📖 മുദ്രിത

ജിസാ ജോസ്

Review by സിന്ധു ഉല്ലാസ്

📚 പുസ്തക നിരൂപണം

MTSpace Book Cover

Author: ജിസാ ജോസ്

Review by: സിന്ധു ഉല്ലാസ്


ജിസ ടീച്ചറിന്റെ എഴുത്തുകൾ വളരെ രസകരമാണ് .

ടീച്ചറിന്റെ മുദ്രിത എന്ന നോവൽ വളരെ ആവേശത്തോടുകൂടിയാണ് വായിച്ചു തീർന്നത്. ഉദ്യോഗജനകമായ ഒരു കുറ്റാന്വേഷണ നോവലിന്റെ പ്രതീതി.

മുദ്രിത എന്ന സ്ത്രീ സമാനമായ ദുഃഖങ്ങൾ അനുഭവിക്കുന്ന ഒരു കൂട്ടം സ്ത്രീകളുമായി ചേർന്ന് പ്ലാൻ ചെയ്യുന്ന ഒരു യാത്ര. ഗ്രൂപ്പിന്റെ പേര് തന്നെ ലെസ്ബോസ് എന്നാണ്. ആ ഗ്രൂപ്പിൽ നിന്ന് തെരഞ്ഞെടുത്ത ആ യാത്ര സംഘത്തിലെ 10 സ്ത്രീകൾ. അവരുടെ കഥകൾ. അവര് അനുഭവിക്കുന്ന ദുഃഖങ്ങൾ, ഒറ്റപ്പെടലുകൾ, വിഷാദം അങ്ങനെ അങ്ങനെ ഏറെ സമാനതകൾ ഉള്ള 10 പേർ. അവരുടെ പേരുകൾ തന്നെ ഏറെ രസകരമാണ്‌ ടൂർ ഓപ്പറേറ്റർ ആയ അനുരുദ്ധൻ.

സർവ്വ രഞ്ജിനി, സഞ്ചാരിണി, ദീപ്ത, ശാശ്വതി, ഉമാ നാരായണി, ബേബി, ഹന്ന, മരിയ നളിനി.... അങ്ങിനെ. അവരുടെ ഏകാന്തതയിൽ നിന്നും മോചനം ലഭിക്കാൻ അനിവാര്യമായ ആ യാത്ര വളരെ സന്തോഷത്തോടുകൂടിയാണ് അവർ ഓരോരുത്തരും സ്വീകരിച്ചത്.

ഇവരെ എല്ലാവരെയും അനിരുദ്ധൻ കോൺടാക്ട് ചെയ്ത് യാത്ര ബുക്ക് ചെയ്യുന്നു. ഒറീസയുടെ പശ്ചാത്തലങ്ങളും, ചിത്രോല്പലയും, ഒറീസ്സയുടെ ഗ്രാമ്യഭംഗി, ചടങ്ങുകൾ വളരെ മനോഹരമായിട്ട് വരച്ചു കാണിച്ചിട്ടുണ്ട്. സാധാരണ ടൂറിസം പ്ലേസുകളായ പുരിയും കൊണാര്‍ക്കും ഒന്നും പ്ലാൻ ചെയ്യാതെ ഒറീസയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു യാത്രയായിരുന്നു മുദ്രിത പ്ലാൻ ചെയ്തത്.

യാത്രയ്ക്ക് ഒരുങ്ങിയ മറ്റുള്ളവർക്കും അനിരുദ്ധനും മുദ്രിത ആരൊക്കെയോ ആയിരുന്നു. ഇമെയിൽ സന്ദേശങ്ങളിലൂടെയും ഫോൺകോളിലൂടെയും അവർ അത്രമാത്രം അവരുടെ ഹൃദയം കീഴടക്കിയിരുന്നു. ഒടുവിൽ യാത്രയുടെ അന്ന് ആരോടും പറയാതെ മുദ്രിത അപ്രത്യക്ഷമാകുന്നു. മറ്റുള്ളവർ യാത്ര പോകുന്നു. മുദ്രയെ പിന്നെ ആരും അറിയുകയോ കാണുകയോ ചെയ്യുന്നില്ല.

അവരുമായിട്ടുള്ള സംഭാഷണങ്ങളും അവരുടെ ഇമെയിലുകളും അനിരുദ്ധൻ തന്റെ നോട്ട്ബുക്കിൽ കുറിച്ചു വെച്ചിരുന്നു.

മുദ്രിതയുടെ തിരോധാനത്തിൽ വേവലാതിപ്പെട്ട് അനിരുദ്ധൻ പോലീസിൽ പരാതിപ്പെടുന്നു. സാധാരണ മിസ്സിംഗ് കേസ് എന്നതിലുപരി വനിതാ കോൺസ്റ്റബിൾ ആയ വനിത - പേര് തന്നെ അങ്ങനെയാണ്, മുദ്രിതയെ തിരക്കി ഇറങ്ങുന്നു.

തന്റെ അന്വേഷണങ്ങൾക്കൊടുവിൽ മുദ്രിതയെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന സത്യങ്ങൾ വനിത തിരിച്ചറിയുന്നു. അനാഥയായ മുദ്രിത, വികലാംഗ, ഒറീസയിലുള്ള തന്റെ പെൻഫ്രണ്ടുമായി പങ്കുവെച്ച വിവരങ്ങളിലൂടെ അറിഞ്ഞ ഒറീസ, അവിടേക്ക് കുറെ സ്ത്രീകളെ എത്തിക്കാൻ ഒരു നിയോഗം പോലെ ടൂർ പ്ലാൻ ചെയ്ത മുദ്രിത, ഒടുവിൽ എല്ലാവരിൽ നിന്നും അവളെങ്ങോട്ടോ അകന്നു പോകുന്നു.

യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ആഗ്രഹം, ചട്ടക്കൂടിനുള്ളിൽ നിന്ന് പൊട്ടിച്ചു പുറത്തുവരാനുള്ള അഭിവാജ്ഞ, ഇത്തിരിയുള്ള തന്റെ ലോകത്തിൽ നിന്ന് ഒരുപാട് സ്വപ്നങ്ങൾ കാണുന്ന ഒരു സ്ത്രീയുടെ പ്രതിനിധി, ഇപ്രകാരം സ്ത്രീകളെക്കുറിച്ച് വളരെ മനോഹരമായി വിശകലനം ചെയ്തുകൊണ്ട് പുതുകാലത്ത് നിന്ന് മനോഹരമായ ഭാഷയിൽ ജിസാ ജോസ് എഴുതുകയാണ്.

മുദ്രിതയുടെ തിരോധാനം ഒരു നൊമ്പരമായി വായനക്കാർക്ക് തന്നിട്ട് നോവൽ അവസാനിക്കുകയാണ്. മുദ്രിത ഒരു പേരല്ല, മറ്റുള്ളവരുടെ ഹൃദയത്തിൽ അത്രമാത്രം ആഴത്തിൽ പതിഞ്ഞുപോയ ഒരാൾ. അവരുടെ പേര് തന്നെ മറ്റെന്തോ ആണ്. അതൊരിക്കലും കഥാകൃത്ത് പറയുന്നില്ല.

സ്ത്രീ അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരം, ജീവിതവഴിയിൽ പലതരത്തിലുള്ള ദുരിതങ്ങളും നൊമ്പരങ്ങളും പേറുന്ന സ്ത്രീകൾ, ഒറ്റപ്പെട്ടു പോയവരുടെ നൊമ്പരങ്ങൾ വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു നോവലാണ് മുദ്രിത.