04/10/2026 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊട്ടയാട് നടുപ്പറമ്പിൽ മിനി ഓഡിറ്റോറിയത്തിൽ ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം സംഘടിപ്പിച്ച ചടങ്ങിൽ സിനി തോമസിന്റെ കവിതാസമാഹാരം "അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും" പ്രകാശനം ചെയ്തു. കവി വീരാൻകുട്ടി ഉദ്ഘാടനവും പ്രകാശനവും നിർവഹിച്ചു; സാഹിത്യകാരൻ മാധവൻ പുറച്ചേരി പുസ്തകം ഏറ്റുവാങ്ങി. എ.ആർ. പ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു, കെ.വി. സിന്ധു പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് കവിതാ സായാഹ്നവും നടന്നു.
| തീയതി | 04/10/2026 (ഞായർ), വൈകിട്ട് 4 മണി |
|---|---|
| സ്ഥലം | നടുപ്പറമ്പിൽ മിനി ഓഡിറ്റോറിയം, കൊട്ടയാട് |
| സംഘാടനം | ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം |
| പുസ്തകം | അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും (കവിതാസമാഹാരം) – സിനി തോമസ് |
| ഉദ്ഘാടനവും പ്രകാശനവും | കവി വീരാൻകുട്ടി |
| പുസ്തകം ഏറ്റുവാങ്ങൽ | മാധവൻ പുറച്ചേരി |
| അധ്യക്ഷൻ | എ.ആർ. പ്രസാദ് മാസ്റ്റർ |
| പ്രസാധകർ | കൈരളി ബുക്സ് |
| ചിത്രീകരണം | അസ് ലം തിരൂർ |
| പുസ്തക പരിചയം | കെ.വി. സിന്ധു |
| സ്വാഗതം | അഡ്വ. ജിജി കുന്നേമുറി |
| നന്ദി | ജി. പ്രദീപ് |
| അനുമോദനം | ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. നേടിയ ജോൺസ് തോമസ് ചാവനാലിലിനെ അനുമോദിച്ചു |
| പ്രസംഗിച്ചവർ | ടെസി ആലുംമൂട്ടിൽ (ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ്), പ്രിയ രാധാകൃഷ്ണൻ, കെ.കെ. സുരേഷ്ബാബു, ഫാ. ജിയോ പുളിക്കൽ, ഫാ. ആന്റണി തെക്കേമുറി, ജോഷി ചാവനാലിൽ, രാമൻ മാസ്റ്റർ, കെ.എം. ഷാജു, രാധാകൃഷ്ണൻ, സി.എൻ. ഷൈൻകുമാർ, ഒ.എം. ജോർജ്, മുഹമ്മദ് അസ്ലം |
| മറുപടി പ്രസംഗം | സിനി തോമസ് |
| അനുബന്ധം | 2026-ലെ എല്ലാ പരിപാടികളും |
സിനി തോമസ് രചിച്ച 'അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും' കവിതാ സമാഹാരം കവി വീരാൻ കുട്ടി പ്രകാശിപ്പിക്കുന്നു.
പ്രകാശന ചടങ്ങിനെക്കുറിച്ച് റീഡേഴ്സ് ഫോറം അംഗങ്ങളും അതിഥികളും എഴുതിയ കുറിപ്പുകൾ.
ജയശ്രീ ടീച്ചർ
ഒരിടത്ത് ഒരു മിടുക്കി ആയ പെൺകുട്ടി ഉണ്ടായിരുന്നു. നന്നായി പഠിക്കുന്ന, നല്ല പ്രാർത്ഥനയും വിശ്വാസവും ഒക്കെയുള്ള ഒരു പെൺകുട്ടി. പഠിച്ചു ജോലി കിട്ടിയപ്പോൾ, സന്തോഷം ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ അതിന്റെ മറുവശവും ഒപ്പം നടന്നുവന്നു. ആ യാത്രയിൽ ഒപ്പം കൈ പിടിക്കാൻ, ചേർന്നിരിക്കാൻ ഒരാളും കൂടെ കൂടി. അവരൊന്നിച്ച് യാതൊരു പരാതിയും പരിഭവവും ഇല്ലാതെ കഠിനമായ പാതയിലൂടെ കയ്യും പിടിച്ച് ചേർത്തു നടന്നു. എപ്പോഴൊക്കെയോ ഉള്ളിന്റെയുള്ളിൽ അവൾ കവിതയായി പെയ്തിറങ്ങി. ആ കവിത മറ്റുള്ളവരിലേക്കും പെയ്തിറങ്ങുന്നത് കണ്ടവർ ചേർന്നുനിന്ന് ഇന്ന് അവളുടെ കവിത സമാഹാരം പുറത്തിറങ്ങി. നിറഞ്ഞ സദസ്സിന് മുന്നിൽ കാലങ്ങൾ മുഴുവൻ പറയാൻ വച്ചത് ഒരു മറയുമില്ലാതെ പറഞ്ഞത് മനം നിറഞ്ഞു ഒരു സദസ്സ് കേട്ടിരുന്നു. കൂടെ നടക്കുന്ന ദൈവത്തെ കാണാതിരിക്കുന്നതാണ് നമ്മളുടെ പ്രശ്നമെന്നു പറഞ്ഞപ്പോൾ പലരും കൂടെ നടന്ന മനുഷ്യരൂപം പൂണ്ട ദൈവങ്ങളെ ഒരു നിമിഷമെങ്കിലും ഓർത്തിട്ടുണ്ടാവും. ഈയൊരു അത്യപൂർവ സായാഹ്നത്തിന് ഒരുപാട് ഒരുപാട് നന്ദി... സ്നേഹം... സന്തോഷം
ആൽബിൻ ജോർജ്
സ്ത്രീ എഴുത്തുകാർക്ക് എഴുതാൻ സ്വന്തമായി ഒരു മുറി വേണമെന്ന് പറഞ്ഞത് വെർജീനിയ വൂൾഫോ മറ്റോ ആണ്.
എഴുതാൻ ഒരു പക്ഷേ അത് മതിയാവും.
പക്ഷേ ഇന്ന് നടന്നത് മാതിരി ഒരു പുസ്തക പ്രകാശനം നടക്കണമെങ്കിൽ സ്വന്തമായ മുറി പോരാ സ്വന്തമായ മനുഷ്യർ തന്നെ വേണം.
സിനി ചേച്ചിയുടെ സ്വന്തമായ തോമസ് എന്ന മനുഷ്യനും ഒപ്പം ഇന്നിൻ്റെ പരിപാടിയുടെ ഭാഗമായ എല്ലാ മനുഷ്യരും ചേർന്ന് പ്രകാശനം ഗംഭീരമാക്കി.
സിനി ചേച്ചിയുടെ മറുപടി പ്രസംഗം ഉള്ളാകെ പിടിച്ചുലച്ചു.
പുറച്ചേരി മാഷ് പറഞ്ഞ പോലെ ആ മനസ്ഥൈര്യത്തിന് മുമ്പിൽ നമിക്കുന്നു. ജീവിതത്തിൽ പതറി പോകുന്ന നിമിഷങ്ങളിൽ സിനി ചേച്ചിയുടെ വാക്കുകൾ കരുത്ത് പകരും എന്നതിൽ സംശയമില്ല.
ഇന്നലെ തോന്നിയ മറ്റൊരു കാര്യം പറയാമോ എന്ന സന്ദേഹത്തോടെ തന്നെ പറയട്ടെ...
ഒരു പക്ഷേ ദൈവത്തിൽ ഉറച്ച് വിശ്വസിക്കുന്ന സംഘാടകരോ സദസോ ഉള്ള ഒരു പരിപാടിയിൽ ദൈവമേ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളുടെ കവിത പ്രകാശനം ചെയ്യുകയും ആ കവിത എഴുതിയ ആൾ ദൈവമില്ല എന്ന് പല മട്ടിൽ പറയുകയും യുക്തി വാദി സംഘം നേതാകൾ അതിന് ആശംസ പറയുകയും ഒക്കെ ചെയ്യുന്ന ഒന്ന് സാധ്യമാകുമോ...
അങ്ങനെ കൂടി ആലോചിക്കുമ്പോഴാണ് ഒരർത്ഥത്തിൽ ഇന്നലത്തെ പരിപാടി വേറെ ലെവൽ പരിപാടി ആയി മാറുന്നത്...
ദൈവത്തെ സ്വന്തം ചിന്തയ്ക്ക് പുറത്ത് നിർത്തുന്ന ആളുകൾ കൂടി സിനി ചേച്ചിയുടെ ദൈവാനുഭവത്തെ എത്ര ആർദ്രമായാണ് കേട്ടത്...
സ്വന്തം അനുഭവങ്ങൾ കൊണ്ട് ദൈവത്തെ ഉപേക്ഷിച്ച മരിയ റോസയെയും സ്വന്തം അനുഭവങ്ങളാൽ ദൈവത്തോട് കൂടുതൽ അടുത്ത സിനി തോമസിനെയും ഏതാണ്ട് ഒരേ മട്ടിൽ തുറന്ന മനസ്സോടെ കേൾക്കാൻ കഴിയുന്നത് ഒരു പക്ഷേ നമ്മൾ റീഡേഴ്സ് ഫോറത്തിന് ആവും...
ഒരർത്ഥത്തിൽ അപരനോട് ആഴത്തിൽ ചേർന്ന് നിൽക്കുന്ന ഒരാത്മീയ തലം (മാനവികത) നമ്മിലൊക്കെ ആഴപ്പെട്ടു നിൽക്കുന്നു എന്നത് വലിയ കാര്യമാണ്...
സ്വന്തം നിലപാടുകളോട് കൂടി തന്നെ മറ്റ് മനുഷ്യരുടെ നിലപാടുകൾ സ്വീകരിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണ്.
ദൈവ ചിന്തയോ
യുക്തി ചിന്തയോ എന്തുണ്ടാവുമ്പോഴും അൽപ്പ സ്വൽപ്പം സ്വതന്ത്ര്യ ചിന്ത കൂടി ഉണ്ടാവണം എന്നത് വലിയ കാര്യമാണ്.
പലപ്പോഴും വിശ്വാസികളെ പരിഹസിക്കുന്ന യുക്തി വാദികളും യുക്തി വാദികളെ പരിഹസിക്കുന്ന ആത്മീയ വാദികളും അനാവശ്യ തർക്കങ്ങളും ഒക്കെയാണല്ലോ പതിവ്...
അപരനെ ഹനിക്കാത്ത ഏത് ചിന്തയെയും ആർക്കും പിന്തുടരാം.
കുരിശിനെ സ്വന്തം ആത്മ ബലത്തിന് ചേർത്ത് പിടിക്കാം...
പക്ഷേ അതിർത്തികൾ കീഴടക്കുന്ന അധികാര ചിഹ്നം ആക്കരുത് എന്ന് സിനി ചേച്ചിയുടെ കവിതയിലെ ധ്വനി ഉണ്ടല്ലോ...
ശ്രീ മാധവൻ പുറച്ചേരി പറഞ്ഞത് പോലെ പങ്കെടുത്ത സാഹിത്യ സദസ്സുകളിൽ നിന്നെല്ലാം വേറിട്ട ഒരനുഭവമായിരുന്നു ഇന്നത്തെ പ്രോഗ്രാം. കൊറോണ കഴിഞ്ഞിട്ടും മാസ്ക് ധരിച്ചു റീഡേഴ്സ് ഫോറത്തിന്റെ പ്രോഗ്രാമുകളിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തി ആരാണെന്നുള്ള കൗതുകം ഉള്ളിൽ കൊണ്ടു നടന്നിരുന്നു. ഇന്ന് ആ വ്യക്തിയെ അറിഞ്ഞപ്പോൾ... ബാക്കി പറയാൻ വാക്കുകൾ ഇല്ല.ആളുകളെ ഇത്രയധികം സമയം പിടിച്ചിരുത്തിയ ഒരു പ്രോഗ്രാം റീഡേഴ്സ് ഫോറം ഇതിനു മുന്നേ നടത്തിയിട്ടുണ്ടോ എന്ന് അറിയില്ല.
ചന്ദ്രമതി ടി
ഉള്ളടക്കം കൊണ്ടും സാന്നിധ്യം കൊണ്ടും ഗംഭീര പരിപാടിയായിരുന്നു ഇന്നത്തേത്. ആരോഗ്യപ്രശ്നം തന്നെ കാർന്നുതിന്നുമ്പോഴും മനസ്സാന്നിധ്യം കൊണ്ട് കവിതകൾ നെയ്ത് ജീവിതം വീണ്ടെടുത്ത സിനി തോമസ് എന്ന ശാന്തവും സ്ഥൈര്യവും നിറഞ്ഞ വ്യക്തിത്വത്തിന് അർഹതപ്പെട്ട അംഗീകാരം തന്നെയായിരുന്നു ഇന്നത്തെ പ്രൗഢ ഗംഭീര പരിപാടി. ഇതിൽ പങ്കെടുക്കാൻ പറ്റിയതിലുള്ള സന്തോഷവും നന്ദിയും കൂടി പങ്കുവയ്ക്കുന്നു.
രമേശൻ പി വി
"ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്താൽ വെൺമ ഞാനുളവാക്കി "
- എന്ന ജി.യുടെ വാക്കുകളാണ് ഇന്നത്തെ പ്രോഗ്രാം സമയത്ത് മനസ്സിൽ നിറഞ്ഞുനിന്നത്. പ്രിയപ്പെട്ട നമ്മുടെ എഴുത്തുകാരി ശ്രീമതി. സിനി തോമസ്സിന്റെ കവിതയും അനുഭവ സാക്ഷ്യവും അതിന് ബോധ്യം നൽകി.
നമ്മുടെ അനുഭവങ്ങൾ മനസ്സിൽ ചേക്കേറുന്നത് ഒരു രംഗബോധവും സൂക്ഷിക്കാതെയാണ്. എന്നാൽ ശ്രദ്ധിച്ചാൽ അടുക്കുക്കായി അത് മനസ്സിൽ സൂക്ഷിക്കാം എന്നും സ്വജീവിതത്തിനും അന്യജീവനും ധന്യത നൽകാൻ ഉതകുമെന്നും ആ സാക്ഷ്യം തെളിവു നൽകി. വികാരനിർഭരവും കണ്ണുകളെ ഈറനണിയിക്കുന്നതുമായി ആ വാക്കുകൾ...
മികച്ച സംഘാടനത്തോടെ പ്രോഗാം സംഘടിപ്പിച്ച റീഡേഴ്സ് ഫോറത്തിന് അഭിനന്ദനങ്ങൾ...
ഓമന ടീച്ചർ
ഇന്നത്തെ പരിപാടി തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം.
മനോഹരമായ ഗാനാലപനത്തിൽ തുടങ്ങി സിനിയുടെ ഉള്ളുലയ്ക്കുന്ന ജീവിതാനുഭവങ്ങൾ വരെ, സമയമേറെ വൈകിയിട്ടും സശ്രദ്ധം കേട്ടിരുന്ന നിറഞ്ഞ സദസ്സ് അത്ഭുതപ്പെടുത്തി.
നിറയെ കഥകൾ ചേർത്ത വിരാൻകുട്ടി മാഷിന്റെ പ്രസംഗവും, മാധവൻ പുറച്ചേരി മാഷിന്റെ സംസാരവും സിന്ധു കെ വി യുടെ കവിതയുടെ ആത്മാവ് തൊട്ടുള്ള പരിചയപ്പെടുത്തലും, ഭ്രാന്തൻ എന്ന കവിതയുടെ ആലാപനവും ഏറെ ഹൃദ്യം. രമേശൻ മാഷ് അവതരിപ്പിച്ച മകൾക്ക് എന്ന കവിതയിലൂടെ സ്ത്രീകളുടെ ആത്മഭിമാനമുയർത്തിപ്പിടിക്കാൻ പറയുന്ന അമ്മയുടെ മിണ്ടിപ്പറയലുകൾ, കവിത ഔഷധമാണെന്ന സൂചനയോടെ യുള്ള പ്രസാദ് മാഷിന്റെ വിശദമായ അധ്യക്ഷ പ്രസംഗം, നിരവധിയായ ആശംസകൾ, കവിത പ്രകാശനം, സമ്മാനദാനം, അനുമോദനം - എല്ലാംകൊണ്ടും ഇന്നത്തെ സായാഹ്നം അവിസ്മരണീയം.
എ ആർ പ്രദീപ്
ഇന്നലെ അത്തി വൃക്ഷം പൂത്തു.
മനോഹരമായ ഒരു സായാഹ്നമായിരുന്നു ഇന്നലത്തേത് . നമ്മുടെ മറ്റു പരിപാടികളിൽ നിന്ന് വ്യത്യസ്ഥമായി ആദ്യം പാട്ടുകളിൽ നിന്ന് തുടങ്ങിയതു കൊണ്ട് തന്നെ സദസ്യരിൽ ഒരു നല്ല മൂഡ് ക്രിയേറ്റ് ചെയ്യാൻ സാധിച്ചു. നമ്മുടെ ഗായക സംഘം നന്നായി പാടുകയും ചെയ്തു. തോമസ് സാറിന്റേയും, സിനിയുടേയും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ എത്തിയത് കൊണ്ട് നല്ല സദസ്സും ആയിരുന്നു. ഒരു പക്ഷെ അവരിൽ പലരും ഇങ്ങിനെയൊരു പരിപാടിയിൽ ആദ്യമായിട്ടായിരിക്കും പങ്കെടുത്തിട്ടുണ്ടാവുക.
പ്രകാശനവേളയിൽ രമേശൻ മാഷ് സിനിയുടെ കവിത വളരെ മനോഹരമായി ആലപിച്ചു. അത് പ്രകാശന ചടങ്ങിന് മാറ്റ് കൂട്ടി. പ്രസാദ് മാഷും, വിരാൻ കുട്ടി മാഷും, പുറച്ചേരിയും, സിന്ധു ടീച്ചറുമെല്ലാം നന്നായി സംസാരിച്ചു. സിന്ധു ടീച്ചർ വായിച്ച സിനിയുടെ ഭ്രാന്തൻ എന്ന കവിത നമ്മളോട് തന്നെ ചില ചോദ്യങ്ങൾ ചോദിക്കാൻ നിർബന്ധിക്കുന്നു.
ഇന്ന് അമ്മയുടെ ദിവസമാണ് എന്ന് ജോൺസ് പറഞ്ഞതു പോലെ ഇന്നലെ സിനിയുടെ ദിവസമായിരുന്നു.
സിനിയുടെ സംസാരം എന്നെപോലെയുള്ള കരിങ്കല്ലുകളുടെ ഹൃദയത്തിനേയും തൊട്ടു എന്നതാണ് സത്യം.
ഗിരിമന്ദിരം ശശികുമാർ
പൂക്കൾ വിരിഞ്ഞുസൗരഭ്യംനിറഞ്ഞൊഴുകുന്ന ഒരു സദസിലാണ് ഞാനിരുന്നത്.
വിവിധതലത്തിൽ പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഇത്രയും പേരെ ഇത്രയും സമയം ഒന്നിച്ചിരുത്തി. ഇങ്ങനെയൊരു പ്രോഗ്രാം റീഡേഴ്സ്ഫോറത്തിനു മാത്രമേ അലക്കോട് സാധിക്കുകയൊള്ളു.
പ്രൌഡമായ വേദിയും അവരെയുൾ കൊള്ളാൻ പറ്റിയസദസും.
സിനിയുടെ മറുപടിപ്രസംഗം കണ്ണുനിറക്കുന്നതായിരുന്നു. അടുത്പുസ്തകവും ഉടൻതന്നെ പ്രകാശിതമാകട്ടെയെന്നാശംസിക്കുന്നു.
പ്രിയ രാധാകൃഷ്ണൻ
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും — അതിജീവനത്തിന്റെ വാക്കുകൾ
ചില പുസ്തകങ്ങൾ വായിച്ചുതീർക്കുമ്പോൾ നമ്മിൽ അവശേഷിക്കുന്നത് കുറെ വരികൾ മാത്രമായിരിക്കില്ല; ഒരു ജീവിതത്തിന്റെ സ്പന്ദനമായിരിക്കും. സിനി തോമസിന്റെ “അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും” എന്ന കവിതാസമാഹാരവും അത്തരമൊരു അനുഭവമാണ് സമ്മാനിക്കുന്നത്. വേദനകളെ അതിജീവിച്ച് പ്രതീക്ഷയിലേക്ക് നടന്നെത്തിയ ഒരു ജീവിതത്തിന്റെ ആത്മസാക്ഷ്യവും, സ്നേഹത്തിന്റെ നനവും, ബന്ധങ്ങളുടെ ആഴവും ഈ കാവ്യസമാഹാരത്തിൽ നിറഞ്ഞുനിൽക്കുന്നു.
ഇന്നലെ നടന്ന പുസ്തകപ്രകാശനച്ചടങ്ങ്, സിനിചേച്ചിയുടെ കാവ്യജീവിതത്തിലെ മാത്രമല്ല, സിനി എന്ന വ്യക്തിയെ സ്നേഹിക്കുന്നവരുടെയും സുഹൃത്തുക്കളുടെയും വായനക്കാരുടെയും ജീവിതത്തിലെ ഒരു ഓർമ്മദിനമായി മാറി. അഞ്ഞൂറോളം ആളുകളുടെ സാന്നിധ്യം ചടങ്ങിന് നൽകിയ ജനപങ്കാളിത്തം, സിനിചേച്ചിയുടെ എഴുത്തിനോടും അതിജീവനകഥയോടുമുള്ള സമൂഹത്തിന്റെ സ്നേഹത്തിന്റെയും ആദരവിന്റെയും തെളിവായി.ജീവിതം എത്ര വലിയ പരീക്ഷണങ്ങൾ മുന്നിൽവെച്ചാലും അതിനപ്പുറം സ്വപ്നം കാണാനും സ്നേഹിക്കാനും പ്രതീക്ഷിക്കാനും മനുഷ്യന് കഴിയുമെന്ന് സിനിചേച്ചിയുടെ കവിതകൾ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ “അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും” എന്ന പേര് തന്നെ പ്രതീകാത്മകമാണ്. പൂക്കാത്തിടത്തും കായ്ക്കുന്ന ഫലം പൊഴിക്കുന്ന ജീവിതം പോലെ, പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെ വിത്തുകൾ മുളപ്പിക്കുന്ന മനസ്സാണ് ഈ കവിതകളിൽ കാണുന്നത്.
പ്രകാശനച്ചടങ്ങിൽ രമേശൻമാഷ് ആലപിച്ച “മകൾക്ക്” എന്ന കവിത ചടങ്ങിന്റെ വൈകാരികതയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. അമ്മയുടെ ഹൃദയത്തിൽ മകളോടുള്ള സ്നേഹം എത്ര ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നത് ആ വരികളിലൂടെ അനുഭവിക്കാനായി. ഒരു കവിത വായിക്കപ്പെടുന്നതിലും വ്യത്യസ്തമായിരുന്നു മാഷിന്റെ ആലാപനം.സിനിചേച്ചിയും എന്നെയും ഒക്കെ പോലെ അവിടെ അപ്പോൾ ഉണ്ടായിരുന്ന അമ്മമാരുടെയെല്ലാം ശബ്ദത്തിലാണ് ആ കവിത അവിടെ മുഴങ്ങിയത്!!ഒരമ്മയുടെ ഹൃദയത്തിൽനിന്ന് ഉയർന്നുവന്ന മനോഹരവാക്കുകൾ സദസ്സിനെ ആ സ്നേഹത്തിന്റെ സാക്ഷിയാക്കി.
“മകൾക്ക്” എന്ന കവിതയിൽ അമ്മയും മകളും തമ്മിലുള്ള ബന്ധം മാത്രമല്ല, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും മക്കളെ ചേർത്തുപിടിക്കുന്ന മാതൃഹൃദയത്തിന്റെ നിസ്സഹായതയും പ്രതീക്ഷയും പ്രാർത്ഥനയും കൂടി അനുഭവപ്പെടുന്നു. രോഗത്തിന്റെ നിഴലിലൂടെ കടന്നുപോയ ഒരമ്മയുടെ ഹൃദയത്തിൽ മകളെക്കുറിച്ചുള്ള സ്വപ്നങ്ങൾ എത്രത്തോളം വിലപ്പെട്ടതായിരിക്കുമെന്ന് ആ കവിത നമ്മെ ബോധ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആലാപനം കേട്ട പലരുടെയും കണ്ണുകൾ ഈറനണിഞ്ഞത് സ്വാഭാവികം.
'ഭ്രാന്തൻ 'എന്ന കവിത സിന്ധുടീച്ചർ ആലപിച്ചപ്പോഴും സദസ്സ് നിശബ്ദമായി അതിൽ മുഴുകുന്നത് കാണാമായിരുന്നു.
സ്വാഗതപ്രാസംഗികൻമുതൽ ഞാൻ അവിടെ നിന്ന് പോരും വരെ സംസാരിച്ച ഓരോരുത്തരുടെയും വാക്കുകൾ സദസ്സ് വളരെ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു. മിക്കവരും ഹൃദയത്തിൽ സ്വീകരിച്ചത് കൂടാതെ സ്വന്തം ഫോണിൽ വീഡിയോ ആയി പകർത്തി.
സിനിചേച്ചിയുടെ കവിതകളുടെ പ്രത്യേകത അവയുടെ ലാളിത്യത്തിലാണ്. വലിയ വാക്കുകളേക്കാൾ ചെറിയ അനുഭവങ്ങളാണ് അവിടെ വലിയ അർത്ഥങ്ങളായി മാറുന്നത്. വേദനയെക്കുറിച്ച് എഴുതുമ്പോഴും അതിൽ ജീവിതത്തോടുള്ള വിരോധമില്ല; മറിച്ച് ജീവിതത്തെ കൂടുതൽ ചേർത്തുപിടിക്കാനുള്ള ആഹ്വാനമാണ്. ഇരുട്ടിനെക്കുറിച്ച് പറയുമ്പോഴും എവിടെയോ ഒരു വെളിച്ചം തെളിഞ്ഞുകിടക്കുന്നു.ആ വെളിച്ചം പലപ്പോഴും തന്നിലുറച്ചുപോയ ദൈവവിശ്വാസമാകുന്നു.
എല്ലായ്പ്പോഴും ജീവിതത്തെ സ്നേഹിക്കാൻ പഠിച്ച ഒരാളുടെ സാക്ഷ്യമാണ് ഇന്നലെ വെളിച്ചം കണ്ട കവിതാസമാഹാരം.
അനേകം ഹൃദയങ്ങൾ സാക്ഷിയായ ആ പ്രകാശനച്ചടങ്ങിൽ പുസ്തകം പ്രകാശിതമായപ്പോൾ, യഥാർത്ഥത്തിൽ പ്രകാശിച്ചത് ഒരു പുസ്തകം മാത്രമായിരുന്നില്ല — തളരാതെ മുന്നേറിയ ഒരു ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു.കൂടെ നിന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒരു നാടിന്റെയും സ്വപ്നമായിരുന്നു.
സാഹിത്യരചനയും ആസ്വാദനവും സമൂഹത്തെ പോസിറ്റീവ് ആയി സ്വാധീനിക്കും എന്ന് ഇന്നലെ അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. അത്തരമൊരു വലിയ വായനാ സമൂഹത്തിനു മുന്നിൽ തന്നിലെ കവിയെ കണ്ടെത്തി ചേച്ചി പരിചയപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ.. അതേ.. മകൻ തന്നെ പറഞ്ഞതുപോലെ സിനിതോമസ് എന്ന കവിയുടെ ദിനം
അത്തിവൃക്ഷം പൂക്കാതിരുന്നാലും, അതിന്റെ തണൽ മനുഷ്യന് ആശ്വാസമാകുന്നതുപോലെ, സിനി തോമസിന്റെ കവിതകളും വായനക്കാരുടെ മനസ്സിൽ ഒരു തണലായി മാറട്ടെ.
കാരണം ചില ജീവിതങ്ങൾ പൂക്കുന്നതുകൊണ്ടല്ല മനോഹരമാകുന്നത്;
വാടിപ്പോകാതെ നിൽക്കുന്നതുകൊണ്ടാണ്.തണലും തണുപ്പും പകരുന്നത് കൊണ്ടാണ്.
യശോദ ടീച്ചർ
ഇന്നലെ അവിസ്മരണീയ ദിനം. അക്ഷയമായ ജീവിത പ്രകാശന ചടങ്ങ് കവിതയിലൂടെ ഉരുത്തിരിഞ്ഞ ഹൃദയഹാരിയായ നിമിഷങ്ങൾ. ഉച്ചവെയിൽച്ചൂടിലും കഠിനമായ് എരിയും നെരിപ്പോടകത്തൊളിപ്പിച്ച സിനി തന്നെ തൊട്ട വിരലിന്റെ സാന്ത്വനം തിരിച്ചറിഞ്ഞ് പ്രതീക്ഷയുടെ പച്ചത്തുരുത്ത് നമുക്കേകിയ മനോജ്ഞ സായാഹ്നം. മാരകമായ ബലാൽക്കാരത്തിന്റെ ആറുകടലും താണ്ടി വെളിച്ചത്തിന്റെ ഏഴാം കടൽത്തീരത്തെത്തി നമ്മിലേക്കും ആ വെളിച്ചത്തിന്റെ വെളിച്ചം പകർന്നേകി സിനിയുടെ ജീവിത കാഴ്ചകൾ. എന്തു മനോഹരമായിരുന്നു ഇന്നലെ. സുന്ദര ഗാനങ്ങളുടെ അകമ്പടിയിൽ മനസ്സു നിറയ്ക്കുന്ന കവിതാലപനത്തിൽ, സർഗാത്മക മേഖലയുടെ ആവശ്യകത, സാംസ്കാരിക വളർച്ചയുടെ അടിസ്ഥാനമാണെന്ന അധ്യക്ഷ ഭാഷണം എന്നിവയിൽ തുടങ്ങിയ ഒരു പുസ്തക പ്രകാശന ചടങ്ങ്. എഴുത്തിനും എഴുത്തുകാരിക്കും പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള വീരാൻ കുട്ടി മാഷിന്റെ പ്രഭാഷണം ലളിതവും സമഗ്രവുമായിരുന്നു. വേദന കൊണ്ട് പാചകം ചെയ്യുന്ന കവിതയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ പുറച്ചേരി മാഷ് കലയുടെയും സാഹിത്യത്തിന്റെയും ആവശ്യകതയും കരയാനുള്ള ഭാഗ്യവും അപര സ്നേഹ പ്രാധാന്യവുമൊക്കെ കേഴ്വിക്കാരിലെത്തിച്ചു. സിനിയുടെ കവിതകളുടെ ആത്മാവിലേക്കിറങ്ങിയുള്ള സിന്ധു ടീച്ചറിന്റെ പഠനക്കുറിപ്പ് അവതരിപ്പിച്ചതിനൊപ്പം സിനിക്കും കവിതയ്ക്കും നീണ്ട കാവ്യയാത്രയും ആശംസിച്ച തുൾപ്പടെയുള്ള എത്രയെത്ര മനോഹര നിമിഷങ്ങൾ. വേദനകളെ അതിജീവിനത്തിന്റെ കവിതയാക്കിയ ചടങ്ങിൽ ചേർന്നു നിന്ന സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കുറഞ്ഞ വാക്കുകളിലെ കറയറ്റ സ്നേഹസ്പർശങ്ങൾ. ദോസ്താനയുടെ അമ്മയാണ്, കവിതയെ അവൾ ഔഷധമായി കണ്ടു, കവിത ധ്വനിയാണ്, തുടങ്ങി ഓരോരുത്തരുടെയും ആശംസാവചനങ്ങൾ ഉള്ളിൽത്തട്ടുന്നവയായിരുന്നു. കവിതയ്ക്ക് വരയാൽ മിഴിവേകിയ അസ്ലമിന്റെ വാക്കുകൾ ഏറെ ഹൃദ്യമായി തോന്നി. സിനിയുടെ ശരീരത്തിനും മനസ്സിനും സർഗസപര്യക്കും പിൻബലം നൽകുന്ന കുടുംബത്തിന്റെ സ്നേഹത്തണൽ ഇന്നലെ ഞങ്ങൾക്കും നേർസാക്ഷ്യമായി അനുഭവപ്പെട്ടു. വീരാൻ കുട്ടിമാഷ് പറഞ്ഞതു പോലെ രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ച ചിപ്പി കാളായി സിനിയുടെ കവിതകൾ സാഹിത്യ ജലാശയത്തിൽ നിറയട്ടെ. വായനക്കാർക്ക് മുത്തുകൾ കണ്ടെത്താനായി.
ഷിജിൽ എം പി
ചില അനുഭവങ്ങൾ നമുക്കൊരിക്കലും പറഞ്ഞറിയിക്കാനാവില്ല. അത്തരം ഒരു അനുഭവത്തിലൂടെയാണ് ഇന്നലെ കടന്നുപോയത്. സിനി മാഡം സംസാരിച്ചതത്രയും ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിരുന്നില്ല, അത് മറിച്ച് ഹൃദയത്തിലൂടെയുള്ള ഒരു ഒഴുക്കായിരുന്നു. ആ നിറഞ്ഞ സദസ്സിൽ ഒരോരുത്തരും അത് അനുഭവിച്ചിട്ടുണ്ടാവാം.
നമ്മൾ ജീവിതത്തെ അതിൻ്റെ എല്ലാ തീഷ്ണതയോടെയും അനുഭവിച്ചറിയുന്നത് പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോഴാണെന്ന് തോന്നുന്നു. പ്രതിസന്ധിയുടെ പാരമ്യത്തിൽ പെട്ട് അതിൽ നിന്ന് രക്ഷപെടാനാവില്ലെന്നറിയുമ്പോൾ ചിലർ ഒരു വെളിച്ചം പോലും കാണാനാവാതെ ഇരുട്ടിലേക്ക് വീണു പോകുന്നു. ചിലർ ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അതിൽ തനിക്കുമാത്രമല്ലാതെ വേറാർക്കും തന്നെ രക്ഷിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞ് സ്വയം പ്രകാശമായി മാറുന്നു. ജീവിതം ഒരു നിരാശയായി കരുതുന്ന മറ്റുള്ളവരിലേക്കും അവർ പ്രതീഷകൾ പകരുന്നു. ഇങ്ങനെ പുറത്തു നിന്നും പ്രകാശം അണയുന്ന നേരത്ത് സ്വയം പ്രകാശമാകാൻ, മനസിനെ അതിനനുസരിച്ച് പരുവപ്പെടുത്തിയെടുക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ. ആ ധൈര്യത്തിൽ നിന്ന് പകർന്നുകിട്ടിയ ജീവിത വീക്ഷണങ്ങളാണ് കവിതകളായി മാറിയത് എന്ന് മനസിലാകുന്നു.
അത്തിവ്യക്ഷം പൂക്കുന്നില്ലെങ്കിലും ചില സന്ദർഭങ്ങളിൽ പൂക്കാതിരിക്കാനാവില്ല... 😊
സ്വയം ഉരുകി എഴുതിയത് ഇത്രയും ഉണ്ടെങ്കിൽ ഉരുകാതെ ഇനിയും ഇതുപോലെ എത്ര കഥകളും കവിതകളും വരാനുണ്ടാവും...
ഇടയ്ക്ക് എപ്പോഴോ സിനി മാഡം എഴുതിയ ഒരു കഥ ഓർമ വരുന്നുണ്ട്. കവിതകൾ വായിക്കുന്നതിനു മുന്നേ ഞാൻ ആദ്യം വായിച്ചത് അതായിരുന്നു. ഒരു കഥാകാരി ആയിട്ടാണ് അന്ന് സിനി മാഡത്തെ ഞാൻ മനസിലാക്കിയത്. അത് ജീവിതാനുഭവങ്ങളുമായി തീരെ ബന്ധമില്ലാതെ technology യുടെ അതിപ്രസരം വിഷയമാക്കി എഴുതിയ നല്ല ഒരു കഥയായിരുന്നു.
ഇനിയും കഥകളും കവിതകളും പോരട്ടെ...
മാധവൻ പുറച്ചേരി (ഫേസ്ബുക്ക്)
സിനി തോമസിൻ്റെ അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ അതിജീവനത്തിൻ്റെ ഉത്സവാഘോഷമായിരുന്നു. മൂന്നുപതിറ്റാണ്ടിലധികമായി രോഗങ്ങളോട് പോരാടി ക്കൊണ്ടിരിക്കുന്ന ഒരാൾ കവിതയിലൂടെയും പ്രാർത്ഥനയിലൂടെയും തെളിച്ചത്തോടെ സംസാരിക്കുന്നതിന് സാക്ഷിയാവാനെത്തിയവരായിരുന്നു പ്രിയകവി വീരാൻകുട്ടി മാഷോടൊപ്പം ഞങ്ങളെല്ലാവരും. ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം എന്നത് വായനയുടെയും എഴുത്തിൻ്റെയും ചർച്ചകളുടെയും പ്രധാന ഇടമായിട്ട് വർഷങ്ങളായി. പ്രിയപ്പെട്ട ഏ. ആർ.പ്രസാദ് മാഷുടെ നേതൃത്വത്തിൽ നടക്കാറുള്ള സാംസ്കാരികോത്സവങ്ങൾ ഉള്ളുണർവുണ്ടാക്കുന്നതുമാണ്. ആലക്കോടും പരിസരങ്ങളിലും നടക്കുന്ന സാംസ്കാരിക പരിപാടികളിൽ വർഷങ്ങളായി പങ്കെടുക്കുന്ന ഒരാളെന്ന നിലയിൽ ഉപായത്തിൽ ഞാനുമൊരു ആലക്കോടുകാരനാണ്. സർഗവേദി നടത്തിയ ഏറ്റവും അർത്ഥവത്തായ, മറക്കാനാവാത്ത ചടങ്ങായി പുസ്തക പ്രകാശനം മാറി. മൂന്നു മണിക്കൂറോളം സജീവമായപങ്കാളിത്താൽ സദസ്സ് തന്ന തെളിച്ചം അത്രയെളുപ്പമൊന്നും മാഞ്ഞു പോകില്ല. വീരാൻകുട്ടി മാഷുടെ ഹൃദ്യമായ സംസാരത്തിൻ്റെ തുടർച്ചകളായി പിന്നീടുള്ളവരുടെ വാക്കുകൾ...
ദൈവചൈതന്യം ജലോപരിതലത്തിൽ പ്രത്യക്ഷമായിയെന്ന ബൈബിൾ വചനത്തെ ഓർമ്മിപ്പിക്കുന്നതായി സിനി തോമസിൻ്റെ മറുമൊഴിയെന്നു പറയാം. എന്തൊരു തിളക്കത്തോടെയാണവർ സംസാരിക്കുന്നത്. അത്രമേൽ ഉന്മേഷദായകമായ ഒരനുഭവം സമീപകാലത്തൊന്നും ഞാനനുഭവിച്ചിട്ടില്ല. ജീവിതത്തിൻ്റെയും രോഗത്തിൻ്റെയും നാൾവഴികളും ഒപ്പം നിന്ന പ്രിയപ്പെട്ടവൻ്റെ പ്രണയവും പൊടിമഴ പോലെ പെയ്തിറങ്ങുകയായിരുന്നു. അവരുടെ വാക്കുകളിലെ മനഃസാന്നിദ്ധ്യവും ഇച്ഛാശക്തിയും കേട്ടിരിക്കുന്നവർക്കെല്ലാം നവോന്മഷമേകി.
എന്തെന്ത് അൽഭുതങ്ങളാണ് ജീവിതം സമ്മാനിക്കുന്നതെന്ന കൗതുകം സിനിതോമസ് എന്ന കവിയിലുണ്ട്. അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും എന്ന സമാഹാരത്തിലെ രചനകൾ ഈ കൗതുകം വായനക്കാരന് സമ്മാനിക്കും. കൈരളി ബുക്സാണ് പ്രസാധകർ.
സുമി ദിനേശ്
പ്രിയപ്പെട്ടവരെ,
സിനി ചേച്ചിയുടെ, അല്ല നമ്മുടെ റീഡേഴ്സ് ഫോറത്തിൻ്റെ അത്തിവൃക്ഷം പൂത്തില്ലെങ്കിലും ...പുസ്തക പ്രകാശന പരിപാടിയിലേക്ക് വന്നപ്പോൾ തന്നെ സിനി ചേച്ചി വാതിൽക്കൽ നിൽക്കുകയായിരുന്നു. കണ്ടയുടനെ ഒന്നു മുറുക്കെ കെട്ടിപ്പിടിച്ചാണ് ഞാൻ ഹാളിലേക്ക് കടന്നത്. വളരെയധികം സന്തോഷത്തോടു കൂടി നിറഞ്ഞ ഹാളിൽ ഇരിക്കുമ്പോൾ ഓരോ ആളുകളും പറയുന്നത് വളരെ ശ്രദ്ധയോടെ കേട്ടിരിക്കുമ്പോൾ മനസ്സ് നിറഞ്ഞു കവിയുകയായിരുന്നു. ഒടുവിൽ സിനി ചേച്ചിയുടെ മറുപടി കേട്ടപ്പോൾ വല്ലാതെ ഇമോഷണൽ ആയി പോകുന്ന ഒരുപാട് സമയങ്ങൾ ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ സാധാരണക്കാരായ മനുഷ്യർക്കൊന്നും അത്തരത്തിൽ പെരുമാറുകയോ ചിന്തിക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആന്തരിക സൗന്ദര്യത്തിനും അവരുടെ വ്യക്തിത്വത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിൽ അല്ല നമ്മൾ എന്ന് ജീവിക്കുന്നത് എന്ന് നമുക്കറിയാം. അപ്പോൾ ഒരു വിവാഹം കഴിക്കുമ്പോൾ തന്നെ വായിൽ ക്യാൻസർ വന്ന യുവതിയെ സ്വീകരിക്കാൻ കാണിക്കുന്ന മനസ്സ് ...മുൻപേ സ്നേഹത്തിലായിരുന്നു എങ്കിൽ പോലും പല ആളുകളും അത്തരം ഒരു അവസരം വന്നാൽ പിന്തിരിയും എന്ന് തന്നെയാണ് എൻറെ ഒരു ചിന്ത. പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് അങ്ങനെയാണ് .പല കാരണങ്ങൾ കൊണ്ട് ഒഴിവാക്കി പോകുന്ന ബന്ധങ്ങളെ . അങ്ങനെ ഒരു പ്രണയ ബന്ധത്തിൽ അല്ലാതിരുന്നിട്ട് പോലും അത്തരത്തിൽ ഒരു മനസ്സിലാക്കൽ നടത്തിക്കൊണ്ട് അവരുടെ അസുഖത്തെയും ചേച്ചിയെയും അങ്ങനെ തന്നെ ഉൾക്കൊള്ളാൻ തയ്യാറായ തോമസ് സാറിനെയും കുടുംബത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ശരിക്കും പറഞ്ഞാൽ ഞാൻ എൻറെ ഭർത്താവിനോട് പറഞ്ഞത് സിനി ചേച്ചിയുടെ മറുപടി എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് തോമസ് സാറിനെ ഒന്ന് കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത് എന്നാണ്. അദ്ദേഹം ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഏതായാലും അവരുടെ പ്രണയം ജീവിതാവസാനം വരെ അതുപോലെ നിലനിൽക്കട്ടെ എന്നും രണ്ടു പേർക്കും പരസ്പരം താങ്ങായി നിൽക്കാൻ കഴിയട്ടെ എന്നും ഇതുപോലെ ഒരു പാട് പുസ്തകങ്ങൾ ഇനിയും എഴുതാനും അവയുടെ പ്രകാശനം നമുക്ക് നടത്താനും സാധിക്കട്ടെ എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. നമ്മുടെ റീഡേഴ്സ് ഫോറത്തിലെ ഓരോ അംഗങ്ങൾക്കും ഏറെ അഭിമാനിക്കാവുന്ന ഒരു ദിനം. സിനിചേച്ചിയ്ക്കും തോമസ് സാറിനും കുടുംബത്തിനും എല്ലാവിധ ആശംസകളും🩷
അസ് ലം തിരൂർ
ഒരു നിയോഗം പോലെ...!
ജീവിതത്തിൽ ചില നിയോഗങ്ങളുണ്ട്. ഓർക്കുമ്പോൾ അതിശയവും അതിലേറെ ആത്മഹർഷവും അനുഭവിപ്പിക്കുന്നവ....
തിരൂർ എസ്. എസ്.എം പോളിടെക്നിക്കിലെ Electronics Diploma ക്കാലത്തെ സിനിമോൾ. ടി. തോമസ് എന്ന സഹപാഠി സ്നേഹവും ചുറുചുറുക്കും കൊണ്ട് ഞങ്ങളുടെ കൂടെപ്പിറപ്പായി മാറിയവൾ...
അന്ന് Record Book കളിൽ ചിത്രങ്ങൾ വരച്ചു കൊടുക്കാൻ മറ്റു പല സഹപാഠികളെയും പോലെ അവളും പിന്നാലെ കൂടുമായിരുന്നു...
കാലചക്രം അതിവേഗം പായുന്നതിനിടയിലും കുറച്ചു കാലം കത്തുകളിലൂടെയും, പിന്നീട് phone വഴിയും കൂടിക്കാഴ്ചകളില്ലെങ്കിലും ഞങ്ങൾ സൗഹൃദത്തെ വലിയ ഇടവേളകളില്ലാതെ കാത്തു.
സിനി BSNL ജീവനക്കാരിയായി...തോമസ് എന്ന സ്നേഹസമ്പന്നൻ്റെ ജീവിതസഖിയായി.
മുന്നോട്ടുള്ള യാത്രാ വഴിയിൽ കാൻസറിൻ്റെ രൂപത്തിൽ വിധി തീർത്ത മുൾവേലികൾക്കു മുന്നിൽ സിനി ഒട്ടും പകച്ചു നിന്നില്ല. തികഞ്ഞ മനസ്സുറപ്പോടെ മുറിപ്പാടുകൾ മായ്ച്ച് ആ മുൾവേലികളെ മറികടക്കാൻ തന്നെ ശ്രമിച്ചു. അവളുടെ പോരാട്ടത്തിൽ തോമസ് ഉറച്ച പിന്തുണയായി ചേർന്നു നിന്നു.
തിരുവനന്തപുരത്ത് BSNL ൻ്റെ Training നടക്കുന്ന സമയത്തും അല്ലാതെയും സിനിയെക്കാണാനായി ഞാനും നല്ല പാതി ശബ്നയും കൂടെ പോയിരുന്നു. അവളുടെ ആത്മവിശ്വാസം ഞങ്ങൾക്ക് തന്നത് വല്ലാത്തൊരു ഊർജ്ജമായിരുന്നു.
പിന്നീട് ഇടയ്ക്കൊക്കെ ഇതൊന്നു വായിച്ചു നോക്ക്വോ അസ് ലമേ എന്ന് പറഞ്ഞ് ചില കുത്തിക്കുറിക്കലുകൾ കവിതാ രൂപത്തിൽ വാട്സാപ്പിൽ വരും.... കൊള്ളാവുന്ന എഴുത്തുകൾ.... അതങ്ങനെ തുടർന്നു..
പിന്നീടൊരിക്കൽ "അസ് ലമേ എഴുതിയ കവിതകളൊക്കെ ചേർത്ത് ഒരു പുസ്തകമാക്കിയാലോ എന്നൊരാലോചന... " തീർച്ചയായും... കഴിയാവുന്നത്ര പ്രോത്സാഹനത്തിൻ്റെ വാക്കുകൾ പറഞ്ഞു.... കുറച്ചു നാൾ കഴിഞ്ഞ് "എൻ്റെ കവിതകൾക്ക് കുറച്ച് ചിത്രങ്ങൾ വരച്ചു തരാമോ " എന്ന് ചോദിച്ച് PDF രൂപത്തിൽ കുറച്ചു കവിതകൾ അയച്ചു തന്നു.
എല്ലാം ഒന്നിനൊന്ന് മെച്ചം... പല വിധങ്ങളായ തിരക്കുകളുണ്ടായിരുന്നെങ്കിലും സിനിയെന്ന പെങ്ങളുട്ടിയോട് നോ പറയാനാവില്ല...
സമയമനുസരിച്ച് ഏതാനും ചിത്രങ്ങൾ വരച്ചു നൽകി...
ആ ചിത്രങ്ങൾ " അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും" എന്ന കവിതാ സമാഹാരത്തിലെ പേജുകളിൽ ഇടം പിടിച്ചു...
"എന്തു ഭംഗിയുള്ള ചിത്രങ്ങളാ... പോളിയിൽ പഠിക്കുന്ന കാലത്തും, ഇപ്പോഴും എനിക്ക് കുറച്ച് ചിത്രം വരച്ചു തരോന്ന് ചോദിച്ച് അസ് ലമിനെ ല്യപ്പെടുത്ത്വാ ഞാൻ " ചിത്രങ്ങൾ അയച്ചുകൊടുത്തപ്പോൾ സിനിയുടെ ആദ്യ കമൻ്റ് ഇങ്ങനെയായിരുന്നു.
സിനിയുടെ കവിതകളോളം അത്ര മികച്ചതല്ല ചിത്രങ്ങൾ എങ്കിലും ആ വാക്കുകൾ വലിയ സന്തോഷം തന്നു...
ഇന്നലെ കണ്ണൂരിലെ ആലക്കോട് എന്ന മലയോര ഗ്രാമത്തിൽ നടുപറമ്പിൽ ഓഡിറ്റോറിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി പ്രശസ്ത കവി വീരാൻ കുട്ടിയുടെ കൈകളാൽ "അത്തി വൃക്ഷം പൂക്കുന്നില്ലെങ്കിലും" പ്രകാശിതമാകുമ്പോഴും, ആ സദസിനെ അഭിമുഖീകരിച്ച് ആശംസ പറയുമ്പോഴും ഞാനാലോചിച്ചത് എൻ്റെ നിയോഗത്തെക്കുറിച്ചായിരുന്നു.
അതെ,നാല്പത് വർഷങ്ങൾക്കു മുമ്പ് Record Book കളിൽ ചിത്രങ്ങൾ വരച്ചു കൊടുത്ത അതേ സഹപാഠിയ്ക്കു വേണ്ടി, അതും ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്യപ്പെട്ട വലിയ എഴുത്തിനു വേണ്ടി ചിത്രങ്ങൾ വരക്കാൻ അവസരം ലഭിച്ചു എന്നത് ഭാഗ്യം മാത്രമല്ല ഒരു നിയോഗം കൂടിയാണ് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം...
ഞാനും ഞങ്ങളുടെ സഹപാഠി ഷെരീഫും കൂടി ഉദ്ദേശ്യം 200 കിലോമീറ്റർ ദൂരം യാത്ര ചെയ്തതും പുസ്തക പ്രകാശനത്തിന് സാക്ഷിയായതും മറ്റൊരു നിയോഗം...
40 വർഷത്തിൻ്റെ പ്രായമായ ഞങ്ങളുടെ മുഴുവൻ സഹപാഠികൾക്കു വേണ്ടി കൂടിയാണ് ഞാൻ ആശംസ അർപ്പിച്ചു സംസാരിച്ചത്.
നിരന്തര പോരാട്ടത്തിനിടയിലും തൂലികയിൽ നിന്നും ഉതിർന്ന പൂക്കളെ സ്വരുക്കൂട്ടിവെച്ച്, കൂടുതൽ വർണ്ണവും, സുഗന്ധവും പൂശി വായനക്കാർക്കായി നൽകാൻ സിനി കാണിച്ച സമർപ്പണബോധത്തിന് ആലക്കോട് റീഡേഴ്സ് ഫോറവും, ആലക്കോട്ടെ സഹൃദയയരും തിരിച്ചുനൽകിയ ആദരം ഞങ്ങളുടെ മനസ്സുനിറച്ചു. ദീർഘമായ യാത്രയുടെ ക്ഷീണം ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ സ്നേഹത്തിൻ്റെ ആ കാഴ്ച പാടേ മായ്ച്ചു കളഞ്ഞു എന്നു തന്നെ പറയാം.
സിനിയുടെ കവിതകൾ വായിക്കണം... അതിൽ കവിതയുണ്ട്, കലഹവും.. ആധിയും, വ്യാധിയുമുണ്ട്,... മനസ്സിൻ്റെ വേവും നോവുമുണ്ട്, പൊരുതലും, കരുതലുമുണ്ട്, വീഴ്ചകളിലും മുന്നോട്ടു നടക്കാനുള്ള പ്രതീക്ഷകളുണ്ട്, സാമൂഹ്യ വ്യവസ്ഥിതിയോടുള്ള ആക്ഷേപമുണ്ട്.... വാക്കുകളുടെ ശക്തിയും മനസ്സിലെ ഭക്തിയും കവിതകളെ കൂടുതൽ കൂടുതൽ കരുത്തുറ്റതാക്കുന്നുണ്ട്...
എഴുത്തുകാരൻ മാധവൻ പുറച്ചേരി ഇന്നലെ പറഞ്ഞതുപോലെ, ഏതോ സഞ്ചാരിയുടെ കയ്യിലെത്തുമെന്ന് കരുതി കുപ്പിയിലടച്ച്, തകർന്ന കപ്പലടിഞ്ഞ തീരത്ത് നിന്ന് സന്ദേശം ഒഴുക്കിവിടുന്ന യാത്രികനെപ്പോലെ കാത്തിരിക്കുകയാണ് സിനിയും....
ഈ പുസ്തകത്തിലെ കവിതകൾ ഒരുപാടു വായനക്കാരുടെ കൈകളിലെത്തട്ടെ...!
പെങ്ങളുട്ടിക്ക് ആശംസകൾ...! സ്നേഹം!
എഴുത്തുകാരിയുടെ മറുപടി – സിനി തോമസ്
തികച്ചും അവിസ്മരണീയമായ ഒരു ദിനം എനിക്ക് തന്നതിന് എല്ലാവർക്കും നന്ദി.
ഇന്നലെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ആൽബിൻ മാഷ്
പറഞ്ഞതുപോലെ ഇങ്ങനെയൊരു പുസ്തക പ്രകാശനം നടക്കണമെങ്കിൽ സ്വന്തമാക്കിയതൊന്നും മതിയാകില്ല - സ്വന്തമായ മനുഷ്യരല്ലാതെ.
രമേശൻ മാഷ് മകൾക്ക് എന്ന കവിത ചൊല്ലുമ്പോൾ പ്രകാശനച്ചടങ്ങിനിടയിലും എൻ്റെ കണ്ണുകൾ നിറയുകയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമുള്ള കവിതയാണത്. അത് ഇത്ര നന്നായി പാടികേട്ടപ്പോൾ ഉള്ളു നിറഞ്ഞു. എൻ്റെ മറുപടിയിൽ പക്ഷേ അത് പറയാൻ വിട്ടു പോയി. ഞാൻ ഓർത്തു വച്ചതൊന്നുമല്ല പറഞ്ഞത്.ബന്ധുക്കളെല്ലാം ആ കവിതയെക്കുറിച്ച്തന്നെ പറയുകയായിരുന്നു.
ചിലപ്പോഴേ വരികയുള്ളൂ എന്ന് പറഞ്ഞ മനുഡോക്ടർ അമ്മയെ കൂട്ടിയാണ് വന്നത്. ആ അമ്മ എത്രയോവട്ടം വാക്കുകൾ കൊണ്ട് എന്നെ അനുഗ്രഹിച്ചു.
പുസ്തക പ്രകാശനം എന്നതിനേക്കാളുപരി സ്നേഹിക്കുന്ന മനസ്സുകളുടെ നടുവിൽ നിൽക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം ജീവിതത്തിലെ എല്ലാ പ്രതികൂലങ്ങളെയും ഒഴുക്കിക്കളയാൻ പര്യാപ്തമായിരുന്നു. ഇങ്ങനെയൊരു ദിവസം തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
തോമസ് സർ
റീഡേഴ്സ് ഫോറം മെമ്പറായല്ലാതെ കുടുബക്കാരൻ എന്ന നിലയിൽ ഒരു കുറിപ്പ് എഴുതിയിടാൻ വല്ലാതെ വൈകി എന്ന തിരിച്ചറിവോടെ, ക്ഷമാപണത്തോടെ പറയട്ടെ...
നമ്മുടെ പരിപാടി എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. കുടുംബത്തിലെ ഭൂരിപക്ഷം പേർക്കും ഇത്തരം മീറ്റിംഗുകളിൽ പങ്കെടുത്ത അനുഭവം ഇല്ല എന്ന് തന്നെ പറയാം.പക്ഷേ അവരെല്ലാം ഒരേ സ്വരത്തിൽ അവരുടെ സന്തോഷം - അല്ല ഉന്മാദം പങ്ക് വയ്ക്കുകയായിരുന്നു. ദൂരെയുള്ളവരെ വിളിക്കുമ്പോൾ അവർ വരുമോ വന്നാൽത്തന്നെ ഇഷ്ടപ്പെടുമോ എന്ന സംശയം ഉണ്ടായിരുന്നു. ചന്ദനക്കാംപാറയിൽ നിന്നും സിനിയുടെ പ്രായമായ അമ്മായി പോലും വരികയും ഒത്തിരി സന്തോഷത്തോടെ മുഴവൻ സമയവും ഇരിക്കുകയും ചെയ്തു. ഒരു കല്യാണം കൂടിയതിനേക്കാൾ സന്തോഷം തന്നു എന്നൊക്കെയാണ് അഭിപ്രായം വന്നത്. സിനിയുടെ ഒരു പുസ്തകം വരുന്നു എന്നറിഞ്ഞ് ആരും വിളിക്കാതെ വന്നവർ നിരവധി.
സിനിയോടുള്ള സ്നേഹം മാത്രമാണ് ചിലർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാൻ പ്രചോദനം.
സിനിയുടെ മറുപടിയും പുസ്തകത്തിലെ മുഖക്കുറിയും കവിതയോടൊപ്പമോ അതിലൊരു പടി മുകളിലോ നിൽക്കുന്നു എന്നാണെനിക്കു തോന്നിയത്.
എനിക്ക് സ്വകാര്യമായി കിട്ടിയ ഗിഫ്റ്റ് നിങ്ങൾക്കു കൂടി പങ്കുവയ്ക്കാൻ കഴിഞ്ഞു എന്നതിൽ ഒത്തിരി സന്തോഷം.
അതിന് ഞങ്ങളുടെ കൂടെ - അല്ല മുന്നിൽ നിന്നവർക്ക് ഒരുപാട് നന്ദി🙏🙏🙏