📖 ഗൂഗ്ൾ മീറ്റ്

Written by എ ആർ പ്രസാദ്

Type: ചെറുകഥ

Written by: എ ആർ പ്രസാദ്


കോവിഡ്കാല പരിപാടികളെല്ലാം ഗൂഗ്ൾ മീറ്റിലേക്ക് മാറിയപ്പോൾ മറ്റ് നിവൃത്തിയില്ലാതെയാണ് അയാളും ഗൂഗ്ൾ മീറ്റ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഈ സങ്കേതിക വിദ്യാ സൗകര്യങ്ങളോട് തുടക്കത്തിലത്ര മമതയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ദിവസമേറെ ചെല്ലും മുൻപ് അയാൾ ഗൂഗ്ൾ മീറ്റിൻ്റെ ആരാധകനായി മാറി.

സാങ്കേതിക വിദ്യയിലെ പരിചയക്കുറവും ഫോൺ സ്ക്രീനിൽ ദീർഘനേരം നോക്കിയിരിക്കുന്നതിൻ്റെ മടുപ്പുമായിരുന്നു പ്രാരംഭത്തിലയാളുടെ പ്രശ്നങ്ങൾ.

പക്ഷെ രണ്ടു മൂന്നു മീറ്റിംഗുകളിൽ പങ്കെടുത്തതോടെ അയാളുടെ ആത്മവിശ്വാസം വർധിച്ചു. മാത്രമല്ല ചില കൗശലങ്ങൾ പ്രയോഗിച്ചാൽ ഗൂഗ്ൾ മീറ്റുപയോഗിച്ച് ജീവിതത്തിലെ പല അലട്ടലുകളെയും വളരെ എളുപ്പത്തിൽ മറികടക്കാമെന്നുമയാൾ കണ്ടെത്തി.

അതോടെ തൻ്റെ സന്ധ്യാ ജീവിതത്തെ അയാൾ ഗൂഗ്ൾ മീറ്റിന് മുൻപിൽ സമർപ്പിച്ചു.

നിരവധി സംഘടനകളിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും അംഗമായിരുന്നതുകൊണ്ട് ദിവസേന അഞ്ചും ആറും മീറ്റിംഗുകളുടെ ലിങ്കുകൾ അയാളുടെ ഫോണിലേയ്ക്കെത്തിയിരുന്നു.

പക്ഷെ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും രണ്ടിൽ കൂടുതൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുവാനയാൾക്ക് സമയം ലഭിച്ചിരുന്നില്ല.

അയാളുടെ ഹാജരില്ലായ്മയെ ചൊല്ലിയുള്ള സംഘാടകരുടെ പരാതികളും പരിഭവങ്ങളും മെസ്സേജുകളായും വിളികളായും പല വഴികളിൽ നിന്നും ഫോണിലേയ്‌ക്കെത്തിക്കൊണ്ടിരുന്നത് അയാളെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്തു.

ഗൂഗ്ൾ മീറ്റിൽ സ്ഥിരമായിപങ്കെടുത്തപ്പോൾ അയാളൊരു കാര്യം ശ്രദ്ധിച്ചു. പലരും മീറ്റിംഗുകളിൽ കയറി അൽപ സമയത്തിനകം തന്നെ അവിടെ നിന്നും അപ്രത്യക്ഷമാകുന്നുണ്ട്.

പിന്നെ മീറ്റിംഗ് തീരുന്നതിനിടയിൽ എപ്പോഴെങ്കിലുമൊന്നവർ കയറി വന്നാലായി.

ഒരേ സമയം പല മീറ്റിംഗുകളിൽ പങ്കെടുത്ത് അവിടെയെല്ലാം ഹാജർ വെച്ച് സംഘാടകരെ തൃപ്തിപ്പെടുത്തി പിൻവാങ്ങുകയാണ് ഇത്തരമാളുകളുടെ തന്ത്രമെന്നയാൾക്ക് പറഞ്ഞു കൊടുത്തത് സുഹൃത്ത് അശോകനായിരുന്നു.

പരീക്ഷണാർത്ഥം ഒന്നു രണ്ടു വട്ടം അതേ രീതി പിൻതുടർന്നപ്പോൾ ഈ കളി കൊള്ളാമല്ലോയെന്നയാൾക്കും തോന്നി. അയാളും അതേപാത പിൻതുടർന്നതോടെ ഒരു ദിവസം അഞ്ചും ആറും മീറ്റിംഗുകളിൽ പങ്കെടുത്ത് എല്ലാ സംഘാടകരുടെയും പ്രീതി പിടിച്ചു പറ്റാൻ അയാൾക്കും സാധിച്ചു.

മീറ്റിംഗിലേയ്ക്കെത്തിയാൽ തൻ്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനായി ക്യാമറ ഓൺ ചെയ്ത് സംഘാടകരുടെ പേരെടുത്ത് വിളിച്ച് അയാളവരെ വിഷ് ചെയ്യും. മീറ്റിംഗ് തുടങ്ങിയതിനു ശേഷമാണയാളെത്തുന്നതെങ്കിൽ, മൈക്ക് മ്യൂട്ട് ചെയ്യാത്തവർ അത് ചെയ്യണം, സൗണ്ട് അൽപം കൂടി ആവാം. ക്ലാരിറ്റി സ്വല്പം കുറവുണ്ട് തുടങ്ങി നിർദ്ദോഷങ്ങളായ ചില കമൻറുകളോ, അവതരണം ഗംഭീരം, തീരു മാനങ്ങൾക്ക് പിൻതുണ എന്നിങ്ങനെയുള്ള ചില അഭിപ്രായങ്ങളോ ചാറ്റ് ബോക്സിലെഴുതിയിട്ട് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച ശേഷം അയാളവിടെ നിന്നുമിറങ്ങി അടുത്ത മീറ്റിംഗിലേയ്ക്കോടും. അവിടെയും ഇതേ 'കലാപരിപാടികൾ' തന്നെ ഭംഗിയായി ആവർത്തിക്കും.

അങ്ങനെ കോവിഡ് കാലത്ത് ഗൂഗ്ൾ മീറ്റ് എന്ന 'ആപ്പി'ലൂടെ അയാൾ എല്ലാ സംഘടനകളുടെയും പ്രിയപ്പെട്ടവനായി മാറുകയും റിട്ടയർ ചെയ്തതിനു ശേഷം ദിവാകരേട്ടനെ ഒന്നിനും തീരെ കാണുന്നില്ലല്ലോയെന്ന 'മുന' വെച്ച കുശലത്തെ വളരെയെളുപ്പത്തിൽ മറികടക്കുകയും ചെയ്തു.

വീട്ടിൽ അത്താഴമൊരുക്കാനുള്ള ചുമതല അയാളുടേതാവുന്ന ദിവസങ്ങളിൽ മറ്റൊരു വിദ്യയാണ് അയാൾ പ്രയോഗിച്ചിരുന്നത്. ഗൂഗ്ൾ മീറ്റിൽ കൃത്യസമയത്ത് പ്രവേശിച്ച് ഹാജരുറപ്പു വരുത്തിയതിനു ശേഷം ക്യാമറയും മൈക്കും ഓഫ് ചെയ്ത് ഫോൺ മേശപ്പുറത്ത് വെച്ച് അയാൾ അടുക്കളപ്പണികളിൽ വ്യാപൃതനാവും.

അത്താഴമൊരുക്കലെല്ലാം കഴിഞ്ഞ് തിരിച്ചു ഫോണിലേക്കയാൾ പരകായപ്രവേശം നടത്തുമ്പോഴേയ്ക്കും മിക്കവാറും പരിപാടി അവസാനിച്ചിട്ടുണ്ടാവും. ചിലനേരം സംഘാടകരിൽ ചിലർ അനൗപചാരിക സംഭാഷണങ്ങളുമായവിടെ കറങ്ങുന്നുണ്ടാവും.

അയഞ്ഞ മനസ്സോടെ അവരുടെ കളിചിരി തമാശകൾക്കൊപ്പമയാളും പങ്ക് ചേരും.

അപൂർവ്വം സന്ദർഭങ്ങളിൽ മാത്രം അയാൾ തിരിച്ചെത്തുമ്പോഴേയ്ക്കും പരിപാടിയവസാനിപ്പിച്ച് സംഘാടകരും സ്ഥലം വിട്ടിട്ടുണ്ടാവും. അപ്പോഴയാളവിടെ ഒറ്റയ്ക്കാവും. എന്തുകൊണ്ടോ ഗുഗ്ൾ റൂമിൻ്റെ ആ ഏകാന്തതയെയും നിശ്ശബ്ദതയേയും അയാളേറെ ഇഷ്ടപ്പെട്ടു. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിൻ്റെ ഓർമ്മകളുമായി അൽപസമയമവിടെ തങ്ങി നിന്നതിനു ശേഷം നഷ്ടസ്മൃതികളേകിയ സുഖകരമായ ആലസ്യത്താടെ അവിടെ നിന്നും അയാൾ പുറത്തു കടക്കും.

വീട്ടിലും അനൽപമായ സമാധാനവും സന്തോഷവുമാണ് അയാളനുഭവിച്ചത്. അധ്യാപികയായ ഭാര്യയും വർക്ക് ഫ്രം ഹോമിലുള്ള മക്കളും മിക്കവാറും സമയം ഓൺലൈനിലോ ഗൂഗ്ൾ മീറ്റിങ്ങുകളിലോ ആയിരിക്കും.

മുടങ്ങിക്കിടന്ന വായനയ്ക്കും വല്ലപ്പോഴുമുള്ള കുത്തിക്കുറിക്കലുകൾക്കും വീണ്ടും ജീവൻ കൊടുക്കാനയാളെ സഹായിച്ചത് വീടിൻ്റെ ബഹളങ്ങളൊഴിഞ്ഞ ഈ അന്തരീക്ഷമായിരുന്നു.

അങ്ങനെ യൗവ്വനത്തിൻ്റെ പ്രസരിപ്പും ഊർജ്ജവും വീണ്ടുമയാളുടെ മനസ്സിലും ശരീരചലനങ്ങളിലും ദൃശ്യമായിത്തുടങ്ങി. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അയാളും ഭാര്യയും തമ്മിലുണ്ടായിക്കൊണ്ടിരുന്ന ശണ്ഠകൾക്കും ഗൂഗ്ൾ മീറ്റിനെയൊരു പരിഹാരമായി മാറ്റുന്നതിലയാളുടെ കുബുദ്ധി വിജയിച്ചിരുന്നു.

ഭാര്യ ഗൂഗ്ൾ മീറ്റിലുള്ള സമയം നോക്കി വാതിൽ അൽപം ശബ്ദത്തോടെ തള്ളിത്തുറന്ന് അയാൾ ഭാര്യയുടെ മുറിയിൽ പ്രവേശിക്കും. സ്റ്റാഫ് മീറ്റിംഗിലോ, പി.ടി.എ മീറ്റിംഗിലോ ശ്രദ്ധാലുവായിരിക്കുന്ന ഭാര്യ തെല്ല് അലോസരത്തോടെ എന്താ എന്ന അർത്ഥത്തിൽ തലയുയർത്തും. പരിഹാരമുണ്ടാവാതെ കിടക്കുന്ന വീട്ടു പ്രശ്നങ്ങൾ, ആദ്യ കേൾവിയിൽ തന്നെ ഒബ്ജക്ഷൻ ഉന്നയിച്ച് ഭാര്യ തള്ളിക്കളയാൻ സാധ്യതയുള്ള വിഷയങ്ങൾ എന്നിവ താഴ്ന്ന ശബ്ദത്തിലും ആംഗ്യ ഭാഷയിലുമായയാൾ ഭാര്യയുടെ മുൻപിലവതരിപ്പിക്കും.

ഒപ്പം അയാളുടേതായ ചില പരിഹാര നിർദേശങ്ങളും നിഷ്കളങ്ക ഭാവത്തോടെ മുന്നോട്ട് വെയ്ക്കും.

മീറ്റിംഗ് തടസ്സപ്പെടുന്നതിൻ്റെയും സമയം നഷ്ടപ്പെടുന്നതിൻ്റെയും വേവലാതിയിൽ മനസ്സില്ലാ മനസ്സോടെ ഭാര്യ അയാളുടെ നിർദ്ദേശങ്ങൾക്ക് തലയാട്ടി സമ്മതം നൽകും.

ഒരു തർക്കത്തിൻ്റെയോ ചെറിയൊരു ലഹളയുടെയോ സ്കോപ്പ് ഇല്ലാതായതിൻ്റെ നിരാശ ഭാര്യയുടെ മുഖത്തുണ്ടെന്ന് വെറുതെ സങ്കല്പിച്ച് ഒരുൾച്ചിരിയോടെ അയാൾ മുറിയുടെ പുറത്തു കടക്കും.

ലിംഗനീതിയിൽ വിശ്വസിച്ചിരുന്ന അയാൾക്ക് ഭാര്യയുടെ സമ്മതത്തോടെ കാര്യങ്ങൾ തീരുമാനിച്ചതിൻ്റെ ആശ്വാസവും ഇതിലുടെ ലഭിച്ചിരുന്നു.

ഇതൊന്നുമല്ലാത്ത വളരെ രഹസ്യമായ മറ്റൊരാനന്ദവുമായാൾക്ക് ഗൂഗ്ൾ മീറ്റ് നൽകിയിരുന്നു.

ആത്മാർത്ഥ സുഹൃത്ത് അശോകനോടുപോലുമയാളത് പങ്ക് വെച്ചിരുന്നില്ല.

ആരുമറിയാതെ വല്ലപ്പോഴുമൽപം മദ്യം നുണയുന്നൊരേർപ്പാടയാൾക്കുണ്ടായിരുന്നു. രഹസ്യമായി ഈ അനുഷ്ഠാനം നിർവ്വഹിക്കലൊരു സാഹസ കൃത്യം തന്നെയായിരുന്നു.

ഗൂഗ്ൾ മീറ്റ് വന്നതോടെ സംഗതി എളുപ്പമായി.

'മീറ്റിഗിലാണ് ശല്യപ്പെടുത്തരുത്' എന്നുറക്കെ വിളിച്ചു പറഞ്ഞ് വാതിലടച്ചയാൾ കൊളുത്തിടും. പിന്നെ അലമാരയിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന മധുപാന സാമഗ്രികൾ പുറത്തെടുക്കും. അകമ്പടിക്കാരായ അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി ഇവ മേശപ്പുറത്ത് ഭംഗിയിൽ നിരത്തും ഫോണിലെ മൈക്കിൻ്റെ ശബ്ദം ഉച്ചസ്ഥായിയിലെത്തിക്കും. പിന്നെ കസേരയിൽ ചാരിക്കിടന്ന് അനുസാരികളുടെ അകമ്പടിയോടെ ബോട്ടിലിലെ കശ്മലനെ സ്നേഹത്തോടെ സാവകാശമയാൾ വധിക്കും.

പാട്ടു കേൾക്കാൻ തോന്നിയാൽ 'ഇന്ന് ഗൂഗ്ളിൽ പാട്ടോർമ്മയാണെ'ന്ന് ഭാര്യയും മക്കളും കേൾക്കെ വിളിച്ചു പറഞ്ഞ് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കും.

സ്വന്തം വീട്ടിലിരുന്ന് ഇത്ര ആസ്വാദ്യതയോടെ ഈ കർമ്മമയാളിതിനു മുൻപ് നടത്തിയിട്ടുണ്ടായിരുന്നില്ല.

പാടാൻ തോന്നുന്ന ചില സമയങ്ങളിൽ മേശപ്പുറത്ത് താളമിട്ട് അയാളുടെ ഇഷ്ട ഗായകൻ കമുകറ പുരുഷോത്തമൻ്റെ പാട്ട് ചില്ലറ വ്യത്യാസങ്ങളോടെ പാടും...

"ഗൂഗ്ൾ മീറ്റേ... ജീവിതം..."