അനുസ്മരണം: പി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്കാര സമർപ്പണവും

24/08/2025

സർഗവേദി റീഡേഴ്‌സ് ഫോറം

ആസ്വാദനകുറിപ്പ്

ആസ്വാദനക്കുറിപ്പ്

– സക്കറിയാസ് കെ ജെ

ഇന്നത്തെ പരിപാടി ഗംഭീര വിജയമായിരുന്നു എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വലിയ പങ്കാളിത്തം, ചിട്ടയായ, സമയബന്ധിത |മായ പരിപാടികൾ ... ഓമന ടീച്ചർ പഠിച്ച് തികച്ചും ആധികാരികമായി സംസാരിച്ച സ്വാഗത പ്രസംഗം തന്നെ നല്ലൊരു എൻട്രിയായി. സന്തോഷ് മാഷും, സുരേഷ് ബാബുസാറും, രാജു ജോസഫും, പ്രിയാരാധാകൃഷ്ണനുമൊക്കെ തങ്ങളുടെ ഉത്തരവാദിത്വം വളരെ കൃതൃതയോടെ, ആധികാരികത നിലനിർത്തി നിർവ്വഹിച്ചു.

ജോഷിയും, ജോർജ് സാറും, പ്രദീപ് സാറുമൊക്കെ ആറ്റിക്കുറുക്കി കൃത്യതയോടെ സംസാരിച്ചു. പ്രദീപ് സാറിൻ്റെ ശബ്ദം തൊല്ലൊരസൂയയോടെയാണ് കേട്ടിരുന്നത്. പട്ടാളത്തിൽ പോയതിൻ്റെ ഗുണമാവാം ... മൈക്കിൽ എന്തൊരു പെർഫക്ഷനാണ് ആ ശബ്ദത്തിന് (ഞാൻ കണ്ണു വച്ചിരിക്കുന്നു🤭)

പിന്നെ, നമ്മുടെ 'മുതലിൻ്റെ' സംഘാടനത്തെക്കുറിച്ച് സംസാരത്തേക്കുറിച്ച് ഒക്കെ എന്തു പറയാൻ... 100% 'പ്രസാദാത്മകം'...😀 പാട്ടുകൾ എല്ലാം മനോഹരമായി. ജ്യോതി ടീച്ചർ ഇന്നു കൂടുതൽ തിളങ്ങിയോ? വിനോയ് തോമസെന്ന പച്ച മനുഷ്യൻ്റെ സിംപ്ലിസിറ്റിയെക്കുറിച്ച് ഒക്കെ എന്തു പറയാൻ... ഇ.സന്തോഷ് കുമാറിൻ്റെ ജ്ഞാനം ഭാരമുള്ളതു തന്നെയെന്ന് ആ വാക്കുകൾ വ്യക്തമാക്കി.

പിന്നെ, ഒരു സങ്കടം ... ഞാനാ നഗ്ന യാഥാർത്ഥ്യം ദിഗന്തങ്ങൾ നടുങ്ങുമാറ് ഉച്ചത്തിൽ വിളിച്ചു പറയും... ഇതുവരെ എനിക്കൊരു പുസ്തകഭാഗ്യം കിട്ടിയില്ല, കാത്തിരുന്ന് കാത്തിരുന്ന് ഞാൻ മെലിഞ്ഞു.... എന്നു മാത്രം...😀ഞാനത്രയും നിർഭാഗ്യവാനോ?

ഖലീലിനെ ഞാൻ വിട്ടുപോയി. കുറഞ്ഞ വാക്കുകൾ ... കൃത്യം ...സൗമ്യം... ജയശ്രീ ടീച്ചറുടെ നന്ദി പ്രകാശനവും എടുത്തു പറഞ്ഞേ മതിയാവൂ. കടമനിർവ്വഹിക്കയായിരുന്നില്ല ... കാതലും കരുത്തുമുള്ളത്.


– ജ്യോതി സ്മിജേഷ്

ആദ്യം മുതൽ അവസാനം വരെ ഇരുന്ന് കേൾക്കുകയും കാണുകയും ചെയ്ത ഇന്നത്തെ തങ്കപ്പൻ മാസ്റ്റർ അനുസ്മരണ ചടങ്ങും പുരസ്കാര സമർപ്പണവും വളരെ നന്നായിരുന്നു... ജയശ്രീ ടീച്ചറിന്റെ സ്വാഗത ഗാനം മുതൽ ശ്രീ.വിനോയ് തോമസ് ... അദ്ദേഹത്തിൻ്റെ നർമ്മത്തിൽ ചാലിച്ച മറുപടി പ്രസംഗവും അവസാനം ജയശ്രീ ടീച്ചറുടെ തന്നെ നന്ദിയും🥰 ഇന്നത്തെ പരിപാടിയുടെ മാറ്റ് കൂട്ടി... വിശിഷ്ടാതിഥികളുടെ പല രചനകളുടെ വിവരണങ്ങൾ നൽകിയതും വായിച്ച ഫീലിംഗ് കിട്ടി...

അല്ലെങ്കിലും സർഗ്ഗവേദിയുടെ പരിപാടികൾ ഒന്നിനൊന്നു മികച്ചതല്ലേ✌️✌️👍👍🥰🥰

എനിക്കും ഇത് വരെ നറുക്കെടുപ്പിൽ പുസ്തകം കിട്ടിയിട്ടില്ല😔


– ജിതേഷ് കമ്പല്ലൂർ

ചെറുപുഴയിൽ നിന്നും ബസിൽ കാഴ്ചകളൊക്കെ കണ്ട് പാട്ടും കേട്ട് ആലക്കോടേക്കുള്ള യാത്ര ഒരു സുഖമാണ്. ഞായറാഴ്ചയാണ് പരിപാടിയെങ്കിൽ ബസ്സിന്റെ കാര്യത്തിൽ അല്പം ആശങ്ക ഉണ്ടാവാറുണ്ട്. അത്ര ദൂരം സ്കൂട്ടർ ഓടിക്കാൻ മടി. അല്പം വൈകിയാണെങ്കിലും ഇന്ന് ബസ് കിട്ടി. സ്വാഗതം കഴിഞ്ഞപ്പോഴേക്കും എത്തി. പിൻനിരയിൽ ഇരുന്നാൽ രണ്ടുണ്ട് ഗുണം. വൈകി വന്നത് ആരും അറിയില്ല. നേരത്തെ ഇറങ്ങുന്നതും ആരും ശ്രദ്ധിക്കില്ല. ചായയും കടിയും കിട്ടാൻ അല്പം താമസിക്കുമെന്ന് മാത്രം. അണു വിട തെറ്റാത്ത പ്രസാദ് മാഷിന്റെ സംഘാടന മന്ത്രത്തെ വിശ്വസിച്ചാണ് ഇരുന്നത്. തിരികെ വരാനുള്ള ബസ്സുകൾ കുറവാണ്. 6½ ലക്ഷ്യം വെച്ച് ഇരുന്നു. ചിറ്റടി മാഷിന്റെ കൂടെ പോക്കുവരവ് ആകാമെന്ന് ആലോചിച്ചിരുന്നു. വേദിയിൽ ഇടംകിട്ടി ശോഭിക്കുന്ന മനുഷ്യനെ വെറുതെ ബുദ്ധിമുട്ടിക്കേ ണ്ടെന്ന് മുൻകൂട്ടി കരുതി ഒന്നും മിണ്ടിയതേയില്ല. പിൻ നിരയിലിരിക്കുമ്പോൾ, പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എ ആർ പ്രദീപേട്ടന്റെ ചിരി സ്വാഗതത്തിന്റെ പൂവ് നൽകി.

ഓരോ ഭാഷണവും ഇടയ്ക്കിടയ്ക്ക് എത്തുന്ന പാട്ടും സദസ്സിന് ആനന്ദാന്തരീക്ഷം പകർന്നു. ഗംഭീര പങ്കാളിത്തം. അനന്തമായി നീളാത്ത പ്രസംഗങ്ങൾ. തൊണ്ണൂറാമതായി ഹാജരിൽ ഒപ്പിട്ടിരുന്നു.

6 മണി ആയപ്പോൾ അധികമാരും അറിയാതെ പിറകിലൂടെ മുങ്ങാമെന്നു കരുതിയപ്പോ ഉള്ളിൽ നിന്നും കിലുക്കത്തിലെ ഇന്നസെന്റ് പുറത്തിറങ്ങി, "അടിച്ചു മോനേ.."

90 ജിതേഷ് കമ്പല്ലൂർ.

ഒരു വൈബ്രേഷൻ. ആദ്യമായാണ് നറുക്കെടുപ്പിൽ പുസ്തകം കിട്ടുന്നത്. അതും എഴുത്തുകാരൻ ഇ സന്തോഷ് കുമാർ സ്വന്തം കയ്യൊപ്പിട്ട് തരുന്നു. ഒപ്പം തങ്കപ്പൻ മാസ്റ്റർ പുരസ്കാരം നേടിയ നിലാവുള്ള ചിരിയണിഞ്ഞ എഴുത്തുകാരൻ വിനോയ് തോമസും. ഭാഗ്യപുസ്തകത്തിന് ചുറ്റും ചിരിക്കുന്ന കണ്ണുകൾ. പിന്നിലിരുന്നയാളെ ഭാഗ്യം മുന്നിലെത്തിച്ചു.

വിനോയ് തോമസിന്റെ പ്രസംഗം രസം പിടിച്ചു വരുമ്പോൾ ആറരയായി. സരസമായ പ്രസംഗത്തിന്റെ രസചരട് പൊട്ടിച്ച് പടിയിറങ്ങി ഓടി ബസ് പിടിച്ചു. വരാതിരുന്നെങ്കിൽ നഷ്ടമാകുമായിരുന്ന മനോഹരമായ രണ്ടു മണിക്കൂറുകൾ സ്വന്തമാക്കിയതിന്റെ നിർവൃതിയിൽ സൈഡ് സീറ്റിൽ ചാരിയിരുന്നു.

മഴയൊഴിഞ്ഞ ആകാശത്ത് വെൺ മേഘങ്ങൾ ചുരുളഴിക്കുന്നു.

ബസ്സിന്റെ പിറകിലെ സീറ്റിൽ ഒരു ചുരുളിയും.

ബസ് നീങ്ങി വീണ്ടും കാഴ്ചകൾ പാട്ടുകൾ...


– ഷിജിൽ എം പി

കുറച്ചു കാലമായി ഞാൻ ശ്രദ്ധിക്കുന്ന എഴുത്തുകാരനായിരുന്നു വിനോയി തോമസ്. എൻ്റെ വിദ്യാഭ്യാസകാലഘട്ടത്തിൽ ഞാൻ അത്യാവശ്യം വായിക്കുമായിരുന്നെങ്കിലും ജോലിത്തിരക്കുകൾ വന്നതോടെ വായന പാടേ നിന്നു പോയി. അതിനിടയിൽ പരിചയമില്ലാത്ത കുറേ എഴുത്തുകാർ വന്നു. പഴയ എഴുത്തുകാരെ വായിക്കുകയും അവരുടെ രചനാശൈലികളിലൂടെ പോയ ഒരു അനുഭവം ഉള്ളതുകൊണ്ടു കൊണ്ടും പുതിയ എഴുത്തുകാരിൽ ഒരു ആകർഷണം തോന്നിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് വിനോയ് തോമസിൻ്റെ മുള്ളരഞ്ഞാണം ഈ ഗ്രൂപ്പിൽ ചർച്ചയ്ക്കു വന്നത്. ആലക്കോട് ലൈബ്രറിയിൽ നിന്ന് വളരെ കാലം മുൻപ് കൊടുത്ത പുസ്തകം തിരിച്ചേൽപ്പിക്കാൻ പോയപ്പോൾ ഈ പുസ്തകം കാണുകയും വാങ്ങി വായിക്കുകയും ചെയ്തു. അപ്പോഴാണ് ഇന്നും നല്ല എഴുത്തുകാരുണ്ടെന്ന് എനിക്ക് മനസിലായത്. മുള്ളരഞ്ഞാണം മുഴുവൻ വായിച്ച ആവേശത്തിലാണ് പുറ്റ് വാങ്ങിയത്. പക്ഷേ, അതിൻ്റെ വലിപ്പം കൊണ്ട് പാതിവഴിയിൽ നിന്നു പോയി... 😓

ഇ സന്തോഷ് കുമാറിനെ ഞാൻ ഇതുവരെ വായിച്ചിട്ടില്ല. അത് ഒന്ന് ശ്രമിക്കണം എന്ന് വിചാരിക്കുന്നു.

സാധാരണ ഞാൻ ഒരു പരിപാടിയിലും മുന്നിൽ വന്നിരിക്കാറില്ല. പക്ഷേ ഇത്.... വന്നിരുന്നേ പറ്റൂ എന്നായി 😊

രാജുസാറിൻ്റെയും പ്രിയ ചേച്ചിയുടെയും സുരേഷേട്ടൻ്റെയും പുസ്തകാവതരണം നന്നായിരുന്നു. സജ്ന ടീച്ചറുടെയും ജ്യോതി ടീച്ചറുടെയും കവിതാലാപനവും കൊള്ളാം. പ്രസാദ് മാഷിൻ്റെ നേതൃത്വത്തിലുളള സംഘാടനം അടുത്തറിയാൻ പറ്റി. വിട്ടു പോയ കാര്യങ്ങൾ ഇടയ്ക്ക് പൂരിപ്പിക്കുന്നത് ശ്രദ്ധിച്ചു.

വിനോയി തോമസ് പറഞ്ഞ അവസാന കഥ വല്ലാതെ സ്പർശിച്ചു. ഇന്നത്തെ കുട്ടികൾക്ക് കുട്ടിക്കാലം എന്നൊന്നില്ല എന്ന് ഇതിലും നന്നായി എങ്ങനെ പറയാൻ പറ്റും.... ഇന്നു ജനിക്കുന്ന ഓരോ കുട്ടിയും ജനനം മുതൽ മുതിർന്നവരാണ്.

CA പരീക്ഷ ആദ്യ തവണ തന്നെ എഴുതിയെടുത്ത ശ്രേയ ജിജിയെ അനുമോദിച്ചതും നന്നായിരുന്നു. IAS Exam പോലെ തന്നെ എഴുതിയെടുക്കാൻ പ്രയാസമുള്ളതാണ് CA Exam എന്ന് കേട്ടിട്ടുണ്ട്.

സ്വാഗത പ്രസംഗം, അധ്യക്ഷത, രണ്ടു പേരുടെയും രചനാ ലോകത്തെ പരിചയപ്പെടുത്തൽ, നന്ദി പ്രകാശനം എല്ലാം സൂപ്പർ. ഇനി എല്ലാപരിപാടിയും ഇങ്ങനെ നന്നായി നടക്കട്ടെ.... 👍

(അവസാനം വിനോയി തോമസിൻ്റെയും ഇ സന്തോഷ് കുമാറിൻ്റെയും കൂടെ ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല. പെട്ടെന്ന് ഇറങ്ങേണ്ടി വന്നു. അത് മാത്രം ഒരു നഷ്ടമായി അവശേഷിക്കുന്നു.)