Type: കവിത
Written by: പി ടി തമ്പി
ആടിക്കാലം പോയല്ലൊ കോടക്കാർ മാഞ്ഞല്ലോ
ആടിവേട' നാടി'പ്പോയൊരു നാൾ വഴിയേ
ചിങ്ങനിലാവൊളി കുങ്കുമം പൂശിയ
തങ്കക്കതിരണി വയൽ വരമ്പുകളിൽ
'കിണി' 'കിണി' യെന്നൊരു മണി നിസ്വനമോടെ
ചെണ്ടപ്പെരുമ്പറ യകമ്പടിയോടെ
മോടിയെഴുന്നൊരു ചിങ്ങത്തെയ്യത്താറ്
ആടി വരുന്നതു കണ്ടോ ഓണത്താറ്.
പാദസരമില്ലാ പ്പാദുകമില്ലാതീ -
പ്പാതകൾ താണ്ടി വരുമൊരു ദൈവത്താറ്...
'തറി' യുടെ നാട്ടിൽ 'തിറ'യുടെ നാട്ടിൽ
തെയ്യപ്പെരമകളുറയും നാട്ടിൽ
വണ്ണാൻ കുടിലുകൾ ചന്തം ചാർത്തുന്നൊരു -
വണ്ണാത്തിപ്പുഴ യൊഴുകും മമ നാട്ടിൽ
ഒറ്റച്ചെണ്ടയുമായൊരു പെരുവണ്ണാൻ
കിട്ടും കാഴ്ചകൾ വാങ്ങാൻ മറ്റൊരു വണ്ണാൻ
കൂടി വരുന്നൊരു വഴിയിലെതിരേ
ഓട്ടുമണിയേന്തിക്കുട്ടി ത്തെയ്യം നില്‌ക്കെ
കൂട്ടയിലുള്ളതു നേദിക്കാ - മെന്നുടെ
വീട്ടിൽ വരുമോ ?യെന്നതുകേട്ടൊന്നന്തിച്ചോ
ചിങ്ങപ്പുലരൊളി തന്നിൽ മുങ്ങിപ്പൊങ്ങീ -
ട്ടങ്ങനെ നിന്നേയോണത്താറ് - പാവം ദൈവത്താറ്..!
ഓണത്താറ് - വടക്കേ മലബാറിൽ ഓണത്തിനോടനുബന്ധിച്ച് കെട്ടിയാടുന്ന തെയ്യമാണ് ഓണത്താറ്. ഓട്ടുമണിയും കിലുക്കി ഒറ്റച്ചെണ്ടയുടെ താളത്തിലാണ് തെയ്യത്തിൻ്റെ വരവ്. വണ്ണാൻ സമുദായത്തിലെ ആൺകുട്ടികളാണ് ഓണത്താർ വേഷം കെട്ടുന്നത്. നഗ്നപാദനായാണ് ഓണത്താർ ചുവടുവയ്ക്കുന്നത്.