ജാലകം : ഉമ്മറത്തുണരുന്ന അക്ഷര വസന്തം

ആകാശവാണി, കണ്ണൂർ

09/06/2026

ജാലകം : ഉമ്മറത്തുണരുന്ന അക്ഷര വസന്തം

(പരിപാടിയുടെ ശബ്ദരേഖ ഈ പേജിന്റെ അവസാനം കൊടുത്തിരിക്കുന്നു)

അക്ഷരങ്ങൾ ആഢ്യത്വത്തിൻ്റെ അകത്തളങ്ങളിൽ നിന്ന് ഇറങ്ങി നടക്കുകയാണ്. അത് വലിയ ഹാളുകളുടെ ചുവരുകൾക്കുള്ളിലോ, വരേണ്യവർഗ്ഗത്തിന്റെ വേദികളിലോ അല്ല, മറിച്ച് നാട്ടിൻപുറത്തെ പച്ചപ്പ് നിറഞ്ഞ മണ്ണിൽ, വീടുകളുടെ ഉമ്മറത്തിണ്ണകളിലും ഇളം കാറ്റടിക്കുന്ന മുറ്റങ്ങളിലും ആണ്.

ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എ. ആർ. പ്രസാദ് മാഷ്

ആലക്കോട് എന്ന് പറയുന്നത് ഒരു മലയോര ഗ്രാമമാണ്. ഇവിടുത്തെ നിവാസികൾ മധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറി വന്നിട്ടുള്ള ആളുകളാണ്. അതുകൊണ്ട് തന്നെ കുടിയേറ്റത്തിൻ്റെ തുടക്കത്തിൽ ഇവിടെ കലാ സാഹിത്യ സാംസ്കാരിക രംഗത്ത്‌ വേണ്ടത്ര സംഭാവനകളൊന്നും ഉണ്ടായിരുന്നില്ല. അതിനൊരു കാരണം മറ്റൊന്നുമല്ല, അവർ അതിജീവനത്തിനുള്ള ഒരു പോരാട്ടത്തിലായിരുന്നു എന്നതാണ്. അപ്പോൾ സ്വാഭാവികമായി അവർക്ക് നിലനിൽക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു അജണ്ട.

കണ്ണൂരിന്റെ മലയോര ഗ്രാമമായ ആലക്കോട് നിന്ന് തുടക്കമിട്ട ഒരു ജനകീയ സാംസ്കാരിക വിപ്ലവത്തിന്റെ കഥയാണിത്. ആലക്കോട് കുടിയേറ്റ രാജാവ് എന്നറിയപ്പെടുന്ന പി.ആർ. രാമവർമരാജയുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത്‌ ആലക്കോട് നിരവധി ആയിട്ടുള്ള വായനശാലകളും, കലാസമിതികളും രൂപം കൊണ്ടത്. അതുപോലെ കേരളത്തിലെ പ്രധാനപ്പെട്ട കലാ സാഹിത്യകാരന്മാർ എത്തുന്ന അരങ്ങം ക്ഷേത്രത്തിലെ ഉത്സവം, ആലക്കോട് പള്ളിയിലെ പെരുന്നാൾ. ഇത്തരത്തിലുള്ള ചില സംഭവങ്ങൾ അല്ലാതെ മറ്റു പ്രവർത്തനങ്ങൾ ആദ്യകാലത്ത് അധികം ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീട് ആലക്കോട് അഖില കേരള നാടക മത്സരം, വോളിബോൾ മത്സരം തുടങ്ങിയ രീതിയിലൊക്കെ അത് വളർന്നു വന്നു. എങ്കിലും കുടിയേറ്റ മേഖലയുടെ ഒരു രീതി അനുസരിച്ച് വേണ്ടത്ര ഒരു തുടർച്ച അതിനുണ്ടായില്ല.

ഈ സമയത്താണ് 2006-ൽ സർഗ്ഗവേദി എന്ന സംഘടന രൂപം കൊള്ളുന്നത്. അതുകൊണ്ട് സാംസ്‌കാരിക മേഖലയിൽ ആലക്കോട്ടെ മലയോരത്തിന്റെ ചരിത്രം എന്നത് സർഗ്ഗവേദിക്ക് മുൻപും പിൻപും എന്ന് രേഖപ്പെടുത്താൻ പറ്റുന്നതാണ്. അന്ന് സർഗ്ഗവേദിയുടെ പ്രവർത്തനങ്ങൾ കൂടുതലും നടന്നത് ആലക്കോട് ഒരു ഓഡിറ്റോറിയത്തിലാണ്. ഇതിനൊരു മാറ്റം വരുത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു ആലോചനയിലാണ് നമുക്ക് ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്ക് മാറ്റിയാലോ എന്നുള്ള ഒരു ആശയം കടന്നു വരുന്നത്. ആ സമയത്താണ് പ്രഭാകരൻ മാഷിന്റെ സാഹിത്യ പാഠശാല ആലക്കോട് നടക്കുന്നത്. അതിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ ഞങ്ങൾ വീട്ടുമുറ്റത്തേക്ക് ഇതിനെ പറിച്ചു നട്ടു. അങ്ങനെ പ്രഭാകരൻ മാഷിൻ്റെ 'എഴുത്തിൻ്റെ സ്വദേശം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം വീട്ടുമുറ്റത്തു വെച്ച് നടന്നു. ഇതുകൊണ്ടുള്ള ഒരു മാറ്റം എന്തെന്നാൽ, നമ്മുടെ വീട്ടുമുറ്റം എന്നത് നമ്മുടെ ഒരു സ്വകാര്യ ഇടം എന്നതിന് അപ്പുറത്തേക്ക് ജാതി മത രാഷ്ട്രീയത്തിനതീതമായി മുഴുവൻ ആളുകളും ഒരുമിച്ച് ചേരുന്ന ഒരു പൊതുഇടം എന്നുള്ള ഒരു കൺസെപ്റ്റിലേക്ക് അത് മാറുന്നു എന്നതാണ്. മാത്രമല്ല ഈയൊരു പൊതുഇടത്തേക്ക് പൊതുവേദികളിലേക്ക് വരാൻ മടിക്കുന്ന ആളുകൾ, ആ വീട്ടിലുള്ള അംഗങ്ങൾ ഒക്കെ വരുമ്പോൾ സ്വാഭാവികമായിട്ടും അവരിൽ വലിയ ആഹ്ളാദവും ആവേശവും ഒക്കെ ഉണ്ടാക്കുന്നുണ്ട്. ക്രമേണ ഈ വീട്ടുമുറ്റത്തേക്ക് ധാരാളം ആളുകൾ വരികയും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം വർധിച്ചു വരികയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇവിടെയുള്ള ധാരാളം ആളുകൾ എഴുതിയിട്ടുള്ള പുസ്തക പ്രകാശനങ്ങൾ ഇവിടെ നടത്താൻ സാധിച്ചിട്ടുണ്ട്. അതുപോലെ പ്രഗത്ഭരായ എഴുത്തുകാരുടെ ഒക്കെ പുസ്തക പ്രകാശനവും ഇവിടെ നടന്നു. അപ്പോൾ ഇത്തരത്തിൽ നമ്മുടെ മലയോര ജീവിതത്തിൽ കലാ സാഹിത്യ സാംസ്കാരിക രംഗം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്നും അത് നമ്മുടെ ഭാവി തലമുറക്ക് ഒരു മുതൽക്കൂട്ടാണ് എന്നുമുള്ള രീതിയിലേക്ക് ഒക്കെ ഈയൊരു വീട്ടുമുറ്റം എന്നുള്ള ആശയം വന്നിട്ടുണ്ട്. 2017-ലാണ് ഞങ്ങൾ വീട്ടുമുറ്റം ആരംഭിക്കുന്നത്. വീട്ടുമുറ്റം എന്ന ഈ ആശയം ഒരുപക്ഷേ നേരത്തെ ഉണ്ടാവാം. പക്ഷെ വീട്ടുമുറ്റം ഈ തരത്തിൽ ജനകീയമായിട്ട് വിജയിപ്പിച്ചു നടത്തിയത് ആലക്കോട് ആണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും. തുടർന്ന് ലൈബ്രറി കൗൺസിൽ ഉൾപ്പെടെ നിരവധി സംഘടനകൾ ഇത് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം വീട്ടുമുറ്റം എന്ന ആശയം വളരെ വ്യാപകമായിട്ട് വന്നിട്ടുണ്ട്.

എഴുത്തുകാർ വീട്ടുമുറ്റത്തേക്ക് വരുന്നു എന്നുള്ളത് പുതിയ കാലത്ത്, നമ്മുടെ സമൂഹത്തിൽ വിഭാഗീയതയും വേർതിരിവും അപര വിദ്വേഷവും ഒക്കെ ഉണ്ടായി വരുന്ന ഈ കാലത്ത്, മനുഷ്യരെല്ലാം കൂടി ഒന്നിച്ച് ഇരിക്കാൻ പറ്റുന്ന ഒരു വേദി അല്ലെങ്കിൽ മാനവികതയുടെ ചക്രവാളം വികസിപ്പിക്കാൻ പറ്റുന്ന ഒരു വലിയ വേദി എന്നുള്ള വലിയൊരു ദൗത്യം ഈ വീട്ടുമുറ്റത്തെ ചർച്ച നിർവഹിക്കുന്നുണ്ട്. സാധാരണഗതിയിൽ വൈകുന്നേരങ്ങളിലാണ് ഞങ്ങളത് സംഘടിപ്പിക്കുക. റീഡേഴ്സ് ഫോറത്തിന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൽ ഏതാണ്ട് 150 ഓളം അംഗങ്ങൾ ഉണ്ട്. അതിനകത്ത് പ്രധാനമായിട്ടും സാഹിത്യ ചർച്ചകളാണ് നടക്കുന്നത്. പ്രധാനമായിട്ടും ഒരു നാല് പഞ്ചായത്തുകളിൽ നിന്നുള്ള ആളുകൾ - ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപടവ് തുടങ്ങിയ മലയോര പഞ്ചായത്തുകളിൽ നിന്നുള്ള ആളുകൾ വരാറുണ്ട്. അതിനുപുറമെ കാസർഗോഡ് നിന്നും നീലേശ്വരത്തു നിന്നും തലശ്ശേരിയിൽ നിന്നുമൊക്കെ ആളുകൾ ഈ വീട്ടുമുറ്റ പരിപാടികളിൽ വന്ന അനുഭവം ഉണ്ട്. പ്രത്യേകിച്ച് ആലക്കോട് പോലുള്ള ഒരു മലയോര ഗ്രാമത്തിലേക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ ഒരു സാംസ്കാരിക ചർച്ചക്ക്, സാഹിത്യ ചർച്ചക്ക് കേൾക്കാൻ വരുന്നു എന്നുള്ളത് സർഗ്ഗവേദി റീഡേഴ്സ് ഫോറം നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ട് കൂടിയാണ് ഞങ്ങൾ കാണുന്നത്. സ്കൂളുകളിൽ ഇതിന്റെ ഭാഗമായിട്ട് ബി.ആർ.സി. ഒക്കെ കുട്ടികൾക്ക് വീട്ടുമുറ്റത്തെ ചർച്ച ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഞങ്ങളുടെ ഒരു വീട്ടുമുറ്റത്ത് ഇതര സംസ്ഥാനങ്ങളിൽപ്പെട്ട മൂന്ന് നാല് പേർ ഒരിക്കൽ പങ്കെടുക്കുകയുണ്ടായി. അവര് കേരളത്തിലെ സർക്കാർ ജോലിക്കാർ ആയിട്ട് വന്നവരാണ്. യു.പി., ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളാണ്. പരിപാടിയിൽ പങ്കെടുത്തതിന് ശേഷം അവർ ഞങ്ങളോട് പറഞ്ഞ ഒരു കാര്യം, ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം നടക്കില്ല. കാരണം അവിടെ ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ വലിയ തോതിൽ ഉള്ളതുകൊണ്ട് ഇങ്ങനെ ഒരു പൊതുഇടത്ത് എല്ലാവർക്കും ഒന്നിച്ച് ഇരിക്കാൻ പറ്റില്ല. അതുകൊണ്ട് കേരളത്തിൽ ഈ ആളുകളെല്ലാം ഒരുമിച്ച് ഒരു വീട്ടുമുറ്റത്ത് സാഹോദര്യത്തിൽ കൂടി ഇരിക്കുന്നു എന്നുള്ളത് ഞങ്ങൾ വലിയ അത്ഭുതത്തോടെയാണ് കാണുന്നത് എന്ന് അവര് പറയുന്നുണ്ട്. അപ്പൊ ഞങ്ങൾ ഈ വീട്ടുമുറ്റത്തെ ഒരു പ്രതിരോധമായിട്ട് കൂടി - നമ്മുടെ സമൂഹത്തിൽ നിന്നുള്ള വിഭാഗീയതക്കെതിരെയുള്ള ഒരു പ്രതിരോധം എന്ന നിലക്ക് കൂടി - കാണുന്നുണ്ട്. ഞങ്ങളുടെ വീട്ടുമുറ്റം നടക്കുക ഈ പ്രദേശത്തെ പല പല വീടുകളിൽ മാറിമാറിയാണ്.

സാധാരണക്കാരായ വായനക്കാരെയും അക്ഷരസ്നേഹികളെയും നെഞ്ചോടടുത്ത് ചേർത്തുപിടിക്കുന്ന ആലക്കോട് സർഗ്ഗവേദിയുടെ വീട്ടുമുറ്റ ചർച്ചകൾ... ആ മുറ്റങ്ങളിലേക്കാണ് ഇന്നത്തെ ജാലകം നിങ്ങളെ കൊണ്ടുപോകുന്നത്.

വീട്ടുമുറ്റ ചർച്ചയെക്കുറിച്ച് ഷീബ അനിൽ

സർഗ്ഗവേദി റീഡേഴ്സ് ഫോറം അംഗങ്ങൾ എന്ന് പറയുന്നത് സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും പെട്ട ആളുകളാണ്. അതായത്, എന്നെപ്പോലെയുള്ള സാധാരണ വീട്ടമ്മമാർ മുതൽ ഉയർന്ന ഉദ്യോഗത്തിൽ ഇരിക്കുന്ന ആളുകൾ വരെ ഇതിലെ അംഗങ്ങളാണ്. ഓരോ വീട്ടുമുറ്റ ചർച്ചയും എനിക്ക് വളരെ ആവേശകരമായിട്ടുള്ള ഒരു കാത്തിരിപ്പാണ്. നമ്മുടെ അതിഥിയായി എത്തുന്ന ആളെ അറിഞ്ഞുകഴിയുമ്പോൾ മുതൽ പിന്നെ അവരെക്കുറിച്ചുള്ള അന്വേഷണമായി. അവരെക്കുറിച്ച് മാക്സിമം വിവരങ്ങൾ ശേഖരിക്കും. പിന്നെ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന പല എഴുത്തുകാരെയും കാണാൻ പറ്റി. ഈ വന്നവരിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് അംബികാസുതൻ മാഷ് തന്നെയാണ്. ശബ്ദമില്ലാത്തവന്റെ ശബ്ദമാകുന്നതോടൊപ്പം തന്നെ അവർക്കൊരു കൈത്താങ്ങാകുക എന്നുള്ളത് കൂടിയാണ് അംബികാസുതൻ മാഷ് ചെയ്തു കാണിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഈ എഴുത്ത് ജീവിതത്തിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ അദ്ദേഹം ഈ എൻഡോസൾഫാൻ ദുരിതബാധിതർക്കായി നൽകുന്നു. നമ്മുടെ ഈ വീട്ടുമുറ്റം ചർച്ച കഴിഞ്ഞാൽ നമ്മുടെ ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് പലരും അഭിപ്രായങ്ങൾ എഴുതും. അതുപോലെ ഒരു ചെറിയ ശ്രമം നടത്താനും എനിക്കു പറ്റാറുണ്ട്. വയലാർ അനുസ്മരണം, ഒ എൻ വി അനുസ്മരണം... അങ്ങനെ ഒരുപാട് പ്രോഗ്രാമുകൾ നടത്താറുണ്ട്. ശാസ്ത്രബോധം കുട്ടികളിൽ വളർത്തുന്നതിന് ആവശ്യമായിട്ടുള്ള ഒരു ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

ഇത്തരം ഒരു കൂട്ടായ്മ രൂപപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് എ.ആർ. പ്രദീപ്

2006 ലാണ് സർഗ്ഗവേദി രൂപം കൊള്ളുന്നത്. ഡി. വിനയചന്ദ്രൻ ആയിരുന്നു സർഗ്ഗവേദിയുടെ ഉദ്ഘാടനം ഒരു വയലാർ അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയത്. ഒരു കുടിയേറ്റ മേഖലയാണെങ്കിലും അതിനു മുമ്പ് വളരെ അധികം സാംസ്കാരിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആലക്കോട് നടത്തിയിരുന്നു. പക്ഷെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അന്നുണ്ടായിരുന്ന ചെറുപ്പക്കാർ എല്ലാം ജോലി തേടിയൊക്കെ മറ്റു ദേശങ്ങളിലേക്കു ചേക്കേറിയപ്പോൾ ഇവിടെയുള്ള അത്തരം ക്ലബ്ബുകളിലെ പ്രവർത്തനങ്ങൾ നിന്നുപോവുകയും ആലക്കോട് വളരെക്കാലത്തോളം അത്തരം സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ഇല്ലാത്ത ഒരു മേഖലയായി മാറുകയും ചെയ്തിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ പി.ടി. തങ്കപ്പൻ മാഷിൻ്റെ നേതൃത്വത്തിലാണ് നമ്മുടെ സർഗ്ഗവേദി രൂപീകരിക്കുന്നത്. സർഗ്ഗവേദി രൂപീകരിച്ചതിന് ശേഷം വിവിധങ്ങളായ പരിപാടികൾ ആലക്കോട് മലയോര മേഖലയിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്, അവിടെയുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും നടത്തിക്കൊണ്ടിരുന്നു. അതിനുശേഷം സർഗ്ഗവേദിയിലെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് പത്ത് പരിപാടികൾ ചെയ്യണം എന്ന് പ്ലാൻ ചെയ്യുകയും അതനുസരിച്ച് സർഗ്ഗവേദിക്ക് റീഡേഴ്സ് ഫോറം എന്നൊരു വായനാ ഗ്രൂപ്പ് കൂടി ഉണ്ടാകുകയും ചെയ്യുന്നത്. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ ഒക്കെ ഉള്ള ആളുകൾ റീഡേഴ്സ് ഫോറത്തിൽ അംഗങ്ങളാണ്. റീഡേഴ്സ് ഫോറം കൂടി രൂപീകരിച്ചതോടുകൂടി സർഗ്ഗവേദിയുടെ പ്രവർത്തനങ്ങൾ വളരെ വിപുലമായി, എല്ലാ വർഷവും ഏഴും എട്ടും പരിപാടികൾ നടക്കുന്ന രീതിയിലേക്ക് വന്നിട്ടുണ്ട്. അതിനുശേഷം തങ്കപ്പൻ മാഷിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ഒരു അവാർഡ് - 15000 രൂപയും പ്രശംസാ പത്രവും - എല്ലാ വർഷവും കേരളത്തിലെ സാഹിത്യകാരന്മാർക്ക് സർഗ്ഗവേദി നൽകുന്നുണ്ട്.

കേരളത്തിൽ തന്നെ ആദ്യമായി വീട്ടുമുറ്റം ചർച്ച തുടങ്ങി വെച്ചത് ആലക്കോട് സർഗ്ഗവേദിയാണ്. ഇന്ന് അത് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗൃഹസദസ്സുകളായിട്ടും വീട്ടുമുറ്റം ചർച്ചകളായിട്ടും പല സംഘടനകളുടെ പേരിൽ നടക്കുന്നു. വീട്ടുമുറ്റത്തേക്ക് നമ്മുടെ സാംസ്കാരിക പരിപാടികൾ കൊണ്ടുവന്നു എന്ന് പറയുന്നത് വളരെ നല്ല ഒരു സന്ദേശം നൽകുന്ന ആശയമാണ്. മഴക്കാലത്ത് വീട്ടുമുറ്റചർച്ച വീട്ടക ചർച്ചയായിട്ട് മാറുന്നുണ്ട്. വളരെ നല്ല ഒരു പങ്കാളിത്തമാണ് വീട്ടുമുറ്റം ചർച്ചയിൽ ഉണ്ടാകുന്നത്. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും നീലേശ്വരത്തു നിന്നുമൊക്കെ നിരവധി ആളുകൾ നമ്മുടെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നുണ്ട് എന്നുള്ളത് വളരെ സന്തോഷകരമായ കാര്യമാണ്. ഒരു വീട്ടുമുറ്റത്ത് പത്തും നൂറ്റി അൻപത് പേര് ഒത്തുചേരുക എന്ന് പറയുന്നത് തന്നെ നമ്മുടെ ഇന്നത്തെ സാമൂഹിക മേഖലയിൽ ഉണ്ടാകുന്ന നല്ല ഒരു മാറ്റത്തിൻ്റെ അടയാളമായിട്ടാണ് ഞങ്ങൾ കാണുന്നത്.

അധ്യാപികയായ ശ്രീകല കെ. വി.

സർഗ്ഗവേദിയുടെ റീഡേഴ്സ് ഫോറം കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ തന്നെ ഇടം പിടിച്ചു കഴിഞ്ഞ ഒരു സംഘടനയാണ്. മലയോര മേഖലയിൽ അപ്രാപ്യമായിരുന്ന പലതും ഇവിടെയെത്തിച്ചത് സർഗ്ഗവേദി റീഡേഴ്സ് ഫോറം ആണ്. സാഹിത്യ പാഠശാല, വീട്ടുമുറ്റ ചർച്ച, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ പല തവണ ഇവിടെ നടത്തിയിട്ടുണ്ട്. സാഹിത്യത്തോട് താല്പര്യമുള്ള, എന്നാൽ അത് പഠിക്കാൻ സാധിക്കാതെ പോയ പലർക്കും വിവിധങ്ങളായ സാഹിത്യ രൂപങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നൽകുന്നതിന് പ്രഭാകരൻ മാഷ് നടത്തിയ പ്രവർത്തനം അത്രയധികം വിജയകരമായിരുന്നു. അതുപോലെ തന്നെ വീട്ടുമുറ്റ ചർച്ചകളെക്കുറിച്ചും പറയാതിരിക്കാൻ പറ്റില്ല. നമ്മുടെ നാട്ടിലേക്ക് നിരവധി സാഹിത്യകാരന്മാർ വരികയും അവരുമായിട്ട് ഒക്കെ സംവദിക്കാൻ സാധിക്കുകയും ചെയ്തു. ഇതിൻ്റെ സംഘാടനങ്ങളെക്കുറിച്ച് കൂടെ ഇവിടെ പറയേണ്ടതുണ്ട്. അതിൻ്റെ ഒരു മികവും വ്യത്യസ്തതയും തന്നെയാണ് ഈ പരിപാടികളെ ഇത്രയധികം മനോഹരമാക്കുന്നത്. എടുത്തു പറയേണ്ട വേറൊരു കാര്യമെന്താണെന്ന് വെച്ചാൽ സാഹിത്യ പാഠശാലയിലെ എട്ട് വയസ്സു മുതൽ അല്ലെങ്കിൽ പത്ത് വയസ്സു മുതൽ 80 വയസ്സു വരെയുള്ള ആളുകൾ പങ്കെടുത്തിരുന്നു. ഇന്ന് സാഹിത്യത്തിൽ നിന്ന് അകന്നുപോകുന്ന കുട്ടികളെ പ്രത്യേകിച്ച് ഈയൊരു മേഖലയിലേക്ക് കുറച്ച് താല്പര്യം ഉണ്ടാക്കുന്നതിന് തീർച്ചയായിട്ടും ഇതൊരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമ്മൾ സാമൂഹ്യ മാധ്യമങ്ങളാണല്ലോ കൂടുതൽ ഉപയോഗിക്കുന്നത്. അപ്പോൾ റീഡേഴ്സ് ഫോറത്തിൻ്റെ ഈ വാട്ട്സ്ആപ്പ് കൂട്ടായ്മ സാഹിത്യത്തെ പരിപോഷിപ്പിക്കാൻ ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ, അവയെക്കുറിച്ചുള്ള അനുഭവങ്ങൾ തുടങ്ങിയവ അതിൽ വരാറുണ്ട്. അപ്പോൾ നമുക്ക് വായിക്കാനുള്ള ഒരു പ്രചോദനം ഒരുപാട് ലഭിക്കുന്നുണ്ട്.

സാധാരണക്കാർക്കും സാഹിത്യം ചർച്ച ചെയ്യാൻ കിട്ടിയ വലിയൊരു അവസരമാണിത്.

അധ്യാപകനായ രമേശൻ പി.വി.

ആലക്കോട് സർഗ്ഗവേദി റീഡേഴ്സ് ഫോറം നടത്തുന്ന വീട്ടുമുറ്റം ചർച്ചകൾ ഏറെ പ്രയോജനകരമാണ്. എനിക്ക് തോന്നിയിട്ടുള്ളത്, ഓരോ വീട്ടുമുറ്റവും വ്യത്യസ്തമാണ്. ഓരോ വീട്ടുമുറ്റം ചർച്ചയും അനുഭവവേദ്യമാണ്. ഒരു പ്രത്യേകത എന്തെന്നാൽ, ചർച്ചകൾ നടക്കുന്നത് വീട്ടുമുറ്റത്താണെങ്കിലും പിന്നീട് അത് വീട്ടക ചർച്ചകളായി മാറുകയാണ്. ഞാൻ കുടുംബസമേതമാണ് ഈ ചർച്ചയിൽ പങ്കെടുക്കുക. അതിനുശേഷം ഞങ്ങൾ വീട്ടിലെത്തി അവിടെ വന്നിട്ടുള്ള എഴുത്തുകാരനെക്കുറിച്ചും അദ്ദേഹം എഴുതിയ പുസ്തകങ്ങളെക്കുറിച്ചും ഒരാഴ്ചയോ ഒന്നര ആഴ്ചയോ ദീർഘമായ ഒരു ചർച്ചയിലേക്ക് പോകും. അപ്പോൾ അത് വീടിനകത്ത് ഒരു പാരസ്പര്യത്തിന്റെ ഒരു സുഖം ഈ പുസ്തകം തരുന്നു, ചർച്ച തരുന്നു എന്നുള്ളതാണ്. മറ്റൊന്ന്, ധാരാളം കവികളെയും കലാകാരന്മാരെയും എഴുത്തുകാരെയും പ്രഭാഷകരെയും മാധ്യമ പ്രവർത്തകരെയും അടുത്തുപരിചയപ്പെടാൻ സാധിക്കുന്നത് ഒരു വലിയ നേട്ടവും ഭാഗ്യമായിട്ട് ഞാൻ കാണുകയാണ്. എനിക്ക് തോന്നുന്നു, ഇപ്പോഴത്തെ കാലത്ത് നമ്മുടെ ജീവിതം തിരക്കേറിയതാവുകയാണ്. ഇത്തരം സമ്മർദ്ദങ്ങളെ ഒക്കെ മാറ്റാനായിട്ട് ഈ ചർച്ചകൾ എന്നെ സംബന്ധിച്ച്, എൻ്റെ കുടുംബത്തെ സംബന്ധിച്ച് ഒരുപാട് ഉപകാരപ്രദമായിട്ടുണ്ട്.

വീട്ടുമുറ്റ ചർച്ചകൾ തുടങ്ങി ഏതാനും നാൾ കഴിഞ്ഞു നടന്ന ഒരു പ്രധാന കാര്യം എൻ്റെ മനസ്സിൽ വരികയാണ്. സുഖമുള്ള ഒരു ഓർമ്മയായിട്ട് നിലനിൽക്കുന്ന ഒരു സംഭവം ഉണ്ട്. എഴുത്തുകാരൻ എൻ പ്രഭാകരൻ മാഷിൻ്റെ സാഹിത്യ പാഠശാലയാണത്. കലയും സാഹിത്യവും മനുഷ്യ മനസ്സിൽ വരുത്തുന്ന മാറ്റം മുതൽ കഥയും കവിതയും എഴുത്തുകാരൻ്റെ മനസ്സിൽ രൂപപ്പെടുത്തുന്നത് എങ്ങനെ, അവയെ സമീപിക്കേണ്ടതെങ്ങനെ, സത്യത്തിൽ സാഹിത്യത്തിൻ്റെ പ്രയോജനം എന്താണ്, ഇവയെല്ലാം ആ സാഹിത്യ പാഠശാലയിൽ ചർച്ച ചെയ്യപ്പെട്ടു. അത് എൻ്റെ ഒരു അടിസ്ഥാനമായി മാറി. തുടർന്ന് ഇങ്ങോട്ട് വന്ന സാഹിത്യ ചർച്ചകളിൽ പ്രഭാഷണങ്ങളെ സമീപിക്കുന്ന രീതി, പുസ്തകങ്ങളെ സമീപിക്കുന്ന രീതി എന്നിവയിൽ ഇതിലെ അംഗങ്ങൾക്ക് ഒരു വഴികാട്ടിയായി തീരാൻ ആ സാഹിത്യ പാഠശാലയ്ക്ക് തീർച്ചയായിട്ടും സാധിച്ചു. മറ്റൊന്ന്, യുവതലമുറയെ നമ്മുടെ ഈ കൂട്ടായ്മ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഐഎഎസ് കഴിഞ്ഞെത്തിയിട്ടുള്ള ഒരുപാട് കുട്ടികളെ ഈ ഗ്രൂപ്പ് അനുമോദിക്കുന്നുണ്ട്. അതുപോലെ മറ്റു പരീക്ഷകളിൽ വിജയിക്കുന്ന പ്രതിഭകൾ. ഇവരെയെല്ലാം റീഡേഴ്സ് ഫോറവും സർഗ്ഗവേദിയും ആദരിക്കുന്നു. നമ്മൾ കുടുംബ കൂട്ടായ്മകൾ നടത്തുന്നുണ്ട്. വേറൊന്ന് പരിപാടികൾ കാണാനും ആസ്വദിക്കാനും അഭിപ്രായം പറയാനും ആയിട്ട് എത്തിച്ചേരുന്നതിൽ ഭൂരിഭാഗം ആൾക്കാരും സ്ത്രീകളും കുട്ടികളും ആണെന്നുള്ളതാണ്. അത് വലിയൊരു സാമൂഹിക മുന്നേറ്റത്തിന് ഇടയാക്കുന്ന, മലയോര മേഖലയായിട്ടുള്ള ആലക്കോടിനു ശരിക്കും ഒരു പുതിയ മുഖം നൽകാനായിട്ട് നമ്മുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നമ്മൾ സോഷ്യൽ മീഡിയ, അതിൻ്റെ അതിപ്രസരം, മൊബൈൽ ഫോണുകൾ, ഇങ്ങനെയൊക്കെ വരുമ്പോൾ വായന പിന്നോട്ട് പോകുന്നു എന്ന് പറയുന്നിടത്ത് വായിക്കുക മാത്രമല്ല അതിനുശേഷമുള്ള ചർച്ചയും ചിന്തയും മാറ്റവും പരസ്പരമുള്ള സ്നേഹവും അടുപ്പവും പങ്കുവെക്കലും തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇതിലൂടെ സാധിക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്.

റിട്ടയേർഡ് ആയ അധ്യാപകനായ ടോമി ജോസഫ്

ആലക്കോട് സർഗ്ഗവേദി മലയോര മേഖലയിൽ നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണ്. നിരവധി സാഹിത്യകാരന്മാർ സർഗ്ഗവേദിയുടെ ഭാഗമായി തന്നെ ഇവിടെയെത്തി. അതിൽ ഏറ്റവും മികച്ച ഒരു പരിപാടിയായിരുന്നു അംബികാസുതൻ മാങ്ങാടിൻ്റെ എൻമകജെ എന്ന പുസ്തക ചർച്ച. ഞങ്ങൾ സർഗ്ഗവേദി പ്രവർത്തകർ അദ്ദേഹത്തിൻ്റെ ഈ പുസ്തകം ഏതാണ്ട് 250 ൽ അധികം കോപ്പികൾ വാങ്ങി ആലക്കോട് മേഖലയിലെ വായനക്കാരായ ആളുകൾക്കിടയിൽ വിതരണം ചെയ്യുകയും അംബികാസുതൻ മാഷ് ആലക്കോട് വരികയും ഈ പുസ്തക ചർച്ച ആലക്കോട് വ്യാപാരഭവനിൽ വെച്ച് നടത്തുകയും ചെയ്യുകയുണ്ടായി. അതിനുശേഷം ഞങ്ങൾ കഥാകൃത്തിനോടൊപ്പം തന്നെ ഈ എൻമകജെ എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള കാസർകോട്ടുള്ള എൻമകജെയിലെ സ്വർഗ്ഗ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി. ആ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്ന പ്രദേശങ്ങളിൽ പോവുകയും ആ കഥാപാത്രങ്ങളെ കാണുകയും അവരുടെയൊക്കെ ദയനീയത, പ്രത്യേകിച്ച് എൻഡോസൾഫാൻ ദുരിതബാധിതരായ ആളുകളുടെ ആ ജീവിതത്തിലെ ക്ലേശങ്ങൾ, നേരിട്ട് മനസ്സിലാക്കാനും ഞങ്ങൾക്ക് സാധിച്ചു. അവിടെ ദയനീയത അനുഭവിക്കുന്ന ആളുകൾക്ക് ഈ പുസ്തകം വിറ്റു കിട്ടിയ പൈസ ഞങ്ങൾ അവർക്ക് ഒരു സഹായം എന്ന നിലയിൽ ചെറിയ തുകയാണെങ്കിലും നൽകുകയുണ്ടായി.

സ്വന്തം വീടിൻ്റെ മുറ്റത്ത് പ്രമുഖരും സാധാരണക്കാരുമായ ആളുകൾ വന്നിരുന്ന് ചർച്ച നടത്തുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് കല സി. ജി.

വായനയിലൂടെ മാത്രം അറിഞ്ഞ എഴുത്തുകാരെ അടുത്തറിയാനും അവരുമായിട്ട് സംസാരിക്കാനും ഒക്കെ പറ്റുക എന്നുള്ളത് വലിയൊരു ഭാഗ്യമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. വായിച്ചതിനേക്കാൾ കൂടുതൽ അറിവുകൾ ഇനി നേടാനുണ്ട്, ഇനിയും വായിക്കാനുണ്ട് എന്നൊക്കെയുള്ള ഒരു തോന്നൽ എനിക്ക് വരാറുണ്ട്. വീട്ടുമുറ്റ ചർച്ച എന്ന് പറഞ്ഞാൽ എല്ലാവരുമായിട്ടുള്ള ബന്ധം ദൃഢമാക്കാനുള്ള ഒരു സാഹചര്യം കൂടിയാണ്. അതായത് അവനവന്റെ കാര്യം മാത്രം നോക്കി ഓരോ വീട്ടിലും ഒതുങ്ങി നിൽക്കുന്ന ഈ ഒരു കാലഘട്ടത്തിൽ എല്ലാവരുമായിട്ട് ഒന്ന് ബന്ധം പുതുക്കാനും അതൊന്നുകൂടെ ഊട്ടിയുറപ്പിക്കാനും നമ്മൾ ഒറ്റയ്ക്കല്ല, നമുക്ക് ചുറ്റും ആരൊക്കെയൊ ഉണ്ട് എന്നുള്ള ആ ഒരു തോന്നൽ ഉണ്ടാക്കുവാനുമായിട്ട് ഈ വീട്ടുമുറ്റ ചർച്ചയ്ക്ക് സാധിക്കുന്നുണ്ട്. ഓരോ എഴുത്തുകാർ വരുമ്പോഴും പുസ്തകങ്ങൾ എനിക്ക് സമ്മാനമായിട്ട് കിട്ടും. അന്ന് രാത്രി തന്നെ ഞാൻ ആ പുസ്തകം മുഴുവൻ വായിക്കും. അതൊരു വലിയ ഒരു അനുഭവമാണ്.

മുറ്റത്തെ തുളസിത്തറയ്ക്കും മാവിൻചുവട്ടിനും സാക്ഷിയായി ഇവിടെ അക്ഷരങ്ങൾ പൂത്തുലയുകയാണ്. മാസത്തിലൊരിക്കൽ ഒത്തുകൂടുന്ന ഈ ചങ്ങാതികൂട്ടം ചർച്ച ചെയ്യാത്ത പുസ്തകങ്ങളില്ല. ആഗോള സാഹിത്യം മുതൽ പ്രാദേശിക എഴുത്തുകാരുടെ കവിതകൾ വരെ ഇവിടെ സംവാദ വിഷയമാകുന്നു.

എഴുത്തുകാരൻ എൻ പ്രഭാകരൻ

ഒരു വീട്ടുമുറ്റ ചർച്ചയാകുമ്പോൾ ഒരു പ്രദേശത്തുള്ള സാധാരണക്കാരായ സാഹിത്യ തല്പരർ ഒരു വീട്ടുമുറ്റത്ത് ഒത്തുകൂടുകയാണ് ചെയ്യുന്നത്. അവിടെ വെച്ച് ഒരാൾ സംസാരിക്കുന്നു. വളരെ ജനകീയമായിട്ടുള്ള ഇടപെടലുകൾ ഉണ്ടാകുന്നു. അഭിപ്രായങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. ആശയങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നു. അങ്ങനെ സാഹിത്യവായനയും നിരൂപണവും എല്ലാ സാഹിത്യത്തിൽ വിശേഷ പഠനം ഒന്നും നടത്തിയിട്ടില്ലാത്ത ഏറ്റവും സാധാരണക്കാരായ ആളുകൾക്കും സാധ്യമാകുന്നു എന്ന് ശരിയായ ധാരണ രൂപപ്പെടും. വീട്ടുമുറ്റത്തെ ചർച്ച അതിന് തീർച്ചയായിട്ടും സഹായിക്കും.

എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം

കേരളത്തിൻ്റെ ഒരു വായന സംസ്കാരത്തെ വളർത്താൻവേണ്ടി വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു സംഭവമായിട്ടാണ് ഇത്തരം പരിപാടികളെ ഞാൻ കാണുന്നത്. ഇപ്പോൾ ലൈബ്രറി കൗൺസിലും അതുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് കോവിഡിന് ശേഷം, ഇപ്പോൾ ഓരോ വീടുകളും കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ വടക്കേ മലബാറിൽ ഇത്തരം ചർച്ചകൾ നടക്കുന്നുണ്ട്. അപ്പോൾ അത്തരം ചർച്ചകളുടെ ഒരു തുടക്കം എന്ന രീതിയിലാണ് ഇത് വരുന്നത്. അതുകൊണ്ട് ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ന് ഇപ്പോൾ മറ്റു ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.

കവിയും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണൻ

ഇത് വളരെ വലിയ അർത്ഥത്തിൽ കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതാണ്. വിപുലീകരിക്കേണ്ട ഒരു സാംസ്കാരിക പ്രവർത്തനമാണ് യഥാർത്ഥത്തിൽ പ്രസാദ് മാഷിന്റെ വീട്ടുമുറ്റപരിപാടിയിൽ ഇപ്പോൾ കുറച്ചു വർഷങ്ങളായി നടന്നു വരുന്നത്. വളരെ പ്രധാനപ്പെട്ട സൂക്ഷ്മ സാംസ്കാരിക ഇടപെടൽ ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്.

വലിയ ഓഡിറ്റോറിയങ്ങളെക്കാൾ എഴുത്തുകാരന് വായനക്കാരുമായി നേരിട്ട് സംവദിക്കാൻ ഇത്തരം വീട്ടു മുറ്റങ്ങൾ നൽകുന്നത് വേറിട്ട ഒരു അനുഭൂതിയാണ്.

എഴുത്തുകാരൻ ഷൗക്കത്ത്

ആലക്കോട് നടക്കുന്ന വീട്ടുമുറ്റ ചർച്ച - ഞാൻ അതിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി ഒരു ദിവസം. പ്രസാദ് മാഷിന്റെ ഈ ഒരു വീട്ടുമുറ്റ ചർച്ചയെക്കുറിച്ച് ഞാൻ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യമായിട്ട് കാണുന്നത്. ഞാറ്റുവേല എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ്. അത് കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ഭയങ്കര ആഗ്രഹം തോന്നിയിരുന്നു ഒരു ദിവസം അവിടെ പോയി സംസാരിക്കണം എന്ന്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഗുരു നിത്യ ലോകത്തിൽ ഒരുവിധം മിക്ക യൂണിവേഴ്സിറ്റികളിലും വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. പല സ്ഥലങ്ങളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. അവസാന കാലമായപ്പോൾ ഗുരു പറഞ്ഞു - ഇനി ഇങ്ങനെ വലിയ വേദികളിലുള്ള പ്രഭാഷണം എനിക്കിനി ഇല്ല. എന്നിട്ട് അദ്ദേഹം ചെയ്യാൻ തുടങ്ങിയത്, ഏതെങ്കിലും ഒരു വീട്ടിൽ പോകും. എന്നിട്ട് അവരോട് തൊട്ടടുത്തുള്ളവരെ ഒക്കെ അങ്ങോട്ടേക്ക് വിളിക്കാൻ പറയും. എന്നിട്ട് അവരോട് ഇരുന്ന് വർത്തമാനം പറയും. അതിനു ശേഷം അടുത്ത സ്ഥലത്തോട്ട് പോകും. അങ്ങനെ പല വീടുകളിലും പല സ്ഥലങ്ങളിലും പോയി നടത്തിയിട്ടുള്ള ഒരു കേരള യാത്രയുണ്ട്. അങ്ങനെ തിരുവനന്തപുരത്തുള്ള പാങ്ങപ്പാറയിലെ ഗുരുവിന്റെ സിസ്റ്ററിന്റെ വീട്ടിൽ വച്ച് ഇതുപോലെ നടന്ന ഒരു സ്നേഹ സംഭാഷണം. കുറെ ആളുകൾ അവിടെ വരുന്നു വർത്തമാനം പറയുന്നതിനിടയിൽ വച്ചാണ് ഞാൻ ഗുരുവിനെ ആദ്യമായിട്ട് കാണുന്നത്. അന്ന് അവിടെ സംസാരിക്കുമ്പോൾ ഗുരു പറഞ്ഞ കാര്യം ഇതായിരുന്നു. ചെറിയ ചെറിയ പരിപാടികൾ ഉണ്ടാകണം. ഓരോരുത്തരുടെയും വീടുകളിൽ പരിസരത്തുള്ള ആളുകളൊക്കെ വിളിച്ചിരുത്തി പുസ്തകം വായിച്ചും പലതരത്തിലുള്ള ചിന്തകൾ പങ്കുവെച്ചും സ്നേഹം പറഞ്ഞും ചായ കുടിച്ചും ഇരിക്കുന്ന സംവാദങ്ങൾ നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. അപ്പോൾ ഈ ഒരു വീട്ടുമുറ്റ ചർച്ച കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് ഗുരു എന്നോ തുടങ്ങി വെച്ച ഒന്നിന്റെ ഒരു തുടർച്ച പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. ഇത് എല്ലായിടത്തും ഉള്ള നന്മ നിറഞ്ഞ പല മനുഷ്യരുടെ ഉള്ളിലും അങ്ങനെയുള്ള വെളിച്ചം ഉണ്ടാകുന്നുണ്ടെന്നുള്ളതാണ്.

അന്ന് ഞാൻ അവിടെ പോയി. അതിമനോഹരമായിട്ടുള്ള ഒരു സ്ഥലമാണ്. ഒരു വീടിന്റെ മുറ്റത്ത് എല്ലാവർക്കും വെള്ളം കൊടുക്കുന്നു. മാങ്ങ കൊടുക്കുന്നു. എല്ലാവരും വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്നു. പിന്നെ പറമ്പിൽ ഗേറ്റിൽ നിന്ന് ഇറങ്ങി വരുന്ന സ്ഥലത്ത് അവിടെ ഇവിടെയൊക്കെ കുറച്ചുപേര് കസേരയിൽ, കുറച്ചുപേര് പായയിൽ ഒരു വീടിന്റെ മുറ്റത്തിരിക്കുന്നു - വളരെ ഇൻഫോർമൽ ആയിട്ടും അനൗപചാരികമായിട്ടും. ഒരുപക്ഷേ ഏറ്റവും ഹൃദ്യമായിട്ട് ഞാൻ വർത്തമാനം പറഞ്ഞിട്ടുള്ള ഇടങ്ങളിൽ ഒന്ന് അതായിരിക്കും. മനുഷ്യന്റെ ഹൃദയവും ഹൃദയവും സംവദിക്കണമെങ്കിൽ ആ ഒരു ഹൃദയസ്പർശമുള്ള സ്പേസുകൾ ഉണ്ടാകണം. നമ്മളിപ്പോൾ വീട്ടിലേക്ക് ഒരാൾ കേറി വരുമ്പോൾ വീട്ടുകാര് വീട്ടിലേക്ക് കേറി വരുന്നവരോട് പെരുമാറുന്നത് അത്ര ഹൃദയപൂർവ്വമായിരിക്കും. ആ വരുന്ന ആളുകൾക്കും ഹൃദയാലുത്തുണ്ടാവും. വിളിച്ചു വരുത്തുന്നവർക്കും ഹൃദയാലുത്തുണ്ടാവും. അപ്പോൾ അവിടെ ഒരു വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് നാരായണഗുരു പറയുന്ന ആ ഒരു ദർശനം. നാച്ചുറലായി പ്രായോഗികമാക്കാനുള്ള ഒരു സ്പേസ് എന്ന് പറയുന്നത് വീട്ടുമുറ്റം തന്നെയാണ്. അതുകൊണ്ട് ഒരു വലിയ, മഹത്തായിട്ടുള്ള ഒരു കർമ്മധാരയായിട്ടാണ് എനിക്ക് ഇത്തരം പുതിയ പുതിയ തുടക്കങ്ങൾ ഫീൽ ചെയ്യുന്നത്. കുറച്ചും കൂടി മനുഷ്യരുടെ ഉള്ളിൽ ഇഴയടുപ്പം ഉണ്ടാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക. നമ്മുടെ വീട്ടുമുറ്റങ്ങളെ വേദികളാക്കി മാറ്റുക, നമ്മളുടെ ഗേറ്റുകൾ തൊട്ടപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന വീട്ടുകാർക്ക് കൂടി തുറന്നു കൊടുക്കുക എന്ന് പറയുന്ന ഒരു വിശാലതയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന വളരെ ഹൃദ്യമായിട്ടുള്ള സർഗ്ഗാത്മകമായിട്ടുള്ള ഒരു സൃഷ്ടി പ്രക്രിയ പോലെയാണ് വീട്ടുമുറ്റം പരിപാടികൾ എനിക്ക് തോന്നിയിട്ടുള്ളത്.

അലങ്കാരങ്ങൾ ഇല്ലാത്ത ഉമ്മറപ്പടികളിൽ ഇരുന്ന് ചായക്കോപ്പയിലെ ആവി പറക്കുന്ന ചർച്ചകളിലൂടെ ആലക്കോട്ടെ ഈ മനുഷ്യർ ഒരു വലിയ സാംസ്കാരിക മുന്നേറ്റമാണ് നടത്തുന്നത്. അക്ഷരങ്ങൾ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളാണെന്ന് ഈ വീട്ടുമുറ്റങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇനിയും ഒരുപാട് മുറ്റങ്ങളിൽ ഈ വസന്തം പടരട്ടെ. ഉമ്മറത്തുണരുന്ന അക്ഷര വസന്തം. ഇന്നത്തെ ജാലകം ഇവിടെ പൂർണ്ണമാകുന്നു.

നിർവഹണം: വിനോദ് ബാബു എച്ച്. കൂടെ സി. സീമ. — ജാലകം, ആകാശവാണി കണ്ണൂർ

🎬 ശബ്ദരേഖ കേൾക്കാം