പ്രിയരേ, സാമാന്യവും വിശേഷവും തമ്മിൽ സവിശേഷമായ വ്യത്യാസമുണ്ട് എന്ന് തിരിച്ചറിവ് നൽകിയ ഒരു കൂടിച്ചേരൽ — അതായിരുന്നു നമ്മുടെ പരിപാടി എന്ന് തോന്നി. അങ്കണ മാവും പരിസരവും മാറ്റുകൂട്ടി. അതുകൊണ്ടുതന്നെ ആവാം പ്രാസംഗികൻ ഇടയ്ക്കിടെ മാവിനെയും അതിന്റെ ഇലകളെയും ഉദാഹരണമാക്കി. ഇടയ്ക്ക് ഒരു കണ്ണിമാങ്ങ അടർന്നു അടുത്തിരുന്ന എന്റെ സുഹൃത്തിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അദ്ദേഹം അതിനെ താഴെ വീഴാൻ അനുവദിക്കാതെ കൈകളിൽ സ്വീകരിച്ച് മാവിനെ നോക്കി പുഞ്ചിരിച്ചു.
നമ്മളെല്ലാം ധാരാളം അനുഭവങ്ങൾ ഉള്ളവരാണ്. അതിന്റെ പേരിൽ അഭിമാനിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നവരും ആണ്. എന്നാൽ ഓരോ അനുഭവവും വ്യത്യസ്തമാണെന്നും അപരാനുഭവത്തിലേക്ക് നിരന്തരമായ മനുഷ്യന്റെ കടന്നുനിൽപ്പാണ് കല എന്നും കേട്ടപ്പോൾ പുതിയ വെട്ടം കത്തി. മാത്രമല്ല, പ്രണയം എന്ന ഒരു അനുഭവം അതിന്റെ വ്യത്യസ്ത രൂപങ്ങൾ ‘കരുണ’യിലും ‘മതിലുകൾ’യിലും ഒക്കെ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന് ഉദാഹരിച്ചപ്പോൾ കൂടുതൽ വ്യക്തമായി.
അനുഭവമാണ് അനുഭവത്തെ സാമാന്യത്തിൽ നിന്നും വിശേഷത്തിലേക്ക് കൊണ്ടുവരുന്നതാണ് കല. അതുമല്ല, നമ്മുടെ അനുഭവങ്ങളുടെ പരിധിയെ അത് പൊട്ടിക്കുകയോ വിസ്തൃതമാക്കുകയോ ചെയ്യുന്നു. ഓരോ കലാസൃഷ്ടിയും അനുഭവത്തെ ആശയമാക്കി പെരിപ്പിച്ചെടുക്കുന്നതാണെന്നും മനസ്സിലായി.
ജനാധിപത്യം മഹത്തായ ആശയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ എന്തുകൊണ്ട് ജനാധിപത്യത്തിന്റെ പ്രസക്തി കുറയുന്നു എന്നതിനെക്കുറിച്ചും ധാരണ ലഭിച്ചു. ഇവിടെ തെരഞ്ഞെടുക്കപ്പെടുന്നവന്റെ ജനാധിപത്യമായി മാത്രം മാറുന്ന അവസ്ഥയാണ്. “മനുഷ്യർ വ്യത്യസ്തരായിരിക്കാനും അതിന്റെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനും കഴിയുക” എന്ന മാഷിന്റെ നിരീക്ഷണം ഏറെ ആഴമുള്ളതായി തോന്നി.
എല്ലാ വ്യത്യസ്തതകൾക്കും തുല്യ അവകാശം ലഭിക്കുന്ന ഇടം — അതുതന്നെയല്ലേ യഥാർത്ഥ ജനാധിപത്യം? അതുപോലെ നമ്മുടെ കൂട്ടായ്മ തന്നെ അതിന്റെ ഒരു മികച്ച ഉദാഹരണമാണ്.
കാര്യങ്ങൾ സാമാന്യമായി മനസ്സിലാക്കുകയാണ് ലോകത്തിന്റെ സ്വഭാവം. എന്നാൽ സാമാന്യത്തിൽ മാത്രം നിൽക്കുമ്പോൾ യാഥാർത്ഥ്യത്തിന്റെ ആഴം മനസ്സിലാകില്ല. വിശുദ്ധ ഗ്രന്ഥങ്ങൾ മനുഷ്യ മോചനത്തെ പ്രഘോഷിക്കുന്നത് ആത്മീയതയിലൂടെ ആണ്. എന്നാൽ മികച്ച കലാസൃഷ്ടികൾ മനുഷ്യന്റെ മനസ്സിന്റെ മോചനത്തിന് വഴിയൊരുക്കുന്നു.
കലാസൃഷ്ടികൾ ഒരേ അനുഭവത്തിന്റെ വ്യത്യസ്ത രൂപങ്ങൾ കാണിച്ചുതരുന്നു. ഭാഷയിൽ നിന്ന് പിൻവാങ്ങിപ്പോയ യാഥാർത്ഥ്യത്തെ തിരിച്ചുകൊണ്ടുവരുന്നു. ഈ അനുഭവങ്ങളെ ആസ്വദിക്കുന്നവന് വ്യക്തിപരമായൊരു മോചനം ലഭിക്കുന്നു.
ചുരുക്കി പറഞ്ഞാൽ, മതഗ്രന്ഥങ്ങൾ ആത്മീയതയിലൂടെ മോചനത്തെ ലക്ഷ്യമിടുമ്പോൾ, കലാസൃഷ്ടികൾ അനുഭവങ്ങളിലൂടെ മനുഷ്യനെ മോചിപ്പിക്കുന്നു. കലക്കും ഒരു രാഷ്ട്രീയം ഉണ്ട് — അത് നമ്മിൽ നിന്നുള്ള നമ്മുടെ തന്നെ വിടുതലാണ്.
ഡോ. സുനിൽ പി. ഇളയിടം മാഷിന്റെ ഭാഷ മനസ്സിലേക്ക് കടക്കുന്നതും അതിന്റെ വാതിൽ തുറക്കുന്നതും ശ്രദ്ധിക്കേണ്ടതായിരുന്നു. പ്രൗഢമായ സദസ്സ് അതിനെ ഹൃദയപൂർവ്വം സ്വീകരിച്ചു. കലയെയും മനുഷ്യനെയും തിരിച്ചറിയാൻ ചിലവഴിച്ച ഈ സമയം നമ്മെ ഗുരുവിനെയും, കുമാരനാശാനെയും, കടമ്മനിട്ടയെയും കൂടുതൽ അടുത്തറിയാൻ സഹായിച്ചു.
പതിവുപോലെ ഈ വീട്ടുമുറ്റ ചർച്ച പുതിയ അനുഭവങ്ങൾ നൽകി. ഓരോ വീട്ടുമുറ്റവും വ്യത്യസ്തമാണ്, ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ‘അപരന്നു വേണ്ടിക്കൂടി അഹർനിശം പ്രയത്നം ചെയ്യുക’ എന്ന ഓർമ്മപ്പെടുത്തലായി ഈ കൂടിച്ചേരൽ മാറി.
എല്ലാവർക്കും സ്നേഹം 😍