📝 കുളീരങ്ങളുടെ നാട്ടിൽ

Written by സിനി തോമസ്

കുളീരങ്ങളുടെ നാട്ടിൽ

Type: കവിത

Written by: സിനി തോമസ്

കുളീരങ്ങളുടെ* നാട്ടിൽ
കർക്കിടപ്പെയ്ത്തിൽ നനഞ്ഞ്
പോർമുഖത്ത് തുടരുന്നവർ.
ഒളിഞ്ഞും തെളിഞ്ഞും പിൻവാങ്ങിയും
യുദ്ധ മുറകൾ പയറ്റുന്നവർ.

ജയത്തിൻ്റെ ആരവങ്ങൾക്കിടയിലും
പലതും നഷ്ടമാകുന്നുണ്ടാകാം.
അറ്റു വീഴുന്ന ശിരസ്സിനേക്കാൾ വലുതല്ലല്ലോ
അംഗഭംഗത്തിൻ്റെ ആകുലതകൾ.

പോർമുഖം വീണ്ടും തുറക്കുന്നു.
യുദ്ധ കാഹളം മുഴങ്ങിക്കഴിഞ്ഞു.
പിന്നിലേയ്ക്കെന്ന ധാരണ തന്ന്
ഇറുക്കു കാലിലൊളിപ്പിച്ച വാളിന്
മൂർച്ച കൂട്ടുന്നത് ചാരക്കണ്ണുകൾ
ഒപ്പിയെടുത്തു കഴിഞ്ഞു.

ഇനി യുദ്ധം തുടങ്ങാം
കിറേനേക്കാരൻ ശിമയോൻ്റെ**
ഒട്ടും പാകമാകാത്ത കുപ്പായം
എടുത്തുടുത്ത് അര മുറുക്കാം.
കവണയും കല്ലുമായി
ഗോലിയാത്തിനെതിരെ നിന്ന
ദാവീദിൻ്റെ ആത്മധൈര്യത്തോടെ.

*ഞണ്ട്, കർക്കിടക രാശി എന്നിങ്ങനെ രണ്ടർത്ഥം.
**യേശുവിനെ കുരിശു ചുമക്കാൻ സഹായിച്ച ശിമയോൻ.