടുന്നില്ല എന്നറിഞ്ഞു അയാൾ പാട്ട് കൂടുതൽ ഉച്ചത്തിലാക്കുന്നു. കൊഴുപ്പുണ്ടയുടെ തേങ്ങലുകൾ അതോടൊപ്പം തന്നെ ഉയർന്നു കേൾക്കുന്നു.
ഫ്രഞ്ചു സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിലനിന്നിരിക്കുന്ന മൂല്യശോഷണവും, കാപട്യവും, ആത്മവഞ്ചനയും, അധാർമ്മികതകയും ഐറണിയിലും സറ്റയറിലും ബാലൻസുചെയ്ത് അവതരിപ്പിക്കുകയായിരുന്നു മോപ്പസാണ് ഈ കഥയിൽ. കഥാപാത്രങ്ങളുടെ മനസികവ്യാപാരങ്ങളിലേക്ക് അധികമൊന്നും കടന്നുകയറാതെ വസ്തുനിഷ്ഠമായി കഥ പറയുകയാണ് അദ്ദേഹം. തങ്ങളുടെ താല്പര്യങ്ങൾ അപകടത്തിലാകുമ്പോൾ അത് സംരക്ഷിക്കാൻ വ്യക്തികൾ അവരുടെ സമൂഹത്തിലെ സ്ഥാനം എന്തായാലും എന്തു ചെയ്യാനും തയ്യാറാകും എന്ന് ഇതിലെ കഥാപാത്രങ്ങളുടെ പ്രവർത്തികളിലൂടെ മോപ്പസാങ്ങ് തെളിയിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് കൊഴുപ്പുണ്ടയെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കൗണ്ടസ്സും മുതിർന്ന കന്യാസ്ത്രീയും തമ്മിൽ നടത്തുന്ന സംഭാഷണം നോക്കുക. കൗണ്ടസ്സ് "അപ്പോൾ സിസ്റ്ററെ, ദൈവം അവനിലേക്കെത്തുന്ന എല്ലാ വഴികളും അംഗീകരിക്കുമെന്നും ഉദ്ദേശം ശുദ്ധമാണെങ്കിൽ ഒരു തെറ്റായ പ്രവർത്തി പോലും ക്ഷമിക്കുമെന്നും നിങ്ങൾ കരുതുന്നുണ്ടോ?" സിസ്റ്റർ, "അതിലെന്താണ് സംശയം? ഒരു അപലപനീയമായ പ്രവർത്തി പോലും അത് ചെയ്യാൻ പ്രേരിപ്പിച്ച നല്ല ചിന്തകൾ മൂലം നല്ലതായി തീരും."
മോപ്പസാങ്ങിന്റെ മാസ്റ്റർപീസ് ആയി പൊതുവെ അംഗീകരിക്കപ്പെട്ടു പോരുന്ന കഥയാണ് Boule de Suif. കഥ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. വായിക്കാത്തവർ വായിക്കുക. ഇൻറർനെറ്റിൽ കഥയുടെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാണ്.