Type: കവിത
Written by: സിനി തോമസ്
അമ്പലപ്പറമ്പിലെ ഉത്സവത്തിരക്കിലേയ്ക്ക്
ദീപ പ്രഭയിൽ കുളിച്ച്
വർണ്ണങ്ങളുടെ ഗന്ധങ്ങളുടെ
ശബ്ദങ്ങളുടെ ഘോഷം
നാട്യ നടന വിസ്മയങ്ങൾ
അരങ്ങു വാഴുന്നു.
ചക്രരാക്ഷസക്കയ്യിൽ പിടിച്ചവർ
ഉയർന്നു മാനം തൊട്ടു തിരിച്ചിറങ്ങുന്നു.
കണ്ടു കണ്ടൊടുവിലെത്തിയത്
ഒരു മരണക്കിണറിൻ്റെ അരികിൽ
ഒരാൾ പൊക്കത്തിലൊരു കൗണ്ടർ
ആഴങ്ങൾ കാണാൻ ഉയരത്തിൽനിന്ന്
കിട്ടുന്ന അനുമതി പത്രം
അല്ലെങ്കിലും തിക്കും തിരക്കും
തട്ടും തലോടലും താഴെയാണല്ലോ
ടിക്കറ്റു വാങ്ങി മുകൾത്തട്ടിലേയ്ക്ക് കയറുമ്പോഴും
ആളുകളെ മാടി വിളിക്കുന്ന സ്വരം
ഉച്ചഭാഷിണിയിൽ മുഴങ്ങികേൾക്കുന്നു.
ഗ്യാലറി നിറയാനുള്ള കാത്തിരിപ്പിനിടയിലാണ് അത് കണ്ടത്
ചേർത്തുവച്ച പലകകളിൽ ചിലത്
ദ്രവിച്ച വിള്ളലുകൾ
ഊഴമനുസരിച്ച് ഉള്ളിലെത്തിയ വണ്ടികൾ വേഗമാർജ്ജിച്ച്
ഓടിക്കൊണ്ടേയിരുന്നു
മുകളിലേയ്ക്കും താഴേയ്ക്കും
ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും
കൈവിട്ടും കൈ വീശിയും
അഭ്യാസങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
വണ്ടികളുടെ ഇരമ്പലും
കാൽച്ചുവട്ടിലെ കുടുക്കവും കണ്ണിലുടക്കിയ വിള്ളലുകളും
ഉയിരുവിറച്ചൊരാധിയിൽ
കണ്ണുകൾ ഇറുക്കിയടച്ചു
രണ്ടു തൂണുകൾക്കിടയിലെ
വിടവിലൂടെ വന്ന് വീണത്
മരണക്കിണറിലാണ്
കണ്ണു തുറന്ന് അലറിക്കരയാൻ തുടങ്ങുമ്പോഴേയ്ക്കും വണ്ടി
ഓടിത്തുടങ്ങിയിരുന്നു
പതിയെപ്പതിയെ വേഗമാർജ്ജിച്ച്
ആരോ കണക്കൊപ്പിച്ച വഴികളിലൂടെ
ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും
വിടവുകൾ ചാടിക്കടന്നും
കൈവിട്ട കളികളുമായി ഓട്ടം തുടരുന്നു.
അവസാന വിസിൽ മുഴങ്ങും വരെ