📝 അമ്മ

Written by സിനി തോമസ്

അമ്മ

Type: കവിത

Written by: സിനി തോമസ്

ഒരാൾ വളർന്നു തുടങ്ങുന്നത്
എന്നു മുതലാണ്

പറക്കുന്ന കുതിരപ്പുറത്ത്
കടലിനക്കരെയുള്ള
പവിഴക്കൊട്ടാരത്തിലേയ്ക്ക് പോയ
രാജകുമാരനും രാജകുമാരിയും
ഇനി മടങ്ങിവരില്ല എന്ന സത്യം
അംഗീകരിക്കുന്നത്

തല തണുക്കെ എണ്ണതേച്ച്
ഇടതൂർന്ന് വളർന്ന മുടിയിഴകൾ
കൊഴിഞ്ഞു തുടങ്ങിയെന്നും
അങ്ങിങ്ങ് വെള്ളി രേഖകൾ
തെളിഞ്ഞു തുടങ്ങിയെന്നും
തിരിച്ചറിയുന്നത്

കനലിൽ ചുട്ടരച്ച ചമ്മന്തിയെ വെല്ലാൻ
പഞ്ചനക്ഷത്ര ഹോട്ടലിലെ
തീ തുപ്പുന്ന വിഭവങ്ങൾക്കാവില്ല
എന്ന് പ്രഖ്യാപിക്കുന്നത്

അടുക്കളപ്പുറത്തുനിന്നും
നീണ്ടു വന്ന കൈകൾ
വരച്ച ലക്ഷ്മണ രേഖയാണ്
മായക്കാഴ്ച്ചകളെ ഇത്രനാളും
മറച്ചുപിടിച്ചതെന്ന് മനസിലാക്കുന്നത്

സ്നേഹിക്കുന്നവർ ചുറ്റിനും നിൽക്കുമ്പോഴും
പലപ്പോഴും ഒറ്റയ്ക്കാണെന്ന് തോന്നിത്തുടങ്ങിയതും
എന്നു മുതലാണ്

കൺവെട്ടത്തു നിന്നും അമ്മ
ഉൾക്കണ്ണിൻ്റെ വെട്ടത്തിലേയ്ക്ക്
മാറിക്കിടന്നതു മുതൽ