📖 എം റ്റി സ്പെയ്സ് - ബാഷ്പീകൃതയുടെ ആറാം വിരൽ

ദീദി ദാമോദരൻ

Review by ആശ ചന്ദ്ര / സിന്ധു ഉല്ലാസ്

📚 പുസ്തക നിരൂപണം

MTSpace Book Cover

Author: കെ ആർ മീര


Review by: ആശ ചന്ദ്ര


നിങ്ങൾ പ്രമീള നായരെ കുറിച്ച് കേട്ടിട്ടുണ്ടോ? എം.ടി വാസുദേവൻ നായർ മരിച്ച സമയത്തുവന്ന ഒന്ന് രണ്ടു FB പോസ്റ്റ്കളിലൂടെയാണ് ഞാൻ അവരെകുറിച്ചു ആദ്യമായി കേട്ടത്. മലയാള സാഹിത്യകുലപതിയുടെ ജീവിതത്തിൽ ഇങ്ങനെയൊരു എടുള്ളത് അറിഞ്ഞില്ലാലോ എന്നു ഞങ്ങൾ രണ്ടുമൂന്നു സുഹൃത്തുക്കൾ ഈ പോസ്റ്റുകൾ പരസ്പരം പങ്കുവെച്ചു സംസാരിച്ചു. അവരെ കുറിച്ച് അറിയാനുള്ള ത്വര തന്നെയാണ് എന്നെ ഈ പുസ്തകത്തിലേക്കു എത്തിച്ചത്.

പുരുഷ കേന്ദ്രീകൃതമായ മലയാള സാഹിത്യലോകത്തിൽ, അതിന്റെ 'കുലപതി'യായി അവരോധിക്കപ്പെട്ട എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ ഭാര്യയായതുകൊണ്ട് മാത്രം എവിടെയും, ഒരു ചിത്രംകൊണ്ടുപോലും അടയാളപ്പെടുത്താതെ പോയ, എഴുത്തുകാരന്റെ ആദ്യ ഭാര്യയായ പ്രമീളാനായരുടെ ജീവിതം തേടി രണ്ടു സ്ത്രീകൾ - ദീദി ദാമോദരൻ, എച്ചമുക്കുട്ടി - നടത്തുന്ന അന്വേഷണയാത്രയാണ് എംറ്റി സ്പേസ്, ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം.

ഏകദേശം പത്ത് പതിനേഴു വർഷത്തോളം നീണ്ടുനിന്നതായിരുന്നു എം.ടി യുടെയും ഭാര്യ പ്രമീള നായരുടെയും ജീവിതം. മകളെ നൃത്തം പഠിപ്പിക്കാൻ വന്ന അധ്യാപിക ആ അമ്മയെയും മകളെയും മറികടക്കുന്നതിലൂടെ ആ ദാമ്പത്യം അവിടെ അവസാനിക്കുന്നു, അല്ല അവസാനിപ്പിക്കുന്നു. സിതാര എന്ന വീടിന്റെ പേര് മാത്രം ബാക്കിയാവുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ അവഗാഹമുള്ള പ്രമീള നായർ നന്നായി സംസാരിക്കുകയും ചെയ്യുമായിരുന്നു."മലയാള ഭാഷയുടെ ഇത്തിരി വെട്ടത്തു നിന്ന് ഉയർന്ന് ആംഗലേയ സാഹിത്യ ചക്രവാളത്തിൽ എം.ടി കഥകൾക്ക് ശ്രദ്ധ ലഭിക്കുന്നതിൽ പ്രമീളയുടെ പരിഭാഷകൾ വലിയ പങ്ക് വഹിച്ചു ". മഞ്ഞ് അടക്കമുള്ള എം ടി യുടെ പലകൃതികളും ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതും വിഖ്യാതി ലഭിച്ചതും പ്രമീളാനായരിലൂടെയായിരുന്നു. എം.ടി യുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ എഴുത്തുകാരിയും പരിഭാഷകയുമായ പ്രമീളാനായർഒരു ചവിട്ടു പടിയായിരുന്നു. പക്ഷെ എം.ടി യെ കൈപിടിച്ചുയർത്തിയ സാഹിത്യനിരയിൽ എവിടെയും അവരുടെ പേര് നമുക്ക് കാണാൻ സാധിക്കില്ല.

പ്രമീള നായരുടെ രചനകൾ ഒന്നും തന്നെ കമ്പോളത്തിൽ ലഭ്യമല്ല. അവരുടെ ഇംഗ്ലീഷ് പരിഭാഷകൾ എല്ലാം തന്നെ അപ്രത്യക്ഷമായി. നഷ്ടബോധങ്ങൾ എന്ന ആത്മകഥാശമുള്ള നോവൽ മലയാളനാടിൽ പ്രസിദ്ധീകരിച്ചുവരവേ എം.ടി ഒരു കത്തിനാൽ നിർത്തി വയ്പ്പിക്കുകയുണ്ടായി.

പ്രമീള നായരെ കുറിച്ച് സംസാരിക്കുവാനോ എഴുതുവാനോ എഴുത്തുകാർ ഭയന്നു. പ്രമീളനായരെ കുറിച്ചു സംസാരിച്ചവരെയും അവരുടെ ലേഖനങ്ങളേയും ആൺകോയ്മ നിറഞ്ഞ മലയാള സാഹിത്യ സമൂഹം അതിവിദഗ്ദമായി എങ്ങനെ ബാഷ്പീകരിച്ചുകളഞ്ഞു എന്നുള്ളത് കൃത്യമായ തെളിവുകൾ നിരത്തി വായനക്കാരുടെ മുന്നിൽ എത്തിക്കുന്നുണ്ട് ദീദി ദാമോദരൻ. സാഹിത്യം, സിനിമ, മാധ്യമം എന്നീ മൂന്ന് മേഖലകളിലും മേൽകോയ്മ ഉണ്ടായ എം.ടി ക്ക് അനിഷ്ടമുണ്ടാക്കുന്നതൊന്നും എഴുതുവാനും എന്തിനു ചോദ്യങ്ങൾ ചോദിക്കുവാൻ പോലും വിമർശകർ ഭയന്നിരുന്നു.

ചരിത്രം എങ്ങനെ മാറ്റി എഴുതപെടുന്നു എന്നത് സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന കാര്യമാണ്. മലയാള സാഹിത്യലോകത്ത് നിന്ന് പ്രമീള നായർ എന്ന സ്ത്രീ എത്ര വിദഗ്ധമായി തുടച്ചുമാറ്റപെട്ടു, എം ടി എന്ന എഴുത്തുകാരന്റെ ജീവചരിത്രം പ്രമീള നായർ എന്ന ഏടില്ലാതെ അതിവിദഗ്ദമായി എങ്ങനെ പുനർനിർമ്മിക്കപ്പെട്ടു എന്നുള്ളതും കൃത്യമായി പറഞ്ഞു വയ്ക്കുകയാണ് ലേഖികമാർ ഇവിടെ.

പ്രമീള നായർ എന്ന സ്ത്രീ, എഴുത്തുകാരി മറഞ്ഞുപോകേണ്ടവരല്ല എന്ന ഉത്തമ ബോധ്യത്താൽ, എന്നും ഇരുട്ടിലാക്കപ്പെട്ട, തോറ്റുപോയ ആ സ്ത്രീയെ കണ്ടെത്താനുള്ള ഒരു ഫെമിനിസ്റ്റിന്റെ ഉത്തരവ്വാദിത്വം നിർവഹിക്കുകയാണ് ലേഖികമാർ ഇവിടെ.

ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലും ഒരുപാട് ബുദ്ധിമുട്ടുകൾ അവർക്കു അനുഭവിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ മുഖ്യധാരാ പുസ്തക കമ്പോളങ്ങളിൽ ഒന്നും തന്നെ ഇത്‌ കാണുവാൻ കഴിയും എന്നും തോന്നുന്നില്ല.


Review by: സിന്ധു ഉല്ലാസ്


എംടി സ്പേസ് രണ്ടുദിവസം കൊണ്ട് വായിച്ചു തീർത്തു. മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു വിഗ്രഹം പെട്ടെന്നുടഞ്ഞുവീണ അമ്പരപ്പിലാണ്.

എംടിയുടെ ആദ്യ ഭാര്യയായ പ്രമീള നായരെ കുറിച്ച് ദീദി ദാമോദരനും എച്ചുമുക്കുട്ടിയും നടത്തിയ അന്വേഷണങ്ങളാണ് ഈ കൃതിയുടെ അടിസ്ഥാനം.

എത്ര ഉന്നതങ്ങളിൽ നിൽക്കുന്നവർ ആണെങ്കിലും എത്രമാത്രം സ്ത്രീവിരുദ്ധത പുലർത്തുന്നവർ, അത്തരം ആളുകൾ നമ്മുടെ ഇടയിൽ ദന്തഗോപുരങ്ങളിൽ വസിക്കുന്നുണ്ട്.

അല്ലെങ്കിൽ താൻ ഇഷ്ടപ്പെടാത്തവരെ ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ പറ്റുന്ന താൻ പോരിമ, തന്റെ കൈപ്പിടിയിൽ ഒതുക്കുന്ന ഒരു സാഹിത്യലോകം — അവിടെ ഏകാധിപതിയായിരുന്ന ഒരു കഥാകാരൻ... പിന്നാമ്പുറ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതാണ്.

ദീദി ദാമോദരൻ പ്രമീള നായരുമായി നേരിട്ട് അടുപ്പമുള്ള ഒരു വ്യക്തി എന്ന നിലയിൽ നടത്തുന്ന അന്വേഷണങ്ങളും തുറന്നു പറച്ചിലുകളും പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹവ്യവസ്ഥയുടെ ആക്കം ഒന്നുകൂടി കൂട്ടുന്നു.