📖 പൊന്നുടുമ്പ്

Written by എ ആർ പ്രദീപ്

Type: ചെറുകഥ

Written by: എ ആർ പ്രദീപ്


വൈകുന്നേരം ടൗണിലേക്കിറങ്ങിയതാണ്. പ്രത്യേകിച്ച് ഉദ്ദേശം ഒന്നും ഇല്ല. നാല് ആൾക്കാരെ കാണുക ചാർ ബാത് അടിക്കുക, അത്യാവിശ്യം സാധനങ്ങൾ ഒക്കെ വാങ്ങി തിരിച്ചു പോരിക.

സംസാരത്തിടയിലാണ് ഫോൺ റിങ്ങ് ചെയ്തത്. മനോജാണ്. ഞങ്ങൾ ഒരുമിച്ച് എയർഫോഴ്സിൽ ഉണ്ടായിരുന്നതാണ്. ഞങ്ങളെല്ലാം അച്ചായന്റെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ്. മനോജ് കുറച്ച് ജൂനിയറാണെന്ന് മാത്രം.

പ്രദീപേട്ടാ തിരക്കിലാണോ... നമ്മുക്കെന്ത് തിരക്ക്. ആൾക്കാരൊക്കെ വിളിക്കുമ്പോൾ നമ്മൾ വലിയ തിരക്കിലാണെന്ന ഭാവത്തിലാണ് സംസാരിക്കുക. അതാണീ ചോദ്യം.

ഇപ്പഴും കുറച്ചില്ല. ഞാൻ പറഞ്ഞു കുറച്ച് തിരക്കിലാണ് എന്നാലും മനോജ് പറഞ്ഞോ.

അല്ല പ്രദീപേട്ടാ ഞാൻ ഒരു കല്ല്യാണത്തിന് കണ്ണൂര് വരുന്നുണ്ട്. പ്രദീപേട്ടന്റെയീ ആലക്കോട് കുറെ ദൂരെയാണോ. ഒന്നു വിസിറ്റ് ചെയ്താലോന്നുണ്ട്.

മനോജേ അധികം ദൂരം ഒന്നും ഇല്ല ഒരു ഒന്നര മണിക്കൂർ. എത്തണ്ട വഴിയെല്ലാം ഞാൻ മനോജിന് പറഞ്ഞു കൊടുത്തു.

പിറ്റേന്ന് വൈകുന്നേരം ഞാനും മനോജും പോർക്ക് ഫ്രൈയും കൂട്ടി ഓരോ പീറ്റർ സ്കോട്ടും സിപ്പ് ചെയ്ത് പട്ടാളത്തിലെ പഴയ കഥകളും പറഞ്ഞിരിക്കുന്നു. പീറ്റർ സ്കോട്ട് മനോജ് കൊണ്ടുവന്നതാണ്. ഞാൻ വാങ്ങിയ സിഗ്നേച്ചർ നിരാശനായി ഇരിക്കുകയാണ്.

മനോജേ നമ്മള് പണ്ട് ഉടുമ്പിനെ കറി വെച്ചതോർമ്മയുണ്ടോ...

പിന്നെ.... അതൊരു നാലഞ്ചു കിലോ ഇല്ലാരുന്നോ. ഉടുമ്പിനെ കറി വെക്കാൻ ആർക്കും അറിയാത്തതുകൊണ്ട് നമ്മള് പോയി അച്ചായനെ കൂട്ടിക്കൊണ്ട് വന്നത്. അച്ചായൻ അന്ന് കല്യാണം ഒക്കെ കഴിഞ്ഞ് അച്ചായത്തിയേയും കൂട്ടി വന്നതേ ഉള്ളു. അവസാനമായപ്പഴേക്കും അച്ചായൻ ഉടമ്പു പോലായി. താങ്ങിയെടുത്തു കൊണ്ടുപോയാണ് അച്ചായത്തിയുടെ കാൽക്കൽ സമർപ്പിച്ചത്.

പ്രദീപേട്ടാ എനിക്കീ ഉടുമ്പു പോലുള്ള സാധനങ്ങളെ അന്നും ഇന്നും പേടിയാ. പണ്ടൊരു കഥയുണ്ടായി ചെറുപ്പത്തിലാ... പട്ടാളത്തിലൊക്കെ ചേരുന്നതിന് മുൻപ്.

മനോജ് ഗ്ലാസ്സിലിരുന്ന പീറ്ററിനെ എടുത്ത് വായിലേക്ക് കമഴ്ത്തി. ഒരു കഷ്ണം പോർക്ക് ഫ്രൈ വായിലേക്കിട്ടു... ആഹാ... ഉഗ്രൻ. ഗ്ലാസ്സിലേക്ക് ഒരു പീറ്ററിനെ കൂടി ഒഴിച്ച് കഥ പറയാൻ തയ്യാറായി.

പ്രദീപേട്ടാ ആരാ പോർക്ക് ഫ്രൈ വെച്ചത് ചേച്ചിയാണോ. ഞാൻ പറഞ്ഞു കൃതി എന്റേതാ... അവള് കുറച്ച് സഹായിച്ചിട്ടുണ്ട്. മനോജ് കഥ പറ.

എന്റെ ചെറുപ്പത്തില് എന്റെ ചേച്ചീടെ മോന് ഒരു ഉടുമ്പിനെ കിട്ടി. ചെറുതാ... പക്ഷെ നല്ല സ്വർണ്ണത്തിന്റെ നിറം. ആരോ പറഞ്ഞു പൊന്നുടുമ്പാ കളയണ്ടാന്ന്. ഇവൻ ഇതിന്റെ അരക്ക് ഒരു കയറ് ഒക്കെ കെട്ടി മുറ്റത്തെ തെങ്ങിൻ ചുവട്ടിൽ കെട്ടിയിട്ടു. വളത്താനാ... എനിക്കാണേൽ ഈ സാധനത്തിനെ ഭയങ്കര പേടിയും. ഞാൻ അന്ന് ഒരു അശു പോലാ. ഈ തടിയൊന്നും ഇല്ല.

എനിക്ക് ഓർമ്മ വന്നു മനോജ് പട്ടാളത്തിൽ വരുമ്പോൾ മെലിഞ്ഞാണിരുന്നത്. പിന്നെ അച്ചായന്റെ കൂടെ കൂടിയേപ്പിന്നാ അവിടേമിവിടേമൊക്കെ അല്പം മാംസം വെച്ചത്.

ഞാൻ പേടി പുറത്തു കാണിക്കാതെ അനിന്തരവനോട് പറഞ്ഞു. എടാ നമ്മൾ ഒരു ജീവികളേയും ഉപദ്രവിക്കാൻ പാടില്ല അതിനെ അഴിച്ച് വിട്ടേക്കെന്ന്. ചെക്കൻ കേക്കണ്ടേ... എന്റെ അച്ഛനും അവന്റെ കൂടെ ചേർന്നു. ഞാൻ ഒന്നും മിണ്ടാതെ തിണ്ണയിൽ വന്നിരുന്നു.

പയ്യൻസ് രാവിലെ മുതൽ ഉടുമ്പിന് തീറ്റ കൊടുക്കലാണ്. രാവിലെ ഇഡ്ഡലീം സാമ്പാറും ചട്ണിയും, ഉച്ചക്ക് ചോറ് തൈരും കൂട്ടി കുഴച്ച് അച്ചാറും പാവക്ക കൊണ്ടാട്ടവും, വൈകുന്നേരം കഞ്ഞീം പയറും പപ്പടവും. ഏതായാലും തീറ്റയുടെ കൂടുതലുകൊണ്ടാണന്നറിയില്ല മൂന്ന് ദിവസം കൊണ്ട് പൊന്നുടുമ്പ് ക്ഷീണിച്ച് കെട്ടിൽനിന്നൂരിപ്പോയി. ഞാൻ എന്റെ സന്തോഷം പുറത്തു കാണിക്കാതെ നടന്നു.

അന്ന് അച്ഛന് ഒരു കടയുണ്ട് ടൗണിൽ. ഞാൻ ഇടക്കൊക്കെ പോയി കടയിൽ ഇരിക്കാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ കടയിൽ ഇരിക്കുമ്പോൾ ഒരു പയ്യൻ ഓടി വന്ന് എന്നോട് പറഞ്ഞു ചേട്ടനെ ദാ അവിടെ ആ ചേച്ചിമാർ വിളിക്കുന്നുണ്ട്. അങ്ങോട്ട് വരാൻ പറഞ്ഞു.

കടയുടെ പുറകിൽ കുറച്ച് മാറി ഒരു കോളനി പോലെ അഞ്ചാറ് വീട്ടുകാർ താമസിക്കുന്നുണ്ട്. അവിടുത്തെ ചേച്ചിമാരാണ് വിളിക്കുന്നത്. ഞാൻ പതുക്കെ അങ്ങോട്ട് ചെന്നു. അവരെല്ലാം വട്ടത്തിൽ കൂടി നിൽക്കുകയാണ്. എന്നെ കണ്ടപാടെ ഒരു ചേച്ചി സന്തോഷത്തോടെ പറഞ്ഞു "മനോജേ നിന്റെ ഉടുമ്പിതാ ഇരിക്കുന്നു. പിടിച്ചോണ്ട് പൊക്കോ..."

ഞാൻ നോക്കുമ്പോ ഒരു വലിയ ഉടുമ്പ് വീട്ടിൽ വന്ന ഉടുമ്പിന്റെ ഒരു പത്തിരട്ടി വലിപ്പമുണ്ട്. അതിനെ കണ്ടപാടെ എന്റെ മുട്ട് രണ്ടും കൂട്ടിയിടിച്ചു.

ഞാൻ ചോദിച്ചു അല്ല ഇതിനെയിപ്പോ എങ്ങിനാ പിടിക്കുക.

ഒരു കാര്യം ചെയ്യ് നീ കടേൽ പോയി ഒരു ചാക്ക് എടുത്തോണ്ട് വാ നമ്മക്ക് എങ്ങിനെയെങ്കിലും ഇതിനെ ചാക്കിൽ കേറ്റാം

ഞാൻ പതുക്കെ കടേൽ ചെന്ന് ഒരു ചാക്ക് എടുത്ത് വളരെ പതുക്കെ അങ്ങോട്ട് നടന്നു. ഞാൻ ചെല്ലുമ്പഴേക്കും ഉടുമ്പ് പോയാൽ മതിയായിരുന്നു.

ഞാൻ ചെല്ലുമ്പോൾ കാണുന്നത് പള്ളിയിലെ കപ്യാരും വേറൊരാളും കൂടി ഉടുമ്പിനെ പിടിച്ച് ഒരു ചാക്കിലാക്കിയിരിക്കുന്നതാണ്. കുറച്ച് അപ്പുറത്ത് ഒരു വർക്ക് ഷോപ്പ് ഉണ്ട് അവരുടെ ജീപ്പിനെന്തോ പറ്റിയിട്ട് നോക്കാൻ വന്നതാ. ചേച്ചിമാരുടെ ബഹളം കേട്ട് എത്തിയതാ. കപ്യാര് ഉടുമ്പിനെ കൊണ്ടുപോകാനുള്ള പരിപാടിയാണ്. എനിക്ക് സന്തോഷമായി. പക്ഷെ ചേച്ചിമാരുണ്ടോ സമ്മതിക്കുന്നു.

കപ്യാരേ ഇത് മനോജിന്റെ ഉടുമ്പാ.... നിങ്ങക്ക് കൊണ്ടുപോകാൻ പറ്റത്തില്ല മനോജിന് കൊടുത്തേ പറ്റൂ...

കപ്യാര് മനസ്സില്ലാ മനസ്സോടെ എന്നോട് പറഞ്ഞു എന്നാ നീ ചാക്ക് തുറക്ക് ഞാൻ ഇതിനെ അതിലേക്കിട്ട് തരാം... അതിനിടക്ക് കപ്യാര് ആത്മഗതം അടിക്കുന്നുണ്ട്... നമ്മുടെ പള്ളീലെ അച്ചൻ ഒരു മൃഗ സ്നേഹിയാ ഇതിനെ അച്ചന് വളത്താൻ കൊടുത്തേക്കാമെന്ന് വെച്ചാരുന്നു അല്ലാതെ എനിക്ക് തിന്നാനൊന്നുമല്ല.

കപ്യാര് ചാക്ക് തുറന്നതും ഒറ്റ ചാട്ടത്തിന് ഉടുമ്പ് വെളിയിലെത്തി. ചേച്ചിമാര് എന്നോട് പറഞ്ഞു മനോജേ അതിന്റെ പുറകേ ഓടെടാ അതിനെ പിടിക്ക് . ഞാൻ ചേച്ചിമാരെ കാണിക്കാൻ വേണ്ടി കുറച്ച് ഓടിയെങ്കിലും ഉടുമ്പിന്റെ പൊടി പോലും കണ്ടില്ല.

മനോജ് ഒന്നു നിറുത്തി മിസ്റ്റർ പീറ്ററിനെ ഒന്നുകൂടി വിഴുങ്ങി. രണ്ട് കഷ്ണം പോർക്ക് എടുത്ത് വായിലിട്ടു. ആഹാ നല്ല എരിവ്...

എന്നിട്ട് പ്രദീപേട്ടാ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ കടയിൽ ഇരിക്കുമ്പോളുണ്ട് കുറച്ചപ്പുറത്ത് മലഞ്ചരക്ക് കട നടത്തുന്ന ബേബിച്ചേട്ടന്റെ പണിക്കാരൻ ഓടി വരുന്നു.

മനോജേ വേഗം വാടാ നിന്റെ ഉടുമ്പ് ഞങ്ങടെ കടേൽ കേറീട്ടുണ്ട്.

ഞാൻ പതുക്കെ അങ്ങോട്ട് നടന്നു. ബേബിച്ചേട്ടൻ ഉടുമ്പ് വെളിയിൽ ചാടാതിരിക്കാൻ കടയുടെ രണ്ട് ഷട്ടറും താഴ്ത്തിയിട്ട് വെളിയിൽ നിക്കുവാ...

അല്ല ഇതിപ്പം ഇവനെക്കൊണ്ട് തന്നെ ഇതിനെപ്പിടിക്കല് നടക്കൂല നീ പോയി നമ്മുടെ ജോയിയെ വിളിച്ചോണ്ട് വാടാ... ബേബിച്ചേട്ടൻ പണിക്കാരനോട് പറഞ്ഞു.

ജോയി നാട്ടിലെ ജിം ആണ് ഞങ്ങെടെയൊക്കെ ആരാധനാപാത്രവും. അല്പ സമയത്തിനകം ജോയി രണ്ട് കക്ഷത്തിലും ഒരോ നാരങ്ങയും വെച്ച് വന്നു.

ബേബിച്ചേട്ടൻ പറഞ്ഞു ജോയി ഞാൻ ഷട്ടർ അല്പം പൊക്കാം നിങ്ങൾ രണ്ട് പേരും അകത്ത് കേറി അതിനെ എങ്ങിനെയെങ്കിലും പിടിക്കണം.

ഞാനും ജോയിയും കൂടി അകത്ത് കേറി. റബ്ബർ ഷീറ്റ് അട്ടിയിട്ടതിന്റെ മുകളിൽ ആശാൻ ഇരിക്കുന്നുണ്ട്. ജോയി ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ചതും അത് എടുത്തൊരു ചാട്ടം ചാടിയതും ഒരുമിച്ചായിരുന്നു. എന്റെമ്മച്ചീന്നും വിളിച്ച് ജോയി പുറകോട്ട് മലന്നടിച്ചു വീണു. ഉടുമ്പ് ഷട്ടറിന്റടിയിൽ കൂടി സ്കൂൾ ഗ്രൗണ്ടിലേക്കോടി.

ഞാൻ ആശ്വാസത്തോടെ വീട്ടിലേക്ക് നടന്നു. സ്കൂൾ ഗ്രൗണ്ട് വിശാലമാണ് അതിനപ്പുറത്ത് വലിയ റബ്ബർ തോട്ടവും അതിനെ ഇനി ആരും കാണാൻ പോകുന്നില്ല.

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീട്ടിലിരിക്കുമ്പോഴുണ്ട് അയൽപക്കത്തെ പപ്പേട്ടൻ ഓടി വരുന്നു. മനോജേ വേഗം വാ നിന്റെ ഉടുമ്പതാ ഞങ്ങടെ വീടിന്റെ പുറകിലെ കയ്യാലയിലിരിക്കുന്നു...