സുപ്രഭാതം പ്രിയരേ. ഇന്നലത്തെ സായാഹ്നം എല്ലാ വിധത്തിലും വടക്കനാട്ടു വീട്ടിലെത്തിയ ഏവർക്കും മനോഹരമായ ഒന്നായി മാറി. സക്കറിയാസ് ചേട്ടൻ പറഞ്ഞത് പോലെ ഗംഭീരം എന്നല്ലാതെ മറ്റൊരു വാക്ക് ഇന്നലത്തെ നമ്മുടെ പരിപാടിയെ വിശേഷിപ്പിക്കാൻ ഇല്ല.
തുടങ്ങാൻ അൽപ്പം വൈകിയിട്ടും രാത്രി ആയിട്ടും വന്ന ആളുകളിൽ 70% വും പരിപാടി തീരും വരെ ഉണ്ടായിരുന്നുവെന്നത് വലിയ കാര്യമാണ്.
ഭാഷയെയും സംസ്കാരത്തെയും കീഴടക്കി കൊണ്ട് അധികാരം ഒരു ഏക രൂപമായ ദേശീയത നിർമ്മിച്ച് കൊണ്ടിരിക്കുന്നതിനെ ഏത് വിധം പ്രതിരോധിക്കാം എന്നും, ആ പ്രതിരോധത്തിന് നമ്മുടെ വീട്ടുമുറ്റം എങ്ങനെ ഊർജം പകരുന്നു എന്നും കൃത്യമായ രാഷ്ട്രീയ ജാഗ്രതയോടെ അവതരിപ്പിച്ച ആമുഖ പ്രസംഗത്തിലൂടെ തന്നെ സന്തോഷ് ഏച്ചിക്കാനം ആലക്കോടുക്കാരുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നുവെന്ന് പറയാം.
ഇതിന് മുമ്പ് സന്തോഷ് ഏച്ചിക്കാനത്തിനെ കാണുമ്പോൾ ഉണ്ടായിരുന്ന ചെറിയ ഗൗരവ ഭാവം ഇന്നലെ വെടിഞ്ഞ്, നമ്മിൽ ഒരാളായി മാറിയ അനുഭവം തന്നെയായിരുന്നു.
ആമുഖ പരിപാടികൾക്ക് ശേഷം നടന്ന സംവാദത്തിൽ ഓരോ ചോദ്യങ്ങൾക്കും സമയമെടുത്ത് അനുഭവങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും പിന്തുണയോടെ പറഞ്ഞ മറുപടികൾ ഒരോന്നും ഓരോ നിലപാടുകൾ തന്നെയായിരുന്നു (ചില നിലപാടുകളോട് വിയോജിപ്പ് ഉണ്ടായി എങ്കിലും).
നമ്മുടെ വീട്ടുമുറ്റത്തേക്ക് സാഹിത്യ മേഖലയിലെ പലരും എത്തിയതും റീഡേഴ്സ് ഫോറത്തിനൊരു അഭിമാന നിമിഷമായി.
സജി സാറും രതി ടീച്ചറും നൽകിയ ആത്മാർത്ഥമായ അതിഥിസൽക്കാരവും, ടീച്ചറുടെ സ്വാഗത പ്രസംഗവും പ്രത്യേകമായി എടുത്തുപറയേണ്ടതാണ്.
ആൻ്റണി സാറിൻ്റെ പാട്ടും അതിനൊപ്പം കിട്ടിയ ചായ, ഉഴുന്നുവട, ഉണ്ണിയപ്പം എന്നിവയും പരിപാടിയെ കൂടുതൽ മധുരകരമാക്കി.
എന്തുകൊണ്ടും 2025ൻ്റെ യാത്ര പറയലിന് മുമ്പ് ഇങ്ങനെ ഭംഗിയായ ഒരു സായാഹ്നം സാധ്യമാക്കിയ ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
എല്ലാവർക്കും സ്നേഹം ❤️
വളരെ മനോഹരമായ അനുഭവമായിരുന്നു ഇന്നലത്തെ വീട്ടുമുറ്റ ചർച്ച സായാഹ്നം. വിശദമായ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ പ്രോഗ്രാം മിസാറു വിലെ ആദ്യചോദ്യോത്തരം വരെ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും എല്ലാവരും പറഞ്ഞതുപോലെ ഭാഷയും സംസ്കാരവും ഒക്കെ വെട്ടി മാറ്റി വൈവിധ്യങ്ങളെ ഏകത്വത്തിൽ എത്തിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് നിലപാടുകൾ നിലനിർത്തിയുള്ള സംസാരം അതീവ ഹൃദ്യമായിരുന്നു.
അദ്ദേഹത്തിന്റെ കഥയിലെ പാഹറിന്റെ മരണത്തോളം കൂടെയെത്തിയ വിശപ്പിനെ കുറിച്ച് ചോദിക്കണമെന്ന് കരുതിയെങ്കിലും അത്യാവശ്യം ഉള്ളതുകൊണ്ട് നേരത്തെ പോരേണ്ടി വന്നതുകൊണ്ട് ചോദിക്കാൻ പറ്റിയില്ല. ശേഷം കാഴ്ചകളും വിശേഷങ്ങളും ഗ്രൂപ്പിലൂടെ കണ്ടു.
മികച്ച പങ്കാളിത്തത്തോടെയുള്ള പരിപാടി ഗംഭീരമായതിൽ സന്തോഷം. അണിയറയിലും അരങ്ങത്തും പ്രവർത്തിച്ചവർക്കും രതി ടീച്ചറിനും കുടുംബത്തിനും അഭിനന്ദനങ്ങൾ 💐💐