Author: ബിജു സി പി
Review by: മേരി കെ വി
മലയാള കഥയുടെ ഭാവുകത്വത്തെ വിവിധ തലമുറകളിലൂടെ നവീകരിക്കുന്ന കഥകളാണ് ബിജുവിൻ്റെ 'കഥ'. കഥയുടെ പതിവ് പരിധികളെ ലംഘിച്ചു കൊണ്ട് അനുഭവത്തിൻ്റെ പുതിയ വിതാനങ്ങൾ തുറന്നിടുന്ന 'കഥനം' മലയാളകഥയുടെ ഭാവിയായിത്തന്നെ നിലനിൽക്കുന്നു. ഇതിൽ സ്വീകരിച്ചിരിക്കുന്ന പ്രമേയങ്ങളും പുതുമയുള്ളതാണ്. പാരമ്പര്യത്തോടു പുലർത്തുന്ന വിസ്മയകരമായ സമീപനവും ഇന്നിൽ ഇന്നലെയും നാളെയും കാണുകയെന്നതും കഥനശൈലിയായി കാണാം. ഇത്തരത്തിലുള്ള 13 കഥകളുടെ സമാഹാരമാണ് ഗ്രന്ഥം. കവലയിൽ വിളിച്ചു പറയുന്നവൻ്റെ ശബ്ദം കപ്പിത്താൾ, നാലു പെണ്ണുങ്ങൾ, വല്ലാർപാടത്തമ്മ, ചരക്ക്, ഒരു ഹോം നേഴ്സിൻ്റെ കഥ എന്നിങ്ങനെ ഓരോ കഥകളും പുതിയ കുഞ്ഞുങ്ങളുടെ ലോകം എത്ര പുതിയതാണെന്ന് നമ്മെ ബോധ്യപ്പെടുത്തും. ഇന്ന് കേരളത്തിലെ മിക്ക കുടുംബങ്ങളിലും നിത്യാനുഭവമാണ് വൃദ്ധരുടെ ദൈന്യം.'ഒരു ഹോം നേഴ്സിൻ്റെ ആത്മകഥ' യിലെ പല തലങ്ങളിലൊന്നാണത്. ഒരു ഹോം നേഴ്സിലേക്ക് ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന നായികയെ ഒരു ഉടലായി മാത്രം തിരിച്ചറിയുന്നവരാണ് ചുറ്റുമുള്ളവരിലേറെയും. ഗഹനമായ കാര്യങ്ങൾ കളിചിരി മട്ടിലും പഴഞ്ചൊല്ലുകളുടെയും മറ്റും മാതൃകയിലും സരസമായി അവതരിപ്പിക്കാൻ കഥാകാരൻശ്രമിക്കുന്നുണ്ട്.
എൽ.കെ.ജി. വിദ്യാർഥിയായ സനുക്കുട്ടൻ്റെയും അവൻ്റെ കൂട്ടുകാരായ പ്രിയക്കുട്ടി, നാടോടി ബാലനായ 'പോച്ച' എന്നിവരുടെയും കഥയാണ് 'ബെണ്ടനും പോച്ചയും'. ബെൻടെൻ എന്ന കാർട്ടൂൺ കഥാപാത്രത്തോട് ആരാധന മൂത്ത് സനുക്കുട്ടൻ സ്വയം സ്വീകരിച്ച പേരാണ് ബെണ്ടൻ. മൂന്നു ചങ്ങാതിമാരും ചേർന്ന് ഒരു ദിവസം ഒരു തവളയെ ജീവനോടെ കീറി മുറിയ്ക്കുന്നതും തുടർന്നൊരു നാൾ ബെണ്ടനും പ്രിയയും ചേർന്ന് പോച്ചയുടെ വയറു കീറുന്നതിലേക്ക് 'കുട്ടിക്കളികൾ' എത്തിയപ്പോൾ പ്രിയയുടെ അച്ഛന് സ്വന്തം നിഴൽ പോലും അസ്വസ്ഥത സൃഷ്ടിക്കുന്നതായി തോന്നി.
സ്ത്രീവാദം ഉന്നയിക്കുന്ന ചരിത്ര പ്രശ്നങ്ങളും അവകാശവാദങ്ങളും വർത്തമാന കാലാനുഭവമായി അവതരിപ്പിക്കുന്ന കഥയാണ് 'കപ്പിത്താൾ'. ആധുനികലോക കഥകളോട് തോളുരുമ്മി നിൽക്കുന്ന ഒരു കഥാനുഭവം വായനക്കാരനു ലഭിക്കുന്നുണ്ട്. സന്ധ്യകളിൽ കായൽത്തണുപ്പിലേക്ക് അലിഞ്ഞിറങ്ങുന്ന മങ്ങിയ ഇരുട്ടിൽ തുറമുഖത്തേക്കടുക്കുന്ന കപ്പലുകളിൽ നിന്നുണരുന്ന സൈറണുകളും രാത്രികളിൽ കപ്പൽത്തട്ടുകളിൽ തെളിയുന്ന മിന്നാമിനുങ്ങു വെളിച്ചവും കൊച്ചു ശർമ്മിളയെ കൊതിപ്പിച്ചിരുന്നു. ക്യാപ്റ്റൻസി വിവാഹ സമ്മാനം പോലെ ശർമ്മിളക്ക് ലഭിച്ചെങ്കിലും കപ്പൽ ജീവിതം ആണുങ്ങൾക്കു പറഞ്ഞിട്ടുള്ളതാണെന്ന് മറ്റുള്ളവരെപ്പോലെ ഭർത്താവുംപറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കടൽച്ചൊരുക്കു മൂലം ഒരു യാനമെത്തും മുമ്പേ തളർന്നയാൾ മധുവിധു തീരും മുമ്പേ മടക്കത്തിനൊരുങ്ങി. കടലിന് പെണ്ണിനോളം ആഴവും പരപ്പുമാണുള്ളതെന്ന് 'കപ്പിത്താൾ' പറഞ്ഞു വയ്ക്കുന്നു.
ഈ സമാഹാരത്തിലെ മറ്റു കഥകളും ജീവിതത്തെയും ചരിത്രത്തെയും ഭാവനയെയും നെയ്തൊരുക്കിയവയാണ്. യഥാർഥത്തിലുള്ളതിനേക്കാൾ തേജോമയമായി കാണാനുള്ള വിരളമായ ഒരവസരമാണ് ബിജുവിൻ്റെ 'കഥ'.